കുല്‍ഭൂഷണ്‍: സര്‍ക്കാറുമായി ചേര്‍ന്ന് അന്താരാഷ്ട്രകോടതിയില്‍ പോരാടാന്‍ പാക്ക് സൈന്യം

Posted on: May 21, 2017 6:29 pm | Last updated: May 21, 2017 at 6:29 pm

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സര്‍ക്കാറുമായി ചേര്‍ന്ന് പോരാടാന്‍ പാകിസ്താന്‍ സൈന്യം തയാറെടുക്കുന്നതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നവാസ് ഷെരീഫിെന്റ പാര്‍ട്ടിയായ പി.എം.എല്‍.എന്നിനെ ഉദ്ധരിച്ചാണ് റേഡിയോ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക് സര്‍ക്കാറും സൈനിക നേതൃത്വവും ഒരുമിച്ച് പോരാടുമെന്ന് സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ് അറിയിച്ചതായാണ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ പാകിസ്താന്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പാക് താത്പര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് പാക് സൈന്യം കേസില്‍ പങ്കുചേരുക എന്നതിനെ കുറിച്ച് സാദിഖ് വിശദീകരിച്ചിട്ടില്ല. പാക് സൈനിക കോടതിയാണ് നിഗൂഢ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ വാദം.ജാദവിന് അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് അന്താരാഷ്ട്ര നീതി ന്യായ കോടതി ജാദവിെന്റ വധശിക്ഷക്ക് സ്‌റ്റേ നല്‍കിയിരുന്നു