ഫുജൈറയില്‍ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ആശ്വാസം

Posted on: May 17, 2017 7:48 pm | Last updated: May 17, 2017 at 7:18 pm
നാട്ടിലേക്ക് യാത്രതിരിക്കുന്ന പ്രേമനും സുഹൃത്തുക്കള്‍ക്കും കല്‍ബ ഇന്ത്യന്‍ സോഷ്യല്‍
ആന്‍ഡ് കള്‍ചറല്‍ ക്ലബ്ബ് ഭാരവാഹികള്‍ സാമ്പത്തിക സാഹായം കൈമാറുന്നു.

ഫുജൈറ: എട്ടു വര്‍ഷമായി രോഗങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം കടയുടെ ലൈസന്‍സ് പുതുക്കാന്‍ കഴിയാതെവരികയും തുടര്‍ന്നു വിസയും വര്‍ക് പെര്‍മിറ്റും കാലാവധി കഴിഞ്ഞ് ആയിരക്കണക്കിന് ദിര്‍ഹം പിഴയാവുകയും ചെയ്തതോടെ നിസഹായരായി കഴിഞ്ഞിരുന്ന കെട്ടിട തൊഴിലാളികള്‍ക്ക് ആശ്വാസം. സ്‌പോണ്‍സര്‍ സഹായം എത്തിച്ചു. മലയാളികളായ പ്രേമനും ബന്ധുക്കളായ പ്രതീഷും രമേശും ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു. അനിയന്ത്രിതമായ പ്രമേഹവും ഹൃദ്രോഗവും മൂലം പല തവണ പ്രേമന്‍ ആശുപത്രിയിലായി. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഭീമമായ പിഴകള്‍ ഒരു വലിയ ചോദ്യചിഹ്‌നമാവുകയായിരുന്നു. സഹായ വാഗ്ദാനം ചെയ്തവരും ക്രമേണ പിന്മാറി. ദയനീയാവസ്ഥ മനസിലാക്കിയ കടയുടെ സ്‌പോണ്‍സര്‍ പിഴയൊടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. പിന്നീട് യാത്രക്കുള്ള ടിക്കറ്റും അദ്ദേഹം നല്‍കി.

വര്‍ഷങ്ങള്‍ പ്രവാസ ജീവിതം നയിച്ചിട്ടും മാറാരോഗങ്ങളും ഒഴിഞ്ഞ കൈകളുമായി നാട്ടിലേക്ക് തിരിക്കുകയാണ്. അതിനിടയില്‍ പാസ്‌പോര്‍ട്ട് കാലാധിയും തീര്‍ന്നു. വിസയില്ലാത്തതിനാല്‍ പുതുക്കാനും കഴിഞ്ഞില്ല. കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ക്ലബ് ഇടപെട്ട് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ഒരു ദിവസംകൊണ്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി. കല്‍ബ ക്ലബ്ബില്‍ എത്തിയ മൂന്നുപേര്‍ക്കും ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കര്‍ സാമ്പത്തിക സഹായം നല്‍കി. ഇന്നലെ വൈകുന്നേരത്തോടെ അവര്‍ നാട്ടിലേക്ക് തിരിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കര്‍, വൈസ് പ്രസിഡന്റ് വി ഡി മുരളീധരന്‍, ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ സമദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി.