Connect with us

Kerala

ജലനിരപ്പ് താഴ്ന്നു; വൈദ്യുതി ബോര്‍ഡ് പ്രതിസന്ധിയിലേക്ക്

Published

|

Last Updated

പാലക്കാട്: കടുത്ത വേനലിനെ തുടര്‍ന്ന് സംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ കെ എസ് ഇ ബി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പ്രതിദിനം നാല് കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിനെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 30 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം 70 ദശലക്ഷം യൂനിറ്റാണ്. ഇതിന്റെ 30 ശതമാനം ജലവൈദ്യുത പദ്ധതികളില്‍ നിന്നും 30 ശതമാനം സ്വകാര്യ വൈദ്യുത നിലയങ്ങളില്‍ നിന്നും 40 ശതമാനം കേന്ദ്ര ഗ്രിഡില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്.

സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ ഉത്പാദനം 12 ശതമാനമായി കുറച്ചു. ബാക്കി ആവശ്യമായി വരുന്ന മുഴുവന്‍ വൈദ്യുതിയും കേന്ദ്ര ഗ്രിഡില്‍ നിന്നും ഛത്തീസ്ഗഢ്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ് ലഭ്യമാക്കുന്നത്. യൂനിറ്റിന് 3.25 രൂപമുതല്‍ 4.75 വരെയാണ് സ്വകാര്യ നിലയങ്ങളുടെ നിരക്ക്. കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയുടെ ശരാശരി വില യൂനിറ്റിന് മൂന്ന് രൂപയാണ്. വിതരണ ചെലവ് കൂടി കൂട്ടുമ്പോള്‍ ഇത് 6.33 രൂപയാകും. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു യൂനിറ്റ് വൈദ്യുതിയുടെ ശരാശരി വില 5.25 രൂപയാണ്. ഉത്പാദന ചെലവ് യൂനിറ്റിന് 50 പൈസയില്‍ താഴെയുള്ള ജലവൈദ്യുതിയുടെ അഭാവം കെ എസ് ഇ ബിക്ക് ഇപ്പോള്‍ പ്രതിമാസം നല്‍കുന്നത് 100 കോടിയോളം രൂപയുടെ നഷ്ടമാണ്. പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുന്നതും നഷ്ടം കൂട്ടി.
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയില്‍ അവശേഷിക്കുന്നത് 17 ശതമാനം വെള്ളം മാത്രം. പീക്ക് സമയത്ത് മാത്രമാണ് മൂഴിയാര്‍ പവര്‍ ഹൗസില്‍ ഉത്പാദനം നടക്കുന്നത്. കക്കി ഡാമിലെ പരമാവധി ജലനിരപ്പ് 941.21 മീറ്ററും കൊച്ചുപമ്പയിലേത് 963.15 മീറ്ററുമാണ്. എന്നാല്‍, ഇതിന്റെ 17 ശതമാനം മാത്രമാണ് സംഭരണികളില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 30 ശതമാനം വെള്ളം ഉണ്ടായിരുന്നെന്നാണ് കണക്ക്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ക്രമാതീതമായി താഴുകയാണ്. 2339.80 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 അടി വെള്ളം കുറവാണ്.

വേനല്‍ക്കാലത്തെ നേരിടാന്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനവും കുറച്ചു. 800 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമുള്ള വെള്ളമാണ് ഇടുക്കി സംഭരണിയിലുള്ളത്. ഡാമിലെ ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംഭരണ ശേഷിയുടെ 57 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 37.3 ശതമാനം മാത്രമാണുള്ളത്.