500 രൂപയുടെ നാണയം പുറത്തിറങ്ങി

Posted on: May 16, 2017 12:59 pm | Last updated: May 16, 2017 at 12:12 pm

മഞ്ചേരി: മൂന്നാം ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ സ്മരണാര്‍ഥം റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ 500 രൂപയുടെ നാണയം പുറത്തിറക്കി. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമ്മാണ് കോയിന്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് 500 രൂപയുടെ നാണയം അടിച്ചിറക്കിയത്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 3125 രൂപയാണ് ബുക്കിംഗ് വില. നേരത്തെ ബുക്കു ചെയ്തവര്‍ക്കു മാത്രമെ നാണയം ലഭിക്കുകയുള്ളൂ.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ബുക്കിംഗ് അവസാനിച്ചത്. വിപുലമായ നാണയ ശേഖരണത്തിനുടമയും തൃപ്പനച്ചി എയുപി സ്‌കൂള്‍ സാമൂഹിക ശാസ്ത്ര അധ്യാപകനുമായ എം സി അബ്ദുല്‍ അലിയുടെ കൈവശം നാണയം എത്തിയിട്ടുണ്ട്. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സഹകരണവും നയതന്ത്രബന്ധങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്തോ-ആഫ്രിക്കന്‍ ഫോറം സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 2008 ല്‍ ന്യൂഡല്‍ഹിയിലായിരുന്നു ആദ്യ ഉച്ചകോടി. 2011ല്‍ ആഫ്രിക്കയിലെ അബാബയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയും 15 ആഫ്രിക്കന്‍ രാജ്യങ്ങളും പങ്കെടുത്തു. 2015 ഒക്‌ടോബര്‍ 26 മുതല്‍ 29 വരെ ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാമത് ഉച്ചകോടിയില്‍ 41 ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കെടുത്തു.