വിമാനയാത്രക്ക് മാന്യമായ നിരക്ക്

Posted on: May 18, 2017 6:00 am | Last updated: May 17, 2017 at 10:17 pm

കണ്ണൂരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തിലെ ചര്‍ച്ചകള്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, സ്‌കൂള്‍ അവധി സമയങ്ങളില്‍ വിമാന ചാര്‍ജ് ക്രമാതീതമായി വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു മുഖ്യമായും ചര്‍ച്ച. ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്കിലെ അമിത വര്‍ധന ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ചു മന്ത്രാലയാധികൃതരുമായി കൂടിയാലോചിച്ചു പരമാവധി അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ ശ്രമിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൌബേ അറിയിച്ചിട്ടുമുണ്ട്. തിരക്ക് കൂടുന്ന അവസരങ്ങളില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുകയോ വലിയ വിമാനങ്ങള്‍ പറത്തുകയോ ആണ് പ്രശ്‌നത്തിനുള്ള പ്രതിവിധിയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നതുമാണ്.

സാധാരണഗതിയില്‍ തന്നെ മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങി രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കൊന്നുമില്ലാത്ത നിരക്കാണ് കേരളത്തിലേക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. മലബാറിലെ യാത്രക്കാര്‍ നെടുമ്പാശ്ശേരിയെക്കാള്‍ ആശ്രയിക്കുന്ന മംഗലാപുരം എയര്‍പോര്‍ട്ടിലേക്കും നിരക്ക് കൂടുതലാണ്. ആഘോഷ വേളകളിലും സ്‌കൂള്‍ അവധി വേളകളിലും ചാര്‍ജ് വന്‍തോതിലാണ് ഉയരുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രവാസികളുടെ അരികിലേക്ക് പോകുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ ഇക്കാലയളവില്‍ കേരളത്തിലേക്കുള്ള യാത്രക്കാരുടെയും എണ്ണവും കുത്തനെ ഉയരും. ഈ വേളകളിലും ആഘോഷ നാളുകളിലും ഗള്‍ഫ് യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍ തമ്മില്‍ മത്സരമാണ്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്നു മുതല്‍ ആറിരട്ടി വരെ കൂടുതല്‍ നിരക്കാണ് ഈ നാളുകളില്‍ ഈടാക്കുന്നത്. എന്നാല്‍ കേരളത്തെ അപേക്ഷിച്ചു ടിക്കറ്റ് നിരക്ക് കുറവായ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്ക് അവധി വേളകളിലും നിരക്കില്‍ കാര്യമായ വര്‍ധനവുണ്ടാകാറില്ല.
വിമാനക്കമ്പനികളുടെ ഇരട്ടത്താപ്പിനും നിരക്ക് കൊള്ളക്കുമെതിരെ ഇടപെടണമെന്ന് പ്രവാസികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. 2015ലെ ഓണ സീസണില്‍ കേരളത്തില്‍ നിന്നുള്ള സംഘം ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായിരുന്നു.

എന്നാല്‍, അത് പ്രഖ്യാപനത്തിലൊതുങ്ങി. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യ, പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് കുറച്ചു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്കുള്ള ഗള്‍ഫ് മേഖലയിലെ ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എയര്‍ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ ഇന്ത്യാ യൂനിറ്റുകളില്‍ നിന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്തിരുന്നതാണ്. ഗള്‍ഫ് സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് മറ്റു വിമാനക്കമ്പനികളുടേതിനേക്കാള്‍ കൂടുതലായതിനാല്‍ യാത്രക്കാര്‍ എയര്‍ഇന്ത്യയെ വിട്ടു മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യക്ക് തീര്‍ത്തും ഗുണകരമാകുമായിരുന്ന ഈ നീക്കവും ഇപ്പോള്‍ നിലച്ച മട്ടാണ്.
ഗള്‍ഫിലേക്ക് നിരക്ക് കുറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് കൂടുതലായി ഏര്‍പ്പെടുത്തുക, സ്വകാര്യ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഗള്‍ഫ് സെക്ടറിലെ അമിത ചാര്‍ജിന് പരിഹാരമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങളുന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ ആദ്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് കത്തയച്ചിരുന്നു. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഫ്‌ളൈ ദുബൈ തുടങ്ങിയ കമ്പനികള്‍ കേരള സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങാന്‍ അനുവാദം കാത്തുനില്‍ക്കുകയുമാണ്. പക്ഷേ, വ്യോമയാന മന്ത്രാലയം കനിഞ്ഞിട്ടില്ല. എയര്‍ ഇന്ത്യയുടെ സമ്മര്‍ദമാണ് കാരണമെന്നാണറിയുന്നത്. സ്വയം തിന്നുകയുമില്ല, മറ്റുള്ളവരെ തിന്നാന്‍ അനുവദിക്കുകയുമില്ല എന്ന നിലപാടാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യയുടേത്. കൂടുതല്‍ സീറ്റും സൗകര്യങ്ങളുമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനത്തില്‍ ഒന്നുപോലും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നില്ല. മറ്റു കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നതിന് അവര്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്നു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച വ്യോമയാന നിലപാടും വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നുണ്ട്. യാത്രക്കാര്‍ കുറവായ ചെറിയ വിമാനങ്ങളുടെ പ്രവര്‍ത്തന ചെലവ് ചൂണ്ടിക്കാട്ടി കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കമ്പനികള്‍ക്കിത് അവസരം നല്‍കുന്നു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കി ഇക്കാര്യവും പരിഹരിക്കേണ്ടതാണ്. ഇവ്വിഷയകമായി മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ അഭിന്ദനാര്‍ഹമാണ്.