ഇന്ത്യന്‍ അണ്ടര്‍ -17 ടീമിന് ചരിത്ര ജയം; ഇറ്റലിയെ തോല്‍പ്പിച്ചു ( 2-0)

Posted on: May 19, 2017 8:49 pm | Last updated: May 19, 2017 at 11:25 pm

 

വിജയം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആഹ്ലാദത്തില്‍

റോം: യൂറോപ്യന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ -17 ടീമിന് ചരിത്ര ജയം. നാല് തവണ അണ്ടര്‍ 17 ലോകകപ്പ് ജേതാക്കളായ ഇറ്റലിയെ കീഴടക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. 31ാം മിനുട്ടില്‍ അഭിജിത്ത് സര്‍ക്കാര്‍, 80ാം മിനുട്ടില്‍ രാഹുല്‍ പ്രവീണ്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വലകുലുക്കിയത്.
തൃശൂര്‍ സ്വദേശിയാണ് രാഹുല്‍.
അവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ജയം കണ്ടേനേ. 59ാം മിനുട്ടില്‍ അങ്കിതും 75ാം മിനുട്ടില്‍ രാഹുലും മികച്ച അവസരം പാഴാക്കി.
ഒക്‌ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ യൂറോപ്യന്‍ പരിശീലനം നടത്തുന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് രണ്ടാം ഡിവിഷന്‍ ടീമായ പാരീസ് സെന്റ് ല്യൂവിനെ ഇന്ത്യ1-1ന് സമനിലയില്‍ തളച്ചിരുന്നു. ലോക ഫുട്‌ബോളിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഇറ്റലിക്കെതിരായ വിജയം ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം സമ്മാനിക്കും.