Connect with us

National

കര്‍ണാടക ബി ജെ പിയിലെ വിഭാഗീയതക്ക് താത്കാലിക വിരാമം

Published

|

Last Updated

ബെംഗളൂരു; കര്‍ണാടക ബി ജെ പി ഘടകത്തില്‍ രൂക്ഷമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമായി. രണ്ട് ചേരികളിലായി നിന്ന് ഏറ്റുമുട്ടിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ എസ് ഈശ്വരപ്പയും ഇന്നലെ വൈകീട്ട് ഒരുമിച്ച് വേദി പങ്കിട്ടു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നേതാക്കള്‍ സംസ്ഥാന വ്യാപകമായി ഇന്നലെ ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി തുമകൂറില്‍ നടന്ന യോഗത്തിലാണ് ബി എസ് യെദ്യൂരപ്പയും കെ എസ് ഈശ്വരപ്പയും ഒരുമിച്ച് വേദി പങ്കിട്ടത്. രണ്ടു പേരും പരസ്പരം ഹസ്തദാനം നടത്തുകയും ഒരുമിച്ച് കൈകളുയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

കഴിഞ്ഞയാഴ്ച മൈസൂരുവില്‍ നടന്ന ബി ജെ പി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ മുഖത്തോട് മുഖം നോക്കാനോ ഹസ്തദാനം നടത്താനോ തയ്യാറാകാതെ നിലയുറപ്പിച്ച ഇരുനേതാക്കളും ജനസമ്പര്‍ക്ക പര്യടനത്തില്‍ പങ്കെടുക്കുകയും യോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടിയില്‍ നിലനിന്നിരുന്ന ചേരിപ്പോരിന് താത്കാലിക ശമനമായിരിക്കുകയാണ്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് യെദ്യൂരപ്പ തന്നെയാണ് വിഭാഗീയത അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടിപ്പിക്കുന്ന റാലിയില്‍ ഈശ്വരപ്പയെ ക്ഷണിച്ചുകൊണ്ടാണ് യെദ്യൂരപ്പ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചത്.

 

Latest