Connect with us

Articles

കടുകുമണിയല്ല ജി എം വിത്ത്‌

Published

|

Last Updated

പുഴയോര ദേശങ്ങളിലെ ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ നടത്തുന്ന നെല്‍കൃഷിക്ക് ഏറെ പേരും പെരുമയുമുണ്ട്. തെക്കന്‍ ജില്ലകളില്‍ പൊക്കാളിയെന്നും വടക്കോട്ട് കയ്പ്പാടെന്നും പേരുള്ള ഇത്തരം നെല്‍കൃഷിയിലെ വിത്തും വിളവും വേറിട്ട രീതിയിലുള്ളതാണെന്ന് “കയ്പ്പാടുകളെ” പരിചയപ്പെട്ടവര്‍ക്ക് തിരിച്ചറിയാനാകും. ചൊവ്വരിയന്‍, ഓര്‍ക്കയമ്മ, കുതിര് തുടങ്ങി ഉപ്പിനെ ചെറുക്കാന്‍ കഴിവുള്ള സവിശേഷയിനം പരമ്പരാഗത നെല്‍വിത്തുകളുപയോഗിച്ചു നടത്തുന്ന, വളമോ കീടനാശിനിയോ വേണ്ടാത്ത ഇത്തരം കൃഷിയുടെ പ്രാധാന്യം അടുത്ത കാലത്താണ് നാം തിരിച്ചറിഞ്ഞത്. ഒരു കയ്പ്പാട് കര്‍ഷകന്റെ അനുഭവ വിവരണമാണ് ഇനി ഇതോടൊപ്പം ചേര്‍ത്തു വെക്കുന്നത്:

കയ്പ്പാട്ടില്‍ കൃഷി ചെയ്യുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങളില്‍ ഗവേഷണം നടത്തി കണ്ടെത്തിയ പുതിയ ഒരിനം വിത്ത് ഇദ്ദേഹം ഉപയോഗിച്ച് കൃഷിയിറക്കി. നല്ല വിളവു നല്‍കുമെന്ന് തെളിയിക്കുന്ന തരത്തില്‍ നെല്ല് വിരിഞ്ഞു വിളഞ്ഞു തുടങ്ങി. പുതിയ നെല്‍വിത്തിന്റെ ഗുണമേന്മ നാടെങ്ങും പരന്നു. പക്ഷേ, കൃഷിയിടത്തില്‍ ചെറിയൊരു പോരായ്മ കര്‍ഷകന്‍ കണ്ടെത്തി. മുമ്പെങ്ങും കാണാത്ത രീതിയില്‍ വിള തിന്നാന്‍ വന്‍ പക്ഷിക്കൂട്ടമെത്തുന്നു. വിളവില്‍ നല്ലൊരു പങ്കും പക്ഷികള്‍ ഇരയാക്കുന്നു. കാരണമറിയാന്‍ അയാള്‍ക്ക് ഏറെ സമയമൊന്നും വേണ്ടി വന്നില്ല. വിളഞ്ഞ നെല്ലിനു മുകളില്‍ സൂചിമുന പോലെ കൂര്‍ത്ത, പക്ഷികളെ പേടിപ്പിക്കാന്‍ പോന്ന ചെറിയൊരടയാളമുണ്ടായിരുന്നത് ഇപ്പോഴില്ല. പുതുതായി കണ്ടുപിടിച്ച വിത്തിന് പഴയ നെല്ലിന്റെ ആ “ശത്രുസംഹാരശേഷി” നഷ്ടപ്പെട്ടു പോയിരുന്നു. “സൂചിമുന” ഇല്ലാത്തത് പക്ഷിക്കൂട്ടം എളുപ്പം മനസ്സിലാക്കുകയും ചെയ്തു. പഴയതും പുതിയതുമായ വിത്തിനങ്ങളുടെ ഗുണവ്യത്യാസമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടത്.നമ്മുടെ നാട്ടില്‍ കണ്ടുപിടിക്കുന്ന പുതിയ ഇനം വിത്തുകളെല്ലാം ഗുണമില്ലാത്തവയെന്നല്ല ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകളില്‍ പോലും നാം കാണാത്ത രീതിയിലുള്ള ചില ചെറിയ ന്യൂനതകള്‍ കണ്ടേക്കാമെന്നാണ് കര്‍ഷകന്റെ അനുഭവ വിവരണം സാക്ഷ്യപ്പെടുത്തുന്നത്. വിത്തിറക്കുന്നതിലും വിളവു കൊയ്യുന്നതിലുമെല്ലാം നമ്മളെക്കാള്‍ എത്രയോ അറിവും അനുഭവവുമുള്ള ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. നമ്മുടെ മണ്ണും കാലാവസ്ഥയുമെല്ലാം പരിശോധിച്ച് നമ്മുടെ നാട്ടില്‍ ഗവേഷണം നടത്തിയുണ്ടാക്കുന്ന വിത്തിനങ്ങള്‍ക്കു പോലും ചിലപ്പോള്‍ പൂര്‍ണതോതിലുള്ള വിജയമുണ്ടാകില്ലെന്ന് തന്നെയാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
ഇയൊരു സാഹചര്യത്തിലാണ് ബഹുരാഷ്ട്ര കമ്പനികളുടെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ വരവ് നമ്മെ ഭയപ്പെടുത്തുന്നത്. വിത്തിന് ചെറിയൊരു മാറ്റമുണ്ടായാല്‍ പോലും അത് വിളകളെ ഏതൊക്കെ തരത്തിലാണ് ബാധിക്കുകയെന്ന് പൂര്‍ണമായും കണ്ടെത്താന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്ക് ഇപ്പോഴും കഴിയുന്നില്ലെന്നാണ് നാട്ടനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. ഇത്തരം അനുഭവങ്ങളില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിത്ത് ബാങ്ക് എന്ന ആശയത്തിന് രൂപം നല്‍കുകയും പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിന് പദ്ധതിയൊരുക്കുകയും ചെയ്തത്.
എന്നാല്‍, ജനിതകമാറ്റം വരുത്തിയ വിത്ത് കൃഷി ചെയ്ത് വാണിജ്യാവശ്യത്തിനുള്ള ഉത്പാദനം ലക്ഷ്യമിട്ട് നീങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ അത് എന്ത് ലക്ഷ്യമിട്ടാണെന്ന ആശങ്കയാണ് ഉയര്‍ത്തുന്നത്. നമ്മുടെ മണ്ണിനെയും കൃഷിയെയും കൃഷിക്കാരെയുമെല്ലാം ബഹുരാഷ്ട്ര കമ്പനിക്ക് അടിയറവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല. കര്‍ഷകരും മണ്ണിനെ സ്‌നേഹിക്കുന്നവരും രാജ്യവ്യാപകമായി ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താണ്? എന്തു തന്നെയായാലും ജനിതക വിത്തുകളെ പുറത്താക്കാനുള്ള കേരളത്തിന്റെ തീരുമാനം ധീരവും അഭിനന്ദനാര്‍ഹമാണെന്നു പറയാതെ വയ്യ. ജനിതകമാറ്റം വരുത്തിയ കടുക് അംഗീകരിക്കാനുള്ള കേന്ദ്രനയം രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും ഇതിനെതിരെ സമാന നിലപാടുള്ള സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുമായി ചര്‍ച്ച നടത്തി ദേശീയതലത്തില്‍ പ്രതിരോധ പരിപാടികള്‍ക്ക് കേരളം മുന്‍കൈ എടുക്കുമെന്നും നേരത്തെ തന്നെ നമ്മുടെ കൃഷി മന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. കേന്ദ്ര നീക്കത്തെ എതിര്‍ത്ത് കടുക് സത്യാഗ്രഹം ഉള്‍പ്പടെ സംഘടിപ്പിച്ച് കേരളത്തിലെ സന്നദ്ധ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ തന്നെ കാര്‍ഷിക മേഖലയില്‍ എത്തരുതെന്നതാണ് സംസ്ഥാന കൃഷിവകുപ്പിന്റെ നിലപാടെന്നതും ആശ്വാസകരമാണ്.

കാര്‍ഷിക മേഖലയില്‍ വന്‍തോതില്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനോ പുരോഗതി നേടാനോ സാധ്യമല്ല. എന്നാല്‍ അതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കാര്‍ഷികമേഖലയെ ഏതു തരത്തിലാണ് ബാധിക്കുകയെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക പുരോഗതി കരുതലില്ലാതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉയര്‍ന്നു വരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ എത്തരത്തിലുള്ളവയാണെന്ന ാണ് നാം പ്രത്യേകം കണ്ടെത്തേണ്ടത്. ജൈവസാങ്കേതിക വിദ്യയുടെ നിര്‍വചനം തന്നെ മനുഷ്യരുടെ നന്മയാണെന്നിരിക്കെ, ജനിതകവിത്തു സംബന്ധിച്ച വിഷയത്തില്‍ അതുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടത്. സങ്കരയിനം പഴങ്ങളും പച്ചക്കറികളും വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥതയുള്ളതാണ് ജനിതകമാറ്റം വരുത്തിയ വിളകളും വിത്തുകളുമെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യത്തിന്റെ ജീനുകളില്‍ മാറ്റം വരുത്തിയാണ് ജി എം വിള ഉണ്ടാക്കുന്നത്. ബാക്ടീരിയയും വൈറസുകലും ഉപയോഗിച്ച് ഒരു വിത്തിന്റെ ഘടന തന്നെ മാറ്റിയാണ് വിളകകളുടെ സൃഷ്ടി നടത്തുക. ഒന്നര പതിറ്റാണ്ട് മുമ്പാണ് കമ്പോളത്തില്‍ ജനിതക വിളകള്‍ എത്തിത്തുടങ്ങിയത്. ചോളവും പരുത്തിക്കുരുവും സൊയാബീനും പോലുള്ള സാധങ്ങള്‍ ആണ് ആദ്യമെത്തിയത്. പ്രത്യേക കാലാവസ്ഥകളില്‍ വളരാനും കീടങ്ങളുടെ ആക്രമണ സാധ്യത കുറക്കാനുമുള്ള കഴിവ് ഇത്തരം വിളകള്‍ക്കുണ്ടെന്നാണ് അന്ന് മുതല്‍ പറഞ്ഞു തുടങ്ങിയത്. പോഷകസമ്പുഷ്ടമായ വിളകളെന്നും ഉത്പാദകരായ ബഹുരാഷ്ട്ര കമ്പനികള്‍ അവകാശപ്പെട്ടു. ഭക്ഷ്യദൗര്‍ലഭ്യം കുറക്കാനാവുമെന്നും അമിതമായി രാസവളങ്ങളും രാസകീടനാശിനികളും ചേര്‍ത്തുള്ള കൃഷിരീതി ഒഴിവാക്കാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. ഭക്ഷ്യവിളകളില്‍ ആദ്യമായി വിപണിയിലെത്തിയ ജി എം ഫുഡ് അമേരിക്കയിലെ “ഫ്‌ളേവര്‍സേവര്‍” എന്ന ഒരിനം തക്കാളിയായിരുന്നു. ചീഞ്ഞുപോകാതെ ഏറെ നാ ള്‍ സൂക്ഷിക്കാനാകും എന്നതായിരുന്നു ഇതിന്റെ പ്രത്യേകതയായി പറഞ്ഞത്. 1995-ല്‍ ജനിതക പരിവര്‍ത്തനം നടത്തിയ ഉരുളക്കിഴങ്ങും വിപണിയിലെത്തി. മിക്ക ഭക്ഷ്യജനിതകമാറ്റങ്ങളും കേന്ദ്രീകരിച്ചിരുന്നത് കര്‍ഷകരില്‍ നിന്നും വലിയ ആവശ്യമുള്ള സൊയാബീന്‍, ചോളം, കടുക്, പരുത്തി തുടങ്ങിയ ധാന്യവിളകളെയായിരുന്നു. ഇത് എല്ലാ രാജ്യങ്ങളിലുമെത്തിക്കാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട് ധാരാളമായി നടന്നത്. പുതിയ കണക്കനുസരിച്ച് ഇപ്പോള്‍ 11 ഇനം ജി എം വിളകള്‍ കൃഷി ചെയ്യുന്നുണ്ടത്രെ. അമേരിക്ക, ചൈന , ബ്രസീല്‍, അര്‍ജന്റീന, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജി എം വിളകളുടെ കൃഷിയുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി തുടക്കത്തില്‍ തന്നെ പരാജയമായിരുന്നു. ഉത്തര്‍പ്രദേശിലും വിദര്‍ഭയിലും ആന്ധ്ര പ്രദേശിലും കര്‍ഷകര്‍ക്കു ഈ നൂതന കൃഷി തിരിച്ചടി നല്‍കി. കീടത്തെ പ്രതിരോധിക്കുമെന്നു പറഞ്ഞിറക്കിയ പരുത്തിവിത്ത് നൂറുകണക്കിന് ആത്മഹത്യകള്‍ക്കു കാരണമായി. കര്‍ഷകരുടെ പരമ്പരാഗത വിത്തുകള്‍ നശിപ്പിക്കപ്പെട്ടു. മഹികോമോണ്‍സാന്റോ ബയോടെക് ലിമിറ്റഡ് എന്ന കമ്പനിയുടെതായിരുന്നു പരുത്തിവിത്ത്. ആന്ധ്ര പ്രദേശില്‍ അന്തകവിത്ത് ഉണ്ടാക്കിയ നഷ്ടങ്ങള്‍ നികത്താനുള്ള സാമ്പത്തികബാധ്യത കമ്പനി എറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ തയാറായില്ല.
നിലവില്‍ നമ്മുടെ നാട്ടില്‍ നടത്തുന്ന കൃഷിരീതി വര്‍ഷത്തില്‍ മൂന്നും നാലും തവണ വളങ്ങള്‍ ചെയ്താണ് വിളവെടുക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ വളം ചെയ്യേണ്ടെന്നും കീടനാശിനിഉപയോഗം കുറക്കാം എന്നും അതിലൂടെ വിഷവസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ പറ്റുമെന്നുമാണ് ഇത് തയ്യാറാക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ അവകാശ വാദം. എന്നാല്‍, വിത്തിനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിന്നു തന്നെ കീടനാശിനികളും വളവുമെല്ലാം വാങ്ങാനുള്ള സംവിധാനം കുത്തക കമ്പനികള്‍ തയ്യാറാക്കും. ഈ കമ്പനികളിലെ കീടനാശിനികളും വളവുമുപയോഗിച്ചില്ലെങ്കിലും ചെടിയില്‍ നിന്ന് പ്രതീക്ഷിച്ച വിളവ് ലഭിക്കില്ല. അടുത്ത വര്‍ഷത്തേക്ക് വിത്തെടുത്തു വെക്കുന്ന രീതി ജി എം വിത്തുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഊരാക്കുടുക്കുകളിലൊന്ന്. ഓരോ വര്‍ഷവും കൃഷി ചെയ്യാന്‍ പുതിയ വിത്ത് വാങ്ങണം. വിത്ത് ഉത്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്നു തന്നെയാണ് വാങ്ങേണ്ടി വരിക. വിത്തും വളവും കീടനാശിനികളുമെല്ലാം പ്രത്യേക കമ്പനികളില്‍ നിന്നു തന്നെ വാങ്ങിയേ കൃഷി ചെയ്യാനാകൂയെന്ന നില വരും.
കാലാവസ്ഥാ വ്യതിയാനം ഉണ്ടായാല്‍ ജി എം വിളകള്‍ക്ക് അതിനെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് ഉണ്ടാകുമോ എന്ന കാര്യത്തിലും കാര്‍ഷിക വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആ മണ്ണില്‍ മറ്റൊരു വിത്തും മുള പൊട്ടാത്ത നിലയും ക്രമേണ സംജാതമാകും. ഫലത്തില്‍ നമ്മുടെ മണ്ണില്‍ കൃഷിയിറക്കാന്‍ പുതിയ ജനിതത വിത്തുകളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലുമെത്തും.
ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉത്പാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലും ആ ചെടിയില്‍ നിന്നുള്ള വിള മനുഷ്യന്റെ ആരോഗ്യത്തെ ഏതു തരത്തിലാണ് ബാധിക്കുകയെന്നതു കൂടി കൃത്യമായ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. അലര്‍ജികള്‍, കാന്‍സര്‍, അമിതവണ്ണം, പ്രത്യുത്പാദന ശേഷി നഷ്ടപ്പെടുക തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത്തരം വിള കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജി എം വിളകള്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ച് നടത്തിയ പഠനത്തില്‍ ജനിതകമാറ്റം വരുത്തിയ ചോളം കഴിച്ചിട്ട് കരളിനും വൃക്കക്കും ഹൃദയത്തിനും കേടു വരുന്നതായിവരെ കണ്ടെത്തിയിട്ടുണ്ടത്രെ.

ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് (ജി ഇ എ സി) ജനറ്റിക്കല്‍ എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി നേരത്തെ തന്ന ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഭക്ഷ്യ എണ്ണയുടെ ഇറക്കു
മതിക്കായി രാജ്യം വര്‍ഷാവര്‍ഷം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനായാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജനിതകമാറ്റം വരുത്തിയ വഴുതിനക്ക് 2010ല്‍ ജി ഇ എ സി അനുമതി നല്‍കിയിരുന്നു. എന്നാല്‍, അന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് തീരുമാനത്തോട് യോജിച്ചിരുന്നില്ല. അത് പിന്നീട് പിന്‍ വലിക്കുകയും ചെയ്തു. കര്‍ഷകരെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്യാനായാല്‍ അത് ആഗോള വിപണിയില്‍ ഇന്ത്യക്ക് വലിയ സാമ്പത്തിക ലാഭം നേടിക്കൊടുക്കുമെന്നാണ് അധികൃതരുടെ വാദം. സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികമാണേത്ര ജനിതകമാറ്റം വരുത്തിയ വിത്തില്‍നിന്ന് ലഭിക്കുന്ന വിളവ്. എന്നാല്‍, നമ്മുടെ ആരോഗ്യത്തെയും മണ്ണിനെയും സാമ്പത്തിക ഘടനയെയുമൊക്കെ ബാധിക്കുന്ന തരത്തിലുള്ള “വിളവ്” ലഭിച്ചിട്ടെന്ത് കാര്യമെന്ന ചോദ്യത്തിനാണ് ഇപ്പോഴും ഉത്തരം കിട്ടാത്തത്. എങ്കിലും, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അന്തക വിത്തിനെതിരെ തീര്‍ക്കുന്ന പ്രതിരോധം ചെറുതല്ലാത്ത ആശ്വാസത്തിനു തന്നെയാണ് വക നല്‍കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest