Connect with us

Gulf

ഒരു കോടി ദിര്‍ഹമിന്റെ രത്‌നക്കല്ലുകള്‍ മോഷ്ടിച്ച സംഘത്തെ ദുബൈ പോലീസ് പിടികൂടി

Published

|

Last Updated

ദുബൈ: ബര്‍ഷയിലെ ഒരു കമ്പനിയില്‍ നിന്ന് 1.08 കോടി ദിര്‍ഹമിന്റെ രത്‌നക്കല്ലുകള്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജരായ മൂന്നംഗ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസമാദ്യമാണ് സംഭവം. സംഘം മോഷണം നടത്തി ദിവസങ്ങള്‍ക്കകം പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു.

രത്‌നകല്ലുകള്‍ മോഷണം പോയതായി അല്‍ ബര്‍ഷ മേഖലയിലെ ഒരു കമ്പനി ഉടമയായ യൂറോപ്യന്‍ പൗരന്‍ ദുബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന കമ്പനി ഉടമ ദുബൈയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് മോഷണ വിവരം മനസിലാകുന്നത്. പ്രത്യേക രഹസ്യ കോഡ് ഉപയോഗിച്ച് പൂട്ടിയിരുന്ന സേഫ് തകര്‍ത്താണ് മോഷണം. വിവരം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ സംഘത്തിലെ ഒരാളെ പിടികൂടാന്‍ കഴിഞ്ഞു.
കമ്പനി ഉടമയുടെ മകന്റെ നീക്കങ്ങള്‍ സി സി ടി വി ക്യാമറ ദൃശ്യങ്ങളിലൂടെ നിരീക്ഷിച്ച പ്രതി സേഫ് തുറക്കുന്നതിനുള്ള പിന്‍ നമ്പര്‍ ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് അതി വിദഗ്ധമായി സേഫ് തുറന്ന് രത്‌നക്കല്ലുകള്‍ മോഷ്ടിക്കുകയും തന്റെ സഹായികളായ രണ്ട് പേരുടെ കൈവശം എത്തിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മോഷ്ടിച്ച രത്‌നക്കല്ലുകള്‍ കണ്ടെത്തുകയും ചെയ്തു. മോഷ്ട്ടാക്കളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ പോലീസ് സംഘത്തെ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പ്രകീര്‍ത്തിച്ചു. ദുബൈ പോലീസ് ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പിടികൂടാന്‍ കഴിയുന്നതിനും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Latest