രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു; നേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി

Posted on: May 20, 2017 11:38 am | Last updated: May 20, 2017 at 8:25 pm

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചെന്നും ഇടതു സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ ചിലര്‍ക്ക് പരിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് വ്യക്തമായ ചട്ടങ്ങള്‍ പ്രകാരമാണ്. തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍ത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് പിണറായി വിവരിച്ചു. ഇടത് ബദല്‍ മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ നടപ്പാക്കി. അഴിമതിരഹിത മതനിരപേക്ഷ കേരളം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2011-16 കാലത്തെ യുഡിഎഫ് ഭരണം തളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരമായിരുന്നു അവരുടേത്. നവകേരളമാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. നാല് മിഷനുകളിലൂടെ ഇത് പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകും. വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ സാധ്യമാണെന്ന് സര്‍ക്കാര്‍ തെളിയിച്ചു. 48.5 ലക്ഷം പേര്‍ക്ക് 5100 കോടി രൂപയുടെ പെന്‍ഷന്‍ വിതരണം ചെയ്തു. പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയത് വലിയ നേട്ടമായി. കണ്ണൂര്‍ വിമാനത്താവളം ഉടന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.