രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ആരെ നിര്‍ദേശിച്ചാലും പിന്തുണയ്ക്കാമെന്ന് സോണിയ ഗാന്ധിയോട് ലാലു പ്രസാദ് യാദവ്‌

Posted on: May 18, 2017 7:30 pm | Last updated: May 19, 2017 at 10:25 am

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാവാനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തള്ളിയെങ്കിലും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ ഏത് തീരുമാനത്തിലും നിര്‍ലോഭമായ പിന്തുണ നല്‍കുമെന്നാണ് ആര്‍ജെഡി അധ്യക്ഷന്റെ പ്രഖ്യാപനം. ബിജെപിക്കെതിരായി സോണിയ ഗാന്ധി തെരഞ്ഞെടുക്കുന്ന ഏത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കാമെന്ന് ലാലു ഉറപ്പ് നല്‍കി.

ബുധനാഴ്ച സോണിയ ഗാന്ധി രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനെ വിളിച്ചപ്പോഴാണ് ലാലു ഇത്തരത്തില്‍ പിന്തുണ പ്രഖ്യാപിച്ചത്. ആഗസ്തില്‍ ബിജെപിക്കെതിരായ ആര്‍ജെഡി അധ്യക്ഷന്‍ ഒരുക്കുന്ന റാലിയില്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വന്നെത്താന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമാണെന്നും സോണിയ അറിയിച്ചിരുന്നു. ഡല്‍ഹിക്ക് പുറത്തേക്കുള്ള യാത്ര ആരോഗ്യസ്ഥിതി വഷളാകുമെന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുകയാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അവര്‍ ഉറപ്പ് നല്‍കി.