ഡിമാന്റ് കുറയുന്നു: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്‌

Posted on: May 11, 2017 12:52 pm | Last updated: May 11, 2017 at 12:52 pm
SHARE

കൊച്ചി: മഞ്ഞലോഹത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെ സ്വര്‍ണ വില ഇടിയുന്നു. അന്താരാഷ്ട്ര വിപണിയില്‍ രണ്ടാഴ്ചയായി സ്വര്‍ണവില തുടര്‍ച്ചയായി താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് വിപണി കാണുന്നത്. ഏപ്രില്‍ മൂന്നാം വാരമാദ്യം വില ഒരുട്രോയ് ഔണ്‍സിന് 1,289 ഡോളറായിരുന്നു. എന്നാല്‍ മെയ് ആദ്യവാരത്തില്‍ ഇത് 1,229 ഡോളറായി കുറയുകയാണുണ്ടായത്. ആഭ്യന്തര വിപണിയില്‍ പത്ത് ഗ്രാമിന് 29,514ആയിരുന്നത് 28,070 രൂപയിലെത്തി. അടുത്തയാഴ്ചയോടെ വില 27,500 ലെത്തിയേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കുറയുന്നതോടൊപ്പം അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ദേശീയവാദ നയങ്ങള്‍ നടപ്പിലക്കിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ജോബ്ഡാറ്റ ഉയര്‍ന്നതും സ്വര്‍ണത്തെ ബാധിച്ചിട്ടുണ്ട്. യു എസ് സമ്പദ്ഘടനയില്‍ സാമ്പത്തിക മാന്ദ്യം വിതച്ച ക്ഷീണം വളര്‍ച്ചക്ക് വഴിമാറിയതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച് അടുത്ത ഫെഡ് റിസര്‍വ് യോഗം നിലപാടെടുക്കുന്നതും സ്വര്‍ണ വിലയെയും ഡിമാന്റിനെയും സ്വാധീനിക്കും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്റില്‍ വന്‍കുറവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇതര കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതും അതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതും ഒരുപോലെ സ്വര്‍ണവിലയെ ബാധിക്കുമെന്ന് ഉറപ്പാണ്. ചൈനീസ് ട്രേഡ് ബാലന്‍സ്, രാജ്യത്തെ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപത്തിന്റെ വരവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി, രാജ്യത്തെ വ്യവസായികോത്പാത്പാദന സൂചിക തുടങ്ങിയ ആഭ്യന്തര-അന്താരാഷ്ട്ര ഘടകങ്ങളും അടുത്തയാഴ്ചകളില്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുമെന്ന് വ്യക്തമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here