Connect with us

Articles

ആ കുടുംബങ്ങള്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

Published

|

Last Updated

താമസിക്കാന്‍ ഒരു തുണ്ടുഭൂമിക്കു വേണ്ടി ചെങ്ങറ കോളനി കുടുംബങ്ങള്‍ നടത്തിയ സഹന സമരം കേരളചരിത്രത്തില്‍ മറക്കാനാകാത്ത ഏടാണ്. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടം വിജയിച്ചുവെന്നും അധികാരിവര്‍ഗം ഈ ജനതയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുമടക്കി എന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഏഴുവര്‍ഷം മുമ്പ് ഇവരുടെ പുനരധിവാസത്തിനുവേണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ പുനരധിവാസത്തിന്റെ പേരുപറഞ്ഞ് കേരളം മാറിമാറിഭരിച്ചവര്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. ശരിയായ രീതിയിലുള്ള പുനരധിവാസം നടപ്പിലാക്കാതെയും പട്ടയം നല്‍കാതെയും ഈ നിര്‍ധന കുടുംബങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കു വേണ്ടി വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് “ചെങ്ങറ നിവാസികള്‍”.

2010ല്‍ കാസര്‍കോട് ജില്ലയിലെ പെരിയ വില്ലേജ് സര്‍വേ ഃ/034 ല്‍പെട്ട പാറപ്രദേശത്താണ് ചെങ്ങറയിലെ എണ്‍പത്തഞ്ചില്‍പരം കുടുംബങ്ങളെ പുനരധിവാസമെന്ന പേരില്‍ അന്നത്തെ ഭരണകൂടം മാറ്റി പാര്‍പ്പിച്ചത്. 85ല്‍ നാല്‍പ്പതു കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. കൃഷി ചെയ്തുജീവിക്കാന്‍ അനുയോജ്യമായ വീടും സ്ഥലവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. 360 കുടുംബങ്ങള്‍ സര്‍ക്കാറിന്റെ വാക്കുവിശ്വസിച്ച് ചെങ്ങറയില്‍ നിന്നും വണ്ടികയറി കാസര്‍കോട്ടെത്തി. ഇവരില്‍ 85 പേരെ പെരിയയിലും മറ്റുള്ളവരെ രാജപുരത്തും ചീമേനിയിലുമൊക്കെയായി പുനരധിവസിപ്പിക്കുകയായിരുന്നു.

പെരിയയില്‍ ചെങ്കല്‍പ്പാറയാണ് തങ്ങളുടെ പുനരധിവാസകേന്ദ്രമെന്ന് തിരിച്ചറിഞ്ഞതോടെ വഞ്ചിക്കപ്പെട്ടതിന്റെ നിരാശ ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നു. താമസിക്കാന്‍ വേറെ ഇടമില്ലാത്തതിനാല്‍ മനമില്ലാമനസ്സോടെയാണ് താമസം തുടങ്ങിയതെന്നു മാത്രം. 360 കുടുംബങ്ങളില്‍ 85 പേര്‍ക്ക് മാത്രം 11. 37 കോടി രൂപയാണ് പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ലഭിച്ചതാകട്ടെ എട്ട് സെന്റ് സ്ഥലവും വീടും മാത്രം. ദളിത്ആദിവാസി കുടുംബങ്ങള്‍ക്ക് 50 സെന്റ് സ്ഥലവും മറ്റുള്ളവര്‍ക്ക് 25 സെന്റ് സ്ഥലവും നല്‍കാനാണ് തീരുമാനിച്ചതെങ്കിലും പ്രായോഗികമായില്ല. സ്ഥലം അളന്നുതിരിച്ച അധികൃതര്‍ പട്ടയം നല്‍കാതെ ഈ പാവങ്ങളെ ദുരിതക്കയത്തിലേക്കെറിയുകയായിരുന്നു. ഇവരുടെ സമരത്തെ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് മുഖം രക്ഷിക്കുകയെന്നതില്‍ കവിഞ്ഞ് യാതൊരു ആത്മാര്‍ഥതയും ഈ പുനരധിവാസത്തിലുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു പില്‍ക്കാല അനുഭവങ്ങളൊക്കെയും. ഏഴു വര്‍ഷക്കാലമായി അനുവദിക്കപ്പെട്ട ഭൂമിക്ക് കരമോ പട്ടയമോ ലഭിക്കാതെ അനാഥരായി കഴിയുന്ന ആദിവാസികള്‍ അടക്കമുള്ള കുടുംബങ്ങളുടെ ദൈന്യത ആരുടെയും കരളലിയിപ്പിക്കുന്നതാണ്. പട്ടയം ലഭിക്കുന്നതിനായി ഇവര്‍ നിരവധി തവണ ജില്ലാഭരണാധികാരികളെ സമീപിച്ചെങ്കിലും പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റു ധനപരമായ കാര്യങ്ങള്‍ക്കും വേണ്ടി കൃഷിഭവന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും നികുതിയടച്ച രസീതില്ലാത്തതിന്റെ പേരില്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. 2016 നവംബര്‍ നാലിന് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും ചെങ്ങറ കുടുംബങ്ങള്‍ നല്‍കിയ ഹരയെ തുടര്‍ന്ന് നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 20,000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമ്പോഴും ഇക്കൂട്ടത്തില്‍ ചെങ്ങറ കുടുംബം ഉള്‍പ്പെടുന്നില്ല.
കത്തുന്ന ചൂടില്‍ പെരിയ കാലിയടുക്കത്തെ പാറപ്പരപ്പില്‍ ചെങ്ങറക്കാര്‍ ഓരോദിവസവും തള്ളിനീക്കുന്നത് എത്രമാത്രം കഷ്ടത അനുഭവിച്ചാണെന്ന് അവര്‍ക്കുമാത്രമേ അറിയൂ. 40 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെങ്കിലും നിലവില്‍ 35 കുടുംബങ്ങള്‍ക്കു മാത്രമേ വീടുള്ളൂ. മറ്റുള്ളവരുടെ വീട് നിര്‍മാണം പാതിവഴിയിലാണ്. വീടുള്ളവര്‍ക്കുതന്നെ താമസിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ല. വെള്ളവും വൈദ്യുതിയും കിട്ടുന്നില്ല. ദൂരെ നിന്നും സ്വകാര്യവ്യക്തികളുടെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചുകൊണ്ടുവന്ന് ആവശ്യം നിറവേറ്റേണ്ടിവരുന്ന ഗതികേടിലാണിവര്‍. താമസിക്കാന്‍ നല്‍കിയ സ്ഥലം ചെങ്കല്‍പ്പാറയായതിനാല്‍ ഉപജീവനമാര്‍ഗത്തിനായി അധികൃതര്‍ ഇവര്‍ക്ക് കല്ലുവെട്ട് യന്ത്രം അനുവദിച്ചിരുന്നു. കല്ലുവെട്ടു ജോലിയിലൂടെയാണ് പലരും അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാല്‍, ഏറെ താമസിയാതെ തഹസില്‍ദാര്‍ ഇവിടെയെത്തുകയും ചെങ്കല്‍ഖനനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവിട്ടുവാങ്ങിയ കല്ലുവെട്ടു യന്ത്രം അതോടെ തുരുമ്പെടുത്ത് നശിക്കുകയായിരുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ ചെയ്തുജീവിക്കാന്‍ നാലു വര്‍ഷം മുമ്പ് 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തൊഴില്‍ശാല ആളനക്കമില്ലാതെ നോക്കുകുത്തിയായി മാറിക്കഴിഞ്ഞു. പേപ്പര്‍ കട്ടിംഗ് യന്ത്രം, കാര്‍പെന്ററി യന്ത്രം, പേപ്പര്‍കപ്പ്, പ്ലേറ്റ് നിര്‍മാണയന്ത്രങ്ങള്‍ മുതലായവയെല്ലാം ഒരുക്കിയ വിപുലമായ തൊഴില്‍ശാല ചെങ്ങറ കോളനിക്കാര്‍ക്കുനല്‍കിയ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാതെ നാശത്തിന്റെ വക്കിലാണിപ്പോള്‍. വൈദ്യുതികണക്ഷന്‍ ലഭിക്കാതത്താണ് തൊഴില്‍ശാല പ്രവര്‍ത്തിക്കാത്തതിന് കാരണമായി പറയുന്നത്. വൈദ്യുതി കണക്ഷന്‍ നല്‍കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനും സര്‍ക്കാറിനുമാണ്. എന്തുകൊണ്ട് അതിന് വേണ്ട നടപടി സ്വീകരിച്ചില്ലെന്നതിനു മറുപടി പറയേണ്ട ബാധ്യതയും അധികാരിവര്‍ഗത്തിനുണ്ട്. ഇവിടുത്തെ പഞ്ചായത്ത് അധികൃതരും എം പിയും എം എല്‍ എമാരും അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഈ കെടുകാര്യസ്ഥതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
വൈദ്യുതി കണക്ഷന്‍ കിട്ടിയില്ലെന്ന കാരണത്താല്‍ ചെങ്ങറ കുടുംബത്തിനുവേണ്ടിയുള്ള കമ്യൂണിറ്റി ഹാളും നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറന്നുകൊടുത്തിട്ടില്ല. എല്ലാ കുടുംബങ്ങള്‍ക്കും സ്വയംതൊഴിലിന്റെ ഭാഗമായി പശുക്കളെ വളര്‍ത്താന്‍ നല്‍കിയെങ്കിലും ഇത് തുടരുന്നതിനും പ്രോത്‌സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടിയൊന്നുമുണ്ടായില്ല. തീറ്റപുല്ല് കൃഷിക്കുവേണ്ടി ഒരേക്കര്‍ സ്ഥലം അനുവദിച്ചതിനുപുറമെ ഡയറി ഫാം കെട്ടിടവും ഇവിടെ നിര്‍മിച്ചിരുന്നു. ഫാം കെട്ടിടവും അനാഥാവസ്ഥയിലാണ്.
ചെങ്ങറ കോളനിക്കാരുടെ വീടുകളോട് ചേര്‍ന്ന് ഷെഡ് നിര്‍മിക്കാന്‍ അര ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടതോടെ ഇതും അനിശ്ചിതത്വത്തിലാണ്. ചെങ്ങറ കുടുംബത്തിന്റെ പുനരധിവാസഗ്രാമം ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓരോ കുടുംബത്തിനും അമ്പതിനായിരം രൂപ വെച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പായില്ല.
നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണിവര്‍. ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയെ അഭിമുഖീകരിക്കുന്നു. പാറപ്രദേശമായതിനാല്‍ കൃഷി ചെയ്തുജീവിക്കാനാകുന്നില്ല. സൗജന്യറേഷനോ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് നാട്ടില്‍ ജോലിയും കിട്ടുന്നില്ല. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഗുണ്ടകളുടെയും സാമൂഹിക വിരുദ്ധരുടെയും ആക്രമണങ്ങളും നേരിടേണ്ടിവരുന്നു. പ്രദേശത്ത് മദ്യ മാഫിയാസ്വാധീനമുള്ളതിനാലാണ് ആക്രമങ്ങള്‍ പതിവാകുന്നത്. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ വിഭാഗത്തെ ഇനിയും സമരത്തിലേക്ക് തള്ളിവിടുന്നത് ക്രൂരതയാണ്. എല്ലാ വിധത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളോടും കൂടി ഉപജീവനമാര്‍ഗം കണ്ടെത്താന്‍ ഉതകുന്ന തരത്തിലുള്ള പുനരധിവാസമാണ് ഇവര്‍ക്കാവശ്യം. സര്‍ക്കാറും ജില്ലാഭരണകൂടവും ചെങ്ങറ കോളനിക്കാര്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണം. വൈകരുത്.