Connect with us

Articles

കുമ്മനം, ആ വ്യാജ വീഡിയോ രാഷ്ട്രീയ അതിമോഹമല്ലേ?

Published

|

Last Updated

കേരളത്തിന്റെ നിത്യശാപമായ കൊലപാതക രാഷ്ട്രീയത്തില്‍ സി പി എം വെണ്മയാര്‍ന്ന മാലാഖമാരാണ് എന്ന തെറ്റിദ്ധാരണയൊന്നുമില്ല. എന്നിരിക്കിലും, ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യ. ആര്‍ എസ് എസ് നേതാവ് ബിജുവിന്റെ കൊലപാതകം സി പി എം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ പൊളിച്ചടുക്കാന്‍ ശേഷിയുള്ള കുട്ടികള്‍ സൈബര്‍ ലോകത്തുണ്ട്. അദ്ദേഹത്തിന്റെ ഭൂതകാലത്തിനു പരിചിതമായ ആയുധങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കും മീതെയാണ് സോഷ്യല്‍ മീഡിയ.

കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് കണ്ണൂര്‍ എസ് പി ശിവ വിക്രം ആണ് വ്യക്തമാക്കിയത്. പാപ്പിനിശ്ശേരിയില്‍ ഇത്തരം പ്രകടനം നടന്നിട്ടില്ലെന്ന് ഡി വൈ എസ് പി സദാനന്ദനും വ്യക്തമാക്കുന്നു. വീഡിയോ ക്ഷേത്രോത്സവത്തിന്റേതാണെന്നതിന് തെളിവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരിക്കുന്നത് നവമാധ്യമങ്ങളുടെ ശക്തിയാണ് തെളിയിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്‍ത്ത നുസ്‌ഗോം ഒരു പുസ്തകം എഴുതി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര്‍ എഴുതുകയുണ്ടായി. അടുത്ത കാലത്ത് രചയിതാവ് മാര്‍ത്ത തിരുത്തി, മതഫാസിസത്തിലേക്ക് വഴുതി വീഴാതിരിക്കുകയും ഇപ്പോഴും പ്രതിരോധം തുടരുകയും ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു ചെറിയ ഭൂമികയാണ് കേരളമെന്ന്.

ആ കേരളത്തിലാണ് ഒരു വ്യാജ വീഡിയോ ഉപയോഗിച്ചുള്ള ഭാഗ്യപരീക്ഷണത്തിന് സംഘ്പരിവാര്‍ നേതാവ് മുതിര്‍ന്നത്. നുണക്കഥകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു നാട്ടില്‍ കലാപം അഴിച്ചുവിടുന്ന രീതി ഫാസിസ്റ്റുകള്‍ വ്യാപിപ്പിക്കുമ്പോള്‍ അഖ്‌ലാക്കിന്റെയും, കല്‍ബുര്‍ഗിയുടെയും നാട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ വലിയ രാഷ്ട്രീയ അതിമോഹങ്ങളില്ലേ കുമ്മനം രാജശേഖരന്‍?
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ശക്തിദുര്‍ഗമായ കണ്ണൂരിലെങ്കിലും അഭ്യൂഹം പരത്തി ജനക്കൂട്ടത്തെ ഇളക്കിവിട്ട് കൊലപാതകങ്ങള്‍ നടപ്പാക്കുക. ശേഷം അവിടെ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക. ഇതായിരുന്നു ലക്ഷ്യമെന്നു മനസ്സിലാകാന്‍ ആ വീഡിയോ ശാസ്ത്രീയ പരിശോധന നടത്തേണ്ട ആവശ്യമൊന്നുമില്ല, മലയാളി കഴിക്കുന്ന അന്നം പ്രദാനം ചെയ്യുന്ന ബുദ്ധി ധാരാളം മതി.

കഴിഞ്ഞ 10 കൊല്ലം ഇന്ത്യന്‍ സമൂഹത്തില്‍ ഭീകരത വളര്‍ന്നുവന്ന കാലമാണ്. ഇത്രയധികം ക്രൂരത മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 19-ാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളില്‍ ഇത്രയധികം ക്രൂരത ഉണ്ടായിട്ടില്ല. 2002ല്‍ ഗുജറാത്തിലുണ്ടായ ക്രൂരത വാസ്തവത്തില്‍ ചരിത്രത്തില്‍ ആദ്യമായിട്ടുള്ളതാണ്. ആ ഭൂമിശാസ്ത്ര മണ്ഡലത്തിലേക്ക് കേരളത്തെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് കുബുദ്ധികള്‍ നടത്തുന്നത്.
സംസ്‌കാരമെന്നത് രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് സംസ്‌കാരവും രാഷ്ട്രീയവും തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന്, പുരോഗമന രാഷ്ട്രീയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് കേരളം തയ്യാറാകുമെന്നതിന് ചരിത്രം സാക്ഷിയാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ വര്‍ഗീയതയെ തോല്‍പ്പിക്കാനും ഭീകരതയെ അടിച്ചമര്‍ത്താനും സാധിക്കുകയുള്ളൂവെന്ന് മനസ്സിലാക്കുന്നവരാണ് മലയാളികളെന്നു സംഘ്പരിവാറിന് വൈകാതെ ബോധ്യമാകും. ഇവിടുത്തെ പുതുതലമുറക്ക് ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പ് ചരിത്രത്തിന്റെ കാവികലരാത്ത ഓര്‍മകള്‍ കൂടിയാണ്. “നിങ്ങള്‍ ഒരു വലിയ നുണ മെനയുക. എന്നിട്ട് ജനങ്ങളോട് അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുക; പതിയെ ജനങ്ങള്‍ അത് വിശ്വസിച്ചുതുടങ്ങും” ഇതായിരുന്നു നാസി ജര്‍മനിയുടെ പ്രചാരണ വകുപ്പ് മന്ത്രിയായിരുന്ന ഡോ. പോള്‍ ജോസഫ് ഗീബല്‍സിന്റെ തിയറി. ഈയൊരു പ്രചാരണ മന്ത്രവുമായിട്ടായിരുന്നു ഫാസിസം അതിന്റെ പദ്ധതികള്‍ സൗകര്യപൂര്‍വം നടപ്പില്‍വരുത്തിയത്. അനിഷേധ്യമായ ബുദ്ധിവൈഭവവും അതിസമര്‍ഥമായ ദീര്‍ഘദൃഷ്ടിയുമുണ്ടായിരുന്ന ഗീബല്‍സിന് ആള്‍കൂട്ട മനഃശാസ്ത്രത്തെ നിയന്ത്രിക്കുന്നതില്‍ അത്യപാരമായ കഴിവുണ്ടായിരുന്നു. ജര്‍മനിയിലെ വിദ്യാഭ്യാസ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം ഗീബല്‍സ് തന്റെ പ്രചാരണത്തിനുവേണ്ടി വേണ്ടുവോളം ഉപയോഗപ്പെടുത്തി. റേഡിയോ, പത്രമാധ്യമങ്ങള്‍, ചലച്ചിത്രം, നാടകശാലകള്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതായിരുന്നു. നിരന്തര നുണപ്രചാരണത്തിലൂടെ ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗത്തെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി സമര്‍ഥമായി പദ്ധതികളോരോന്നായി നടപ്പില്‍ വരുത്തുകയെന്ന തന്ത്രം തന്നെയാണ് ഇന്ത്യയില്‍ സംഘ് പരിവാര്‍ ശക്തികളും ചെയ്തുപോരുന്നത്.
ആര്‍ എസ് എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപി എം ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം രാജശേഖകന്‍ പ്രചരിപ്പിച്ച വീഡിയോ ഫാസിസത്തിന് കാലുറപ്പിക്കാനാവാത്ത കേരളത്തില്‍ പുറത്തെടുക്കുന്ന പത്തൊന്‍പതാമത്തെ അടവുകളിലൊന്നാണ്. സമാധാന കാംക്ഷികള്‍ പാര്‍ക്കുന്ന ഇന്നാട്ടില്‍ രക്തപങ്കിലമായ കലാപമുണ്ടാക്കി, കേരളത്തിലും വേരുകള്‍ ആഴ്ത്താനാകുമോ എന്ന സംഘ്പരിവാര്‍ നേതാവിന്റെ പരീക്ഷണത്തെ ലളിതമായി കണ്ടുകൂടാ. സി പി എം പ്രവര്‍ത്തകര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് കണ്ണൂര്‍ എസ് പി ശിവ വിക്രം കജട ആണ് വ്യക്തമാക്കിയതെന്നതും മറന്നുകൂടാ.

ഇന്ത്യന്‍ പീനല്‍ നിയമങ്ങളില്‍ സൈബറിടങ്ങളില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് കലാപാഹ്വാനം നടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന അപരാധങ്ങളാണ്. ജെ എന്‍ യു ക്യാമ്പസില്‍ “രാജ്യദ്രോഹി നിര്‍മാണത്തില്‍” കനയ്യ കുമാറും ഒമര്‍ ഖാലിദുമെല്ലാം വേട്ടയാടപ്പെട്ടത് നാം കണ്ടതാണ്. ഇവിടെ വ്യാജ വീഡിയോ ഉപയോഗിച്ച് കേരളത്തിന്റെ മതേതര മണ്ണില്‍ പുതിയ കലാപങ്ങള്‍ക്ക് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണം.
2013 മുസഫര്‍ നഗര്‍ കലാപങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷന്‍ റിപ്പോര്‍ട്ട് യു പി നിയമസഭയില്‍ മേശപ്പുറത്ത് വെച്ചു. അഫ്ഗാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഒരു ഗോത്ര യുദ്ധത്തിന്റെ വീഡിയോ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ പരത്തി 62 മനുഷ്യജീവനുകളും ഒരു ലക്ഷത്തോളം മനുഷ്യരുടെ പലായനവും നടന്ന മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ബി ജെ പിയുടെ എം എല്‍ എ ആയിരുന്ന സംഗീത് സോമും കൂട്ടാളികളായ 229 ആളുകളും ആ വീഡിയോ ക്ലിപ്പിലെ രണ്ടു യുവാക്കളെ കശാപ്പുചെയ്യുന്ന രംഗം അടര്‍ത്തി മാറ്റി, യു പിയില്‍ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകമെന്ന വ്യാജേന പ്രചരിപ്പിച്ചു കലാപം സൃഷ്ടിച്ചു. ഈ സംഭവമാണ് മുസഫര്‍ നഗര്‍ കലാപത്തിലേക്ക് വഴിതെളിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഫാസിസം കോലായിലേക്ക് കേറാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ നിഷ്പക്ഷരാണെന്ന പല്ലവി ആവര്‍ത്തിച്ചു സകല കുമ്മനം മോദിമാരെയും ന്യൂസ് റൂമിലേക്ക് പൂവിട്ടാനയിക്കുന്നതല്ല മീഡിയാ ജനാധിപത്യം. എന്തുതന്നെ വന്നാലും ഒരു ഫാസിസ്റ്റിനെയും ഒരു കാലത്തും വികടവാദങ്ങളുന്നയിക്കാന്‍ പറ്റാത്ത വിധം ന്യൂസ് സ്റ്റുഡിയോകളുടെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കുമ്പോഴാണ് ഒരു സെകുലര്‍ ജനാധിപത്യസമൂഹത്തില്‍ മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ അതിന്റെ നിഷ്പക്ഷത രേഖപ്പെടുത്തുന്നത് എന്നു മാധ്യമങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഈ രാജ്യത്ത് ഇനിയും ജനാധിപത്യം ബാക്കിയുണ്ടാവട്ടെ.

Latest