എസ് വൈ എസ് യൂത്ത് പരേഡ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവം

Posted on: May 16, 2017 11:50 am | Last updated: May 16, 2017 at 11:50 am

മലപ്പുറം: മുസ്്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന ജനജാഗര നത്തോടനുബന്ധിച്ച് ജില്ലാ എസ് വൈ എസ് പെരിന്തല്‍മണ്ണയില്‍ നടത്തുന്ന സ്വഫ്‌വ യൂത്ത് പരേഡ് സംഘടനാ ചരിത്രത്തില്‍ അവിസ്മരണീയ സംഭവമാകും.
പരേഡിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ യൂത്ത് അസംബ്ലി, വിളംബര റാലികള്‍, സന്ദേശയാത്രകള്‍, സര്‍ക്കിള്‍ സംഗമങ്ങള്‍ തുടങ്ങി വ്യത്യസ്ത പ്രചാരണാരവങ്ങള്‍ നടന്നു വരുന്നു. സംഘശക്തി പ്രകടനം വന്‍വിജയമാക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സ്വഫ്‌വ വളണ്ടിയര്‍മാര്‍.

അയ്യായിരത്തോളം വരുന്ന കര്‍മ്മഭടന്‍മാരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് പെരിന്തല്‍മണ്ണയില്‍ സംഘടക സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സോണ്‍, സര്‍ക്കിള്‍ അമീര്‍ സംഗമങ്ങള്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വര്‍ധിത ആവേശത്തോടെയാണ് സോണ്‍ തലങ്ങളില്‍ വിളംബര റാലികള്‍ നടന്നു വരുന്നത്. മലപ്പുറത്ത് നടന്ന വിളംബര റാലിക്ക് പി ഹുസൈന്‍ സഖാഫി, എം ബദറുദ്ദീന്‍, അമീന്‍ ആലത്തൂര്‍പടി, ശിഹാബുദ്ദീന്‍ അഹ്സനി, അബ്ദുല്‍ ഹമീദ് പൊന്മള, സ്വലാഹുദ്ദീന്‍ വരിക്കോട്, അബൂബക്കര്‍ സിദ്ദീഖ് പുല്ലാര നേതൃത്വം നല്‍കി. തിരൂരങ്ങാടി സോണ്‍ വിളംബര റാലിക്ക് സയ്യിദ് അബ്ദുല്‍ കരീം, സുലൈമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് സൈനി, കൊളത്തൂര്‍ സോണ്‍ വിളംബര റാലിക്ക് അബൂബക്കര്‍ അഹ്സനി, അസ്‌ക്കറലി സഖാഫി, ശിഹാഹുദ്ദീന്‍ അംജദി അലി കട്ടുപ്പാറ നേതൃത്വം നല്‍കി. നാളെ വൈകീട്ട് നാലിന് അരീക്കോട് സോണ്‍ യൂത്ത് അസംബ്ലി മജ്മഇല്‍ നടക്കും. മൂസ മാസ്റ്റര്‍ പനോളി, സി പി മുഹമ്മദ് അശ്റഫ് മുസ്്ലിയാര്‍, പി ടി നജീബ്, മൂനവ്വര്‍ റഹ്്മാന്‍ നേതൃത്വം നല്‍കും. എടക്കര സോണ്‍ സംഘടനാ കാര്യ സമിതി ആഭിമുഖ്യത്തില്‍ ഗ്രാമ പ്രയാണവും നാളെ നടക്കുന്നുണ്ട്. രാവിലെ പത്ത് ആരംഭിക്കുന്ന പ്രയാണം മുഴുവന്‍ യൂനിറ്റുകളിലും പര്യടനം നടത്തും. ഇ ടി ഇബ്റാഹീം സഖാഫി, വഹാബ് അല്‍ ഹസനി, മുഹമ്മദ് ശരീഫ് സഅദി, ഖാസി ലത്വീഫി നേതൃത്വം നല്‍കും.