ഉമര്‍ ഫയാസിന്റെ കൊലപാതകികളെ വെറുതെ വിടില്ലെന്ന് പ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ സൈന്യം

Posted on: May 11, 2017 1:22 pm | Last updated: May 11, 2017 at 6:56 pm

ശ്രീനഗര്‍: ഉമര്‍ ഫയാസിന്റെ കൊലപാതകികളെ വെറുതെ വിടില്ലെന്ന് പ്രതിജ്ഞയെടുത്ത് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കശ്മീരിലെ ഷോപ്പിയന്‍ മേഖലയില്‍ 22കാരനായ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുവാനായി ബത്പുരി ഗ്രാമത്തിലേക്ക് പോയ ഫയാസിനെ തീവ്രവാദികള്‍ തട്ടികൊണ്ടു പോയി വധിക്കുകയായിരുന്നു.

ഉമര്‍ ഫയാസിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ വെറുതെ വിടില്ലെന്നും, അവര്‍ക്ക് തക്കതായ ശിക്ഷ ഇന്ത്യന്‍ സൈന്യം നല്‍കുക തന്നെ ചെയ്യുമെന്നും ലഫ്. ജനറല്‍ അഭയ് കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പത്താം തിയതി രാജ്പുതാന റൈഫിള്‍സില്‍ സൈനിക ജീവിതം ആരംഭിച്ച ഫയാസ് തന്റെ സൗമ്യസ്വഭാവം കൊണ്ടും, സത്യസന്ധത കൊണ്ടും ക്യാമ്പിലെ സുഹൃത്തുക്കള്‍ക്ക് പ്രിയങ്കരനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം തീവ്രവാദികളുടെ ഭീരത്വത്തിന്റെ ഉദാഹരണമാണെന്നും, ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.