Connect with us

Sports

മാഡ്രിഡില്‍ നിന്ന് റയല്‍

Published

|

Last Updated

മാഡ്രിഡ്: അടുത്ത മാസം മൂന്നിന് കാര്‍ഡിഫില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവെന്റസും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. മാഡ്രിഡ് ടീമുകള്‍ തമ്മിലുള്ള സെമിഫൈനലില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡ് ഉയര്‍ത്തിയ വെല്ലുവിളി ഇരുപാദത്തിലുമായി 4-2ന് അതിജീവിച്ചു. ആദ്യ പാദം റയല്‍ 3-0ന് ജയിച്ചപ്പോള്‍ അത്‌ലറ്റിക്കോയുടെ ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദം 2-1ന് റയല്‍ തോറ്റു. ആദ്യ പകുതിയില്‍ നാല് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡ് കത്തിക്കയറിയപ്പോള്‍ റയല്‍ ചാമ്പലാകുമെന്ന് തോന്നിച്ചു. പക്ഷേ, ആദ്യപകുതിക്ക് മൂന്ന് മിനുട്ടിരിക്കെ ഇസ്‌കോയുടെ നിര്‍ണായക എവേ ഗോളില്‍ റയല്‍ നഷ്ടപ്പെട്ട ആത്മവീര്യം തിരിച്ചുപിടിച്ചു.
സ്‌കോര്‍ മാര്‍ജിന്‍ 3-0 ആക്കിയിരുന്നെങ്കില്‍ അത്‌ലറ്റിക്കോക്ക് സമനില പിടിച്ച് മത്സരം അധിക സമയത്തിന്റെയും ഷൂട്ടൗട്ടിന്റെയും അനിശ്ചിതത്വത്തിലേക്ക് നീട്ടിയെടുക്കാമായിരുന്നു. ഹോം ഗ്രൗണ്ടിലാകുമ്പോള്‍ മേല്‍ക്കൈയോടെ സമ്മര്‍ഘട്ടത്തെ ഡിയഗോ സിമിയോണിക്കും ശിഷ്യന്‍മാര്‍ക്കും മറികടക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. പക്ഷേ, ഇസ്‌കോയുടെ ഗോള്‍ അത്‌ലറ്റിക്കോയെ നിരാശപ്പെടുത്തി.
പന്ത്രണ്ടാം മിനുട്ടില്‍ മിഗ്വേല്‍ നിഗ്വെസിന്റെ ഗംഭീര ഹെഡര്‍ ഗോളില്‍ അത്‌ലറ്റിക്കോ ലീഡെടുത്തു. മൂന്ന് ഗോളുകളുടെ കടം വീട്ടാന്‍ ഉറച്ചു തന്നെയാണ് സിമിയോണിപ്പടയെന്ന് ഉറപ്പായി നിമിഷം.

പതിനാറാം മിനുട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ റയലിനെ ഞെട്ടിച്ചു. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ റയലിന്റെ ഗോള്‍ വന്നു. ഫ്രഞ്ച് താരം കരീം ബെന്‍സിമയുടെ കുതിപ്പായിരുന്നു ഇസ്‌കോയുടെ ഗോളില്‍ കലാശിച്ചത്.
2004ന് ശേഷം ആദ്യമായിട്ടായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ആദ്യ ഇരുപത് മിനുട്ടിനുള്ളില്‍ രണ്ട് ഗോള്‍ വഴങ്ങിയത്.

ഗ്രിസ്മാന്‍ പെനാല്‍റ്റി കിക്കെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അത്‌ലറ്റിക്കോ ആരാധകരുടെ നെഞ്ചിടിപ്പേറിയതിന് കാരണമുണ്ടായിരുന്നു. ലാ ലിഗയില്‍ ഇത്തവണ രണ്ട് പെനാല്‍റ്റികള്‍ ഗ്രിസ്മാന്‍ പാഴാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ഗ്രിസ്മാന്‍ റയലിനെതിരെ പെനാല്‍റ്റി പാഴാക്കി. ഇത്തവണ പനേങ്ക സ്റ്റൈലില്‍ ചിപ് ചെയ്താണ് ഗ്രിസ്മാന്‍ കിക്ക് വലയിലെത്തിച്ചത്.
അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ വിസെന്റ് കാല്‍ഡെറോണിലെ അവസാന ചാമ്പ്യന്‍സ് ലീഗ് മത്സരമായി ഇത് മാറി. 1966 ല്‍ അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ കാര്‍ഡെറോണ്‍ വിട്ട് എഴുപത്താറായിരം കാണികളെ ഉള്‍ക്കൊള്ളുന്ന പുതിയ സ്റ്റേഡിയത്തിലേക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് തട്ടകം മാറ്റുകയാണ്.

ഇസ്‌കോ ഫൈനല്‍ കളിക്കും, ഉറപ്പ് !

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ ഒറ്റ എവേ ഗോളോടെ റയലിന്റെ മുഖ്യധാരയിലേക്ക് ഇസ്‌കോ തന്റെ പേര് ഉയര്‍ത്തിയിരിക്കുന്നു. ക്രിസ്റ്റ്യാനോയും ബെയ്‌ലും ബെന്‍സിമയും ചേരുന്ന അറ്റാക്കിംഗ് നിരയുടെ പകരക്കാരന്റെ റോളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ട് മലാഗയുടെ മുന്‍ മിഡ്ഫീല്‍ഡര്‍.
കാര്‍ഡിഫില്‍ ജൂണ്‍ മൂന്നിന് യുവെന്റസിനെതിരെ ഫൈനലില്‍ റയലിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇസ്‌കോ ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഗാരെത്‌ബെയ്‌ലില്‍ പരുക്കേറ്റ് പുറത്താണ്. ഫൈനലാകുമ്പോഴേക്കും ബെയ്‌ലിന് പരുക്കില്‍ നിന്ന് മുക്തി നേടാനായേക്കാം. എങ്കിലും ഫൈനലില്‍ ഇസ്‌കോക്ക് തന്നെയാകും അവസരം ലഭിക്കുക. കഴിഞ്ഞ രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ഇസ്‌കോ കളിച്ചിരുന്നു. അന്നെല്ലാം റയല്‍ ചാമ്പ്യന്‍മാരായി.
2013 ല്‍ മലാഗയില്‍ നിന്ന് റയലിലെത്തിയ ഇസ്‌കോ ലിസ്ബണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയാണ് ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചത്. അമ്പത്തൊമ്പതാം മിനുട്ടില്‍ സമി ഖെദീറയുടെ പകരക്കാരനായിട്ട് ഇസ്‌കോ കളത്തിലിറങ്ങി.

ഖെദീറക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് കാണാനുള്ള സാധ്യതയുള്ളതിനാല്‍ ഇസ്‌കോയെ പകരമിറക്കുകയായിരുന്നു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മിലാനില്‍ കഴിഞ്ഞ തവണ റയല്‍-അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍ വീണ്ടും വന്നപ്പോഴും ഇസ്‌കോ കളിച്ചു.
അന്നും പകരക്കാരന്റെ റോളില്‍. ജര്‍മന്‍ താരം ടോണി ക്രൂസിനെ പിന്‍വലിച്ച സിദാന്‍ ഇസ്‌കോയെ രംഗത്തിറക്കുമ്പോള്‍ ശേഷിച്ചത് പതിനെട്ട് മിനുട്ടുകള്‍ മാത്രമായിരുന്നു.

സ്പാനിഷ് ലാ ലിഗയില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെതിരെയും ഡിപ്പോര്‍ട്ടീവോക്കെതിരെയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇസ്‌കോ ഗാരെത് ബെയ്‌ലിന്റെ അഭാവത്തിലാണ് റയലിന്റെ മുന്‍നിരയില്‍ കളിക്കുന്നത്.
സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം ലഭിച്ചില്ലെങ്കില്‍ സീസണോടെ റയല്‍ വിടാനിരിക്കുകയാണ് ഇസ്‌കോ. എന്നാല്‍, തന്റെഭാവി പദ്ധതികളില്‍ ഇസ്‌കോക്ക് സ്ഥാനമുണ്ടെന്ന് സിദാന്‍ വ്യക്തമാക്കിയത് ട്രാന്‍സ്ഫര്‍ നീക്കങ്ങളെ മരവിപ്പിച്ചിട്ടുണ്ട്.

Latest