വിവാദ പ്രസംഗം : മന്ത്രി മണിക്കെതിരെ കേസെടുക്കാനാവില്ലെന്നു പോലീസ്

Posted on: May 13, 2017 3:00 pm | Last updated: May 14, 2017 at 1:55 pm
SHARE

തിരുവനന്തപുരം : ഏറെ വിവാദമായ മണിയുടെ കുഞ്ചിത്തണ്ണിയിലെ പ്രസംഗവുമായി ബന്ധപെട്ടു കേസെടുക്കാനാവില്ലെന്നു പോലീസ്. മന്ത്രിയുടെ പ്രസംഗത്തേക്കുറിച്ച് പരാതി നൽകിയ ജോർജ് വട്ടുകുളത്തിന് മൂന്നാർ ഡിവൈഎസ്പി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. സ്ത്രീകൾക്കെതിരെയുള്ള പരാമർശങ്ങളെ തുടർന്ന് മണിക്കെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി കമ്മിഷൻ അംഗം ഡോ. ജെ.പ്രമീളാദേവിയും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുക്കാനാകില്ലെന്ന് പരാതിക്കാരന് രേഖാമൂലം മറുപടി ലഭിച്ചത്.

മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി പെമ്പിളൈ ഒരുമൈ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഈ സമരവും അവസാനിപ്പിക്കുന്നതായി പെമ്പിളൈ ഒരുമൈ നേതാക്കൾ ഇന്നലെ അറിയിച്ചിരുന്നു.

മന്ത്രി മണിയുടെ പ്രസംഗത്തിലെ വിവാദ പരാമർശം വായിക്കാം..

… അവിടെ ഇയാളടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ്കുമാർ വന്നിട്ടു കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച… പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്, ഏതാ –––? (ഡിവൈഎസ്പിയുടെ പേരു പറയുന്നു) ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ… പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..’’

LEAVE A REPLY

Please enter your comment!
Please enter your name here