പയ്യന്നൂര്‍ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

Posted on: May 15, 2017 9:02 am | Last updated: May 15, 2017 at 11:34 am

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ കൂടി പിടിയില്‍. മുഖ്യപ്രതി റിനീഷ്, വിപിന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ധനരാജ് വധക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു. ധനരാജുമായി അടുപ്പമുണ്ടായിരുന്നയാളാണ്‌റിനീഷ്. ധനരാജ് വധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നേരത്തെ പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ഡ്രൈവറെയും ഉടമയേയും ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കൊലപാതകം നടന്ന സഥലത്തിന് സമീപത്തുള്ള നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്.
ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ആയിരുന്ന ബിജു വെള്ളിയാഴ്ച വൈകീട്ടാണ് അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.