മനുഷ്യശരീരം ഭക്ഷണമാക്കുന്ന മാനുകളുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍

Posted on: May 16, 2017 11:11 am | Last updated: May 16, 2017 at 11:11 am

ന്യൂയോര്‍ക്ക്: പുല്‍ച്ചെടികള്‍ മാത്രം ഭക്ഷണമാക്കുകയും കാണാന്‍ ചന്തവും മിഴിവേകുന്ന കണ്ണുമൊക്കെയുള്ള ഒരു ജീവിയാണ് മാനെന്ന് നമുക്കറിയാം. എന്നാല്‍ ഇവയ്ക്ക് നമ്മള്‍ കരുതുന്നതിലും അപ്പുറം വേറെ മുഖമുണ്ട്. ടെക്‌സാസ് സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തലാണിത്. ഇവ പൊതുവെ ഉപദ്രവകാരികളല്ലെങ്കിലും മനുഷ്യശരീരം ഭക്ഷണമാക്കുന്ന മാനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സര്‍വ്വകലാശാലയ്ക്കു കിട്ടിയ മൃതദേഹം പഠനത്തിനായി എടുത്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പെട്ടത്. മനുഷ്യന്റെ മൃതദേഹത്തോട് വിവിധ മൃഗങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നറിയാനാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ ശ്രമിച്ചത്. കാട്ടില്‍ ഉപേക്ഷിച്ച മൃതദേഹം കുറുനരിയും ചെന്നായും കഴുകനുമെല്ലാം ആഹാരമാക്കുന്നത് സമീപത്തു സ്ഥാപിച്ച ക്യാമറയിലൂടെ ഇവര്‍ നിരീക്ഷിച്ചു.

ഇതിനു പിന്നാലെയാണ് ആരു പ്രതീക്ഷിക്കാത്ത മറ്റൊരു ജീവി കൂടി മനുഷ്യമാംസത്തിന്റെ രുചി നോക്കാനെത്തിയത്. വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനാണ് ഇതിനകം അസ്ഥിമാത്രമായിരിക്കുന്ന മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടു മാന്‍ രുചിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയത്. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. ശരീരത്തില്‍ ചില പോഷകങ്ങള്‍ കുറയുമ്പോള്‍ ഇവ പരിഹരിക്കാനാണ് ഇത്തരം ഭക്ഷണ ശീലങ്ങള്‍ ഇവ ആഹാരമാക്കുന്നതെന്ന് ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകരുടെ വാദം.
അതേസമയം മാന്‍ മാംസാഹരം കഴിക്കുന്നതു ശ്രദ്ധയില്‍പ്പെടുന്നത് ഇത് ആദ്യമാണെങ്കിലും ഇവ പ്രാണികളെയും ചെറുമത്സ്യങ്ങളെയുമെല്ലാം കഴിക്കുന്നതായി ചുരുക്കം ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.