കെജ്‌രിവാള്‍ കള്ളപ്പണക്കാരന്‍: കപില്‍ മിശ്ര

Posted on: May 19, 2017 8:37 pm | Last updated: May 19, 2017 at 9:23 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നോട്ട് നിരോധനത്തെ എതിര്‍ത്തത് അദ്ദേഹത്തിന്റെ കൈവശം കള്ളപ്പണമുണ്ടായതിനാലാണെന്ന് എ എ പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കൂടിയായ കപില്‍ മിശ്ര ആരോപിച്ചു.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനികളില്‍ നിന്നു പോലും ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചിരുന്നു. നോട്ട് നിരോധനത്തിനെതിരെ കെജ്‌രിവാള്‍ രാജ്യവ്യാപക പ്രചാരണം നടത്തിയത് കള്ളപ്പണം കൈവശമുള്ള അദ്ദേഹത്തിന്റെ അടുപ്പക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ റെയ്ഡ് ചെയ്‌തേക്കുമെന്ന ഭയം കൊണ്ടായിരുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതില്‍ പ്രധാനിയാണ് കെജ്‌രിവാള്‍.

ഹവാല ഇടപാടുകാരുമായും എ എ പിക്ക് ബന്ധമുണ്ടായിരുന്നു. ഡല്‍ഹിയിലെ വ്യവസായിയായ മുകേഷ് കുമാര്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയത് ഇയാള്‍ കള്ളപ്പണക്കാരനായതുകൊണ്ടാണ്. 2013ല്‍ ആം ആദ്മി അധികാരമേറ്റ ഉടനെ വാറ്റ് നല്‍കാത്തതിന്റെ പേരില്‍ മുകേഷ് കുമാറിന്റെ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ഇയാള്‍ പാര്‍ട്ടിക്ക് വന്‍ തുക സംഭാവന നല്‍കുകയായിരുന്നു. 2013ലെ നോട്ടീസിന്റെ പേരില്‍ കെജ്‌രിവാള്‍ ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്നും കപില്‍ മിശ്ര ചോദിച്ചു. തന്റെ പേരില്‍ നാല് കമ്പനികളുണ്ടെന്നും ആം ആദ്മി പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുമെന്ന വിശ്വാസത്തില്‍ താന്‍ അവര്‍ക്ക് രണ്ട് കോടി രൂപ നല്‍കിയെന്നും മുകേഷ് കുമാര്‍ പറയുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഈ വിഡിയോ അരവിന്ദ് കെജ്‌രിവാള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.