Connect with us

Gulf

ഖത്വറിലെ തൊഴില്‍ പ്രശ്‌നങ്ങളുടെ അതിവേഗ പരിഹാരത്തിന് നിയമ സമിതി

Published

|

Last Updated

ദോഹ: തൊഴിലാളികളം കമ്പനികളുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗം പരിഹാരിക്കുന്നതിന് പ്രത്യേക നിയമ സമിതി രൂപവത്കരിക്കുന്നു. ഖത്വര്‍ ലോയേഴ്‌സ് അസോസിയേഷന്‍ (ക്യു എല്‍ എ) വൈസ് പ്രസിഡന്റ് ജസ്‌നാന്‍ മുഹമ്മദ് അല്‍ ഹിജ്‌രിയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലാൡപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ദോഹയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താഴ്ന്ന വരുമാനക്കാരായ തൊഴിലാൡകളുടെ തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍ സൗജ്യന്യമായാണ് ഖത്വര്‍ ലോയേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ അവര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഖത്വര്‍ മനുഷ്യാവകാശ സമിതി മുഖാന്തരമുള്ള കേസുകളിലാണ് സൗജ്യന്യ സേവനം. മനുഷ്യാവകാശ സമിതിയുമായി ക്യു എല്‍ എക്ക് സഹകരണ കരാര്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കന്നതിന് കാണുന്നതിന് അവര്‍ക്ക് നിയമ സഹായം നല്‍കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഭരണ നിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയവും സുപ്രീം ജസ്റ്റിസ് കമ്മിറ്റിയും യോജിച്ച് പഠനം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമം രൂപവത്കരിക്കുന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്നും ഹിജ്‌രി പറഞ്ഞു. ഇത്തരം ഒരു നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണാന്‍ കഴിയും.

നിലവില്‍ വര്‍ഷത്തില്‍ 68 ശതമാനം തൊഴില്‍ സംബന്ധിയായ കേസുകള്‍ക്കേ പരിഹാരം കാണാനാകുന്നുള്ളൂ. പുതിയ നിയമം വരുന്നതോടെ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയുകയും തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ കേസിന് തീര്‍പ്പുണ്ടാകുന്നത് വരെ തൊഴിലാളിക്ക് നിയമ പരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ജോലി ചെയ്യാന്‍ കഴിയണമെന്നും കോണ്‍ഫറന്‍സില്‍ സംസാരിച്ച ഐന്‍ ശംസ് യൂനിവേഴ്‌സിറ്റി നിയമ വിഭാഗം മുന്‍ ഡീന്‍ പ്രൊഫ. അല്‍ സെയ്ദ് ഈദ് നെയ്ല്‍ പറഞ്ഞു.

 

Latest