Connect with us

Articles

കേരളാവിലെ കാവി സ്വപ്നങ്ങള്‍

Published

|

Last Updated

വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളവും പിടിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ അത്ര ചെറുതായി കാണാനാകില്ല. പ്രായോഗിക രാഷ്ട്രീയമോ ആശയ ആദര്‍ശങ്ങളോ മനുഷ്യത്വമോ ഇല്ലാത്ത സംഘ്പരിവാര്‍ തങ്ങളുടെ ലക്ഷ്യം നേടാന്‍ ഏത് ഹീനമാര്‍ഗവും സ്വീകരിക്കുമെന്നതിനാല്‍ ശക്തമായ കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതിന് വന്‍ വില നല്‍കേണ്ടി വരും.
ബി ജെ പിക്ക് അത്ര വലിയ സ്വാധീനമില്ലാതിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലും ഭരണം കൈയാളാന്‍ കഴിഞ്ഞതിലൂടെയുള്ള ആത്മവിശ്വാസമാണ് സംഘ്പരിവാറിനെ കേരളത്തിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പരിവാറിന്റെ മൂലക്കല്ലായ ആര്‍ എസ് എസിന് കേരളമണ്ണില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും അത് ശാഖകള്‍ വിട്ട് വളര്‍ന്ന് പന്തലിക്കാന്‍ കഴിഞ്ഞിരുന്നില്ല. നന്മയുടെ രാഷ്ട്രീയത്തിനും മതസൗഹാര്‍ദത്തിനും പേരുകേട്ട കേരളം സംഘ് രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായിരുന്നില്ല. ഇത് മനസ്സിലാക്കിയ സംഘ്പരിവാര്‍ തങ്ങളുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന മതസൗഹാര്‍ദത്തിനും ഇതില്‍ അനല്‍പമായ പങ്കുവഹിക്കുന്ന ഇടത് പ്രസ്ഥാനങ്ങളെയും ആജന്മ ശത്രുക്കളായ മുസ്‌ലിംകളെയും എതിര്‍പക്ഷത്ത് നിര്‍ത്തി ആക്രമിക്കാന്‍ തുടങ്ങി. തങ്ങളുടെ വളര്‍ച്ചക്ക് അനിവാര്യമാണെന്നതിനാല്‍ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ ഇത് നടത്തിക്കൊണ്ടിരുന്നു.
എന്നാല്‍ മാധ്യമങ്ങളിലൂടെയും ഇവന്റ് മാനേജ്‌മെന്റ് പ്രചാരണങ്ങളിലൂടെയും കോര്‍പറേറ്റുകളുടെ സഹായത്തിലൂടെയും മോദിതരംഗമെന്ന വ്യാജേന ബി ജെ പി നേട്ടം ഉണ്ടാക്കിയെടുത്ത കാലത്തുപോലും കേരളം അവജ്ഞയോടെ തള്ളിക്കളഞ്ഞ സംഘ്പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഇപ്പോള്‍ മുഖംമൂടി മാറ്റി നേരിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായാണ് ഒരു മാധ്യമ മുതലാളിയെ കേരളത്തിലേക്ക് മോദി ഇറക്കുമതി ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പിയും ഏഷ്യനെറ്റ് ന്യൂസ് ചാനലിന്റെ ഉടമയുമായ ഇദ്ദേഹം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റ് സ്വപ്‌നം കാണുന്നുണ്ട്. ഇതിനായി കേരളത്തില്‍ സംഘ്‌രാഷ്ട്രീയത്തിനായി ഉഴുതുമറിക്കല്‍ തുടങ്ങിയ ഇദ്ദേഹം നല്ലൊരു എന്‍ട്രിക്കായി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് മുന്നിലിരിക്കുന്നവരെ മര്യാദയുടെ സര്‍വ സീമകളും ലംഘിച്ച് അധിക്ഷേപിക്കുകയും അവതാരകന്‍ സംസാരിക്കുന്നത് മാത്രമാണ് ചര്‍ച്ചയെന്നു സ്ഥാപിക്കുകയും ചെയ്യുന്ന മോദിഭക്തനൊപ്പം ചേര്‍ന്ന് ആരംഭിച്ച പുതിയ ദൃശ്യമാധ്യമത്തില്‍ കേരളത്തെ ലക്ഷ്യമാക്കി നീക്കം തുടങ്ങിയത്. എക്‌സ്‌ക്ലൂസീവ് വാര്‍ത്തയെന്ന നിലയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് അക്രമത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് പട്ടാപകല്‍ നടുറോഡില്‍ നിരപരാധികളെ അടിച്ചുകൊല്ലുന്ന നാട്ടില്‍ നിന്നാണെന്നതും കൗതുകകരമാണ്. ഒപ്പം തലസ്ഥാനത്തെ എം പിക്കെതിരായി നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം പൊടിതട്ടിയെടുത്തുള്ള നീക്കത്തിന് പിന്നിലെ അജന്‍ഡയും വ്യക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ സീറ്റിലെ സിറ്റിംഗ് എം പിക്കെതിരെ പഴയ പഴകിപുളിച്ച ആരോപണത്തിന്റെ രണ്ടാം എപ്പിസോഡ് ചേര്‍ത്ത് വെച്ചാല്‍ കാര്യങ്ങള്‍ ഏറെക്കുറെ എളുപ്പമാകുമെന്നാണ് കണക്ക് കൂട്ടല്‍. ഒപ്പം സ്വന്തമായി ഒരു ചാനല്‍ കൈയിലുള്ളപ്പോള്‍ നീക്കങ്ങള്‍ അനായാസമാകുമെന്നും ഇദ്ദേഹം കരുതുന്നുണ്ടാകണം.
അതേസമയം, ഈ ചാനല്‍ മേധാവിയുടെ നീക്കം വിജയം കാണില്ലെന്ന് തന്നെയാണ് കേരളത്തിന്റെ പൊതുബോധം ഇപ്പോഴും കരുതുന്നത്. എന്നാല്‍ സംഘ് രാഷ്ട്രീയത്തിന്റെ വിഷം പുരട്ടിയ അമ്പുകളെ കേരളത്തിന്റെ മതേതര രാഷ്ട്രീയം ജാഗ്രതയോടെ തന്നെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ നീക്കങ്ങള്‍ പറയുന്നത്. കേരളത്തിലെ മണ്ണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വേരൂന്നാന്‍ പാകത്തില്‍ പരുവപ്പെട്ടിട്ടില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ലെങ്കിലും രാഷ്ട്രീയ മര്യദക്കപ്പുറം എന്തും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായി സ്വീകരിക്കുകയും ജനാധിപത്യ മര്യാദകളെ വിലകല്‍പ്പിക്കാതെ അധികാരത്തിനായി കൂടെയുള്ളവന്റെ വരെ കഴുത്ത് വെട്ടുകയും ചെയ്യുന്ന സംഘ്പരിവാറിനെ കരുതിയിരിക്കുക തന്നെ വേണം.
അവര്‍ക്ക് വളമാകാന്‍ കേരളത്തിലെ ഒരു പൗരനും നിന്നുകൊടുക്കരുതെന്ന യാഥാര്‍ഥ്യം തിരിച്ചറിയണം. വോട്ടുബേങ്കില്‍ കണ്ണുനട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഏത് നീക്കുപോക്കുകളും തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ പാകത്തില്‍ രാഷ്ട്രീയ മര്യാദ പ്രത്യയ ശാസ്ത്രമായി സ്വീകരിക്കാത്ത ഇവര്‍ തൊട്ടുപിറകിലുണ്ടെന്ന ബോധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേകം വേണം. സംഘ് രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം തങ്ങളുടെ ബാധ്യതയാണെന്ന ബോധത്തില്‍ നിന്ന് കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയ കക്ഷികള്‍ പിറകോട്ട് പോകുമ്പോഴാണ് ഈ വിടവിലൂടെ ഇവര്‍ നുഴഞ്ഞു കയറുന്നത്. കാവി രാഷ്ട്രീയത്തെ കേരളം അത്രപെട്ടെന്ന് സ്വീകരിക്കില്ലെന്ന് എത്ര വലിയ വായില്‍ പറഞ്ഞാലും അവര്‍ കേരളത്തില്‍ പിടിച്ചെടുത്ത ഇടത്തെ കുറിച്ച് അബോധവാന്മാരാകരുത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ വൈരവും, സങ്കുചിത താത്പര്യങ്ങളും മാറ്റിവെച്ച് ഈ മഹാ ഭീഷണിക്കെതിരെ പൊരുതി നില്‍ക്കാനുള്ള തന്റേടം രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം. നേമവും മഞ്ചേശ്വരവും പാലക്കാടുമെല്ലാം ഇത്തരം സൂചനകളാണ് കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മിപ്പിക്കുന്നത്.
ജനാധിപത്യവും മതേതരത്വവും ആശയ ആദര്‍ശങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് രാജ്യത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വളര്‍ന്ന് വന്നതും ഭരണം കൈയാളിയിരുന്നതും. എന്നാല്‍, പിറവിയെടുത്തിട്ട് ഇന്നേവരെ നേരായ രാഷ്ട്രീയത്തിലൂടെ ഒരു പഞ്ചായത്ത് അംഗത്തെ പോലും സൃഷ്ടിച്ചെടുക്കാന്‍ കഴിയാത്ത കാവി രാഷ്ട്രീയം എക്കാലത്തും അധികാരത്തിലേക്ക് നുഴഞ്ഞ് കയറിയത് കുറുക്കുവഴികളിലൂടെയാണ്. ഇതിനായി മതത്തെയും ഭീകരതയെയും രാജ്യസ്‌നേഹത്തെയും കോര്‍പറേറ്റുകളെയും തരാതരം ഉപയോഗിച്ച് അനധികൃത മാര്‍ഗത്തിലൂടെയാണ് ഭരണ കേന്ദ്രങ്ങളിലെത്തിപ്പെട്ടിരുന്നത്. ശുദ്ധമായ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് സംഘ്പരിവാറിലെ ഉന്നതര്‍ തൊട്ട് താഴേക്കിടയിലുള്ള നേതാക്കള്‍ വരെ മനുഷ്യരെ തമ്മിലടിപ്പിക്കുകയും സമൂഹത്തില്‍ ശിഥീലികരണം സാധ്യമാക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവൃത്തികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നത്. രാജ്യത്തിന്റെ പിറവിയിലും രാജ്യത്തിന് നല്‍കിയ സംഭാവനകളിലും ഒരു അദൃശ്യ സാന്നിധ്യം പോലുമില്ലാതിരുന്ന സംഘ്പരിവാര്‍ ഇന്ന് രാജ്യത്തിന്റെ ഭരണം നടത്തുന്ന തരത്തിലേക്ക് വളര്‍ന്നതും ഈ ഹിംസാത്മകമായ പ്രവൃത്തികളിലൂടെയാണെന്ന കാര്യത്തില്‍ സംശയമില്ല. രാമരാജ്യ സൃഷ്ടിക്കായി പ്രതലം പരുവപ്പെടുത്തിയെടുത്ത് കൊണ്ടിരിക്കുന്ന സംഘ് രാഷ്ട്രീയത്തെ നിസ്സാരമായി കാണാന്‍ പാടില്ല. ഇങ്ങനെ കണ്ട കോണ്‍ഗ്രസിന് ഗോവയിലും മണിപ്പൂരിലും ലഭിച്ച തിരിച്ചടി കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും പഠമാകണം.
ഭരിക്കാന്‍ ആവശ്യമായ സീറ്റിന്റെ 95 ശതമാനം കൈയിലുണ്ടായിരുന്നിട്ടും 50 ശതമാനം പോലും നല്‍കാതെ ജനം തിരസ്‌കരിച്ച സംഘ്പരിവാര്‍ രായ്ക്ക്‌രാമാനം കേന്ദ്രമന്ത്രിയെ വരെ കെട്ടിയെഴുന്നള്ളിച്ച് ഭരണം പിടിച്ചുപറിച്ച സംഭവം കോണ്‍ഗ്രസിനുള്ള തിരിച്ചടിയായി മാത്രം കാണാനാവില്ല. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ പാകത്തില്‍ അധികാരത്തെ എത്രമേല്‍ ഉപയോഗപ്പെടുത്തിയെന്ന പാഠമാണ് ഇവിടങ്ങളിലെ ഗവര്‍ണര്‍മാരുടെ പെരുമാറ്റം. ഒപ്പം ഭരണഘടനാ കീഴ്്‌വഴക്കങ്ങളെ പോലും ലംഘിച്ച ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ നീക്കങ്ങളെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനെ സാങ്കേതികതയുടെ പേര് പറഞ്ഞ് വിമര്‍ശിച്ചതിലൂടെ ജനാധിപത്യ ധ്വംസനത്തിന് അന്ത്യകൂദാശ നല്‍കുന്ന പ്രവര്‍ത്തനമാണ് പരമോന്നത കോടതി പോലും ചെയ്തതെന്ന് പറഞ്ഞാല്‍ അധികമാവില്ല. പ്രമാദമായ കേസുകളില്‍ കീഴ്‌കോടതികള്‍ വിധിച്ച വധശിക്ഷയെ ബലഹീനമായ സാങ്കേതിതത്വം ചൂണ്ടിക്കാണിച്ച് റദ്ദാക്കി പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്ന കോടതിക്ക് ജനാധിപത്യത്തെ ക്ഷയിപ്പിക്കുകയും രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ലെന്നത് രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പൊതുബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിലെ ചില മാധ്യമങ്ങള്‍ നല്‍കുന്ന അമിത ഇടം ഈ പോതുബോധത്തെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
അതുകൊണ്ട് ജനാധിപത്യത്തിന്റെ മഹിമയും ജുഡീഷ്യറിയുടെ മേന്മയും പറഞ്ഞിരുന്ന് അതില്‍ വിശ്വാസമര്‍പ്പിച്ച് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിച്ചോടിയാല്‍ മണിപ്പൂരും ജമ്മുകാശ്മീരും കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പും പറയാന്‍ കഴിയില്ല. അതിന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യയ ശാസ്ത്രങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താത്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി സംഘ് രാഷ്ട്രീയത്തിന് അവസരമൊരുക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത് അവര്‍ക്ക് പരവതാനി വിരിച്ചുകൊടുക്കലാകുമെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. ഇതിന് ഇടതു-വലത് പ്രത്യയശാസ്ത്രങ്ങള്‍ എന്തായാലും അത് സംഘ് രാഷ്ട്രീയത്തേക്കാള്‍ കേരളത്തിന് ഗുണകരമാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് ആദ്യം നടത്തേണ്ടത്. താഴേക്കിടയിലുള്ള തദ്ദേശ സ്വയംഭരണ രാഷ്ട്രീയത്തില്‍ നിന്ന് വേണം ഇത് തുടങ്ങാന്‍.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest