Connect with us

International

ചരിത്രം പറയുന്നു, ഇത് അവസാനമല്ല

Published

|

Last Updated

ഹേഗ്/ ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിന് പാക്കിസ്ഥാന്‍ വധശിക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഒരിക്കല്‍ കൂടി വിജയം നേടുമ്പോള്‍ അത് ചരിത്രത്തിന്റെ ആവര്‍ത്തനമാകുകയാണ്. എപ്പോഴൊക്കെ അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ ഇന്ത്യയും പാക്കിസ്ഥാനും ചെന്നോ അപ്പോഴൊക്കെ കോടതി ഇന്ത്യന്‍ നിലപാടുകള്‍ക്കൊപ്പമായിരുന്നു.

ഏറ്റവും ഒടുവില്‍ ഇത്തരമൊരു തര്‍ക്കം ഐ സി ജെക്ക് മുമ്പിലെത്തിയത് 18 വര്‍ഷം മുമ്പാണ്. അന്ന് പാക്കിസ്ഥാന്റെ നാവിക സേനാ വിമാനം ഇന്ത്യ വെടിവെച്ചിട്ടതിനെതിരെ പാക്കിസ്ഥാനാണ് ഐ സി ജെയെ സമീപിച്ചത്. 1999 ആഗസ്റ്റ് പത്തിന് കച്ച് മേഖലയില്‍ പാക് വിമാനമായ അറ്റ്‌ലാന്റിക് ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 16 നാവിക ഉദ്യോഗസ്ഥരാണ് മരിച്ചത്. വിമാനം വെടിവെച്ചിട്ടത് തങ്ങളുടെ വ്യോമാതിര്‍ത്തിയിലാണെന്ന വാദമാണ് പാക്കിസഥാന്‍ പ്രധാനമായും ഉന്നയിച്ചത്.
2000 ജൂണ്‍ 21ന് 16 അംഗ അന്താഷ്ട്ര നീതിന്യായ കോടതി ബഞ്ച് ഭൂരിപക്ഷ വിധിയില്‍ പാക് വാദം തള്ളി. 14-2 എന്ന നിലയിലായിരുന്നു വിധി. ഉത്തരവ് അന്തിമമായതിനാല്‍ അപ്പീലിന് സാധ്യതയുണ്ടായിരുന്നില്ല. അന്നത്തെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയായിരുന്നു ഇന്ത്യക്ക് വേണ്ടി വാദ മുഖങ്ങള്‍ നിരത്തിയത്. കേസ് ഐ സി ജെയില്‍ എത്തിക്കാവുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. പാക്കിസ്ഥാന് മാത്രമാണ് സംഭവത്തിന്റെ ഉത്തരവാദിത്വമെന്നും അതിന്റെ പ്രത്യാഘാതം അവര്‍ തന്നെ അനുഭവിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കശ്മീര്‍ വിഷയം, കാര്‍ഗില്‍ ഏറ്റുമുട്ടല്‍, മറ്റ് തര്‍ക്കങ്ങള്‍ എന്നിവ ഉയര്‍ത്തി രാഷ്ട്രീയവത്കരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. ഈ നീക്കമാണ് യഥാര്‍ഥത്തില്‍ പാക്കിസ്ഥാന് വിനയയായത്.
ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഐ സി ജെയില്‍ കൊമ്പു കോര്‍ത്തത്. 1971ല്‍. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തില്‍ ഇന്ത്യ ധാക്കയിലേക്ക് വിമാന സര്‍വീസ് നടത്തിയെന്നും ഇത് വ്യോമയാന ഉടമ്പടികളുടെ ലംഘനമാണെന്നും കാണിച്ച് പാക്കിസ്ഥാന്‍ ആദ്യം ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനെ സമീപിച്ചു.
കേസില്‍ ഇന്ത്യക്ക് അനുകൂലമായി വിധിച്ചെങ്കിലും പാക്കിസ്ഥാന്‍ ഐ സി ജെയില്‍ അപ്പീല്‍ പോയി. അവിടെ തീര്‍പ്പാകും മുമ്പ് തന്നെ ബംഗ്ലാദേശ് നിലവില്‍ വന്നതോടെ ആ കേസ് ഇരുപക്ഷവും ഉപേക്ഷിക്കുകയായിരുന്നു. രണ്ടാമത് ഇരു രാജ്യവും ഐ സി ജെയില്‍ എത്തിയതും ബംഗ്ലാദേശുമായി ബന്ധപ്പെട്ടാണ്. 1973ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യ പിടികൂടിയ 192 പാക് പട്ടാളക്കാരെ വിചാരണക്കായി ബംഗ്ലാദേശിന് കൈമാറാന്‍ തീരുമാനിച്ചതാണ് പാക്കിസ്ഥാന്‍ ഐ സി ജെയില്‍ ചോദ്യം ചെയ്തത്. ഈ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഐ സി ജെ ഇന്ത്യക്ക് അനുകൂല നിലപാടെടുത്തെങ്കിലും അന്തിമ വിധിക്ക് മുമ്പേ ഇരു രാജ്യങ്ങളും കരാറിലെത്തുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു.
ഇപ്പോള്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ വാദം പ്രാഥമികമായി അംഗീകരിച്ചെങ്കിലും അന്തിമ വിധിക്കായി കാത്തിരുന്നേ തീരൂ. കാരണം വധശിക്ഷാ വിധി റദ്ദാക്കുകയെന്നത് ഐ സി ജെയില്‍ നിന്ന് ഉണ്ടാകാനിടയില്ല. സുതാര്യമായ വിചാരണ നടത്തണമെന്ന നിലപാടായിരിക്കും കോടതി അന്തിമമായി എടുക്കുക അതുകൊണ്ട് ഇന്ത്യക്ക് ഈ കേസില്‍ ഇനിയും ഒരു പാട് സഞ്ചരിക്കാനുണ്ട്.
നയതന്ത്ര വാതിലുകള്‍ തുറക്കേണ്ടതായും വന്നേക്കാം. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളവും കൂടുതല്‍ ഒറ്റപ്പെടാതിരിക്കാന്‍ ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വന്നേക്കാം. ചരിത്രത്തില്‍ സംഭവിച്ചത് പോലെ കേസുകള്‍ അപ്രസക്തമാക്കുന്ന നയതന്ത്ര കരാറുകള്‍ പിറക്കുകയും ചെയ്‌തേക്കാം.

Latest