അതിര്‍ത്തിയിലെ പ്രകോപനത്തിന് സൈന്യം മറുപടി നല്‍കും: ജെയ്റ്റ്‌ലി

Posted on: May 19, 2017 7:46 pm | Last updated: May 19, 2017 at 9:23 pm

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്ക് സൈന്യം തക്ക മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിയന്ത്രണ രേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് രീതിയിലുള്ള പ്രകോപനവും നേരിടാന്‍ സൈന്യം സജ്ജമാണ്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ജെയ്റ്റി പറഞ്ഞു. അതിര്‍ത്തി കാക്കുന്നതില്‍ സൈന്യം പുലര്‍ത്തുന്ന ഉത്സാഹം അഭിനന്ദനാര്‍ഹമാണ്. നിയന്ത്രണ രേഖയില്‍ ഏത് തരത്തിലുള്ള സുരക്ഷാ പ്രശ്‌നമുണ്ടായാലും നേരിടാനുള്ള ആത്മവിശ്വാസം നമ്മുടെ സൈനികര്‍ക്കുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗറില്‍ തിരഞ്ഞെടുപ്പിനിടെ സൈന്യത്തിന്റെ ജീപ്പിന് യുവാവിനെ പ്രതിരോധ കവചമാക്കി ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ജനങ്ങളുടെ സുരക്ഷക്കാണ് സൈന്യം പ്രാധാന്യം നല്‍കുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.