വേനലവധി ; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

Posted on: May 10, 2017 4:20 pm | Last updated: May 10, 2017 at 3:19 pm

ഷാര്‍ജ: യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വേനലവധി ആസന്നമായതോടെ കേരളമുള്‍പെടെ ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഭീമമായ വര്‍ധന.
അടുത്ത മാസം 22 മുതലാണ് വേനലവധി. മൂന്നും നാലും ഇരട്ടിവരെയാണ് ടിക്കറ്റ് നിരക്ക് കൂടിയത്. പ്രവാസികള്‍ ഏറെയുള്ള കേരളത്തിലേക്കാണ് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കഴുത്തറപ്പന്‍ നിരക്ക്. വണ്‍വേ ടിക്കറ്റിന് മാത്രം ദുബൈയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് റെക്കോര്‍ഡ് നിരക്കാണ്. മംഗലാപുരത്തേക്കുള്ള നിരക്കും സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. മുംബൈ, ഗോവ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരക്കിലും വലിയ വര്‍ധനവുണ്ട്.
ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്വകാര്യ കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയവയെല്ലാം നിരക്ക് വര്‍ധനവില്‍ തുല്യരാണ്. എയര്‍ അറേബ്യ ഉള്‍പെടെയുള്ള ഗള്‍ഫ്, വിദേശ കമ്പനികളുടെ നിരക്കുകളും ഒട്ടും പിറകിലല്ല. എയര്‍ അറേബ്യക്ക് തിരുവനന്തപുരത്തേക്ക് മടക്ക യാത്ര അടക്കമുള്ള ടിക്കറ്റ് നിരക്ക് 4,000 ദിര്‍ഹം വരെയാണ്. കോഴിക്കോട്ടേക്ക് 23ന് വണ്‍വേ ടിക്കറ്റിന് മാത്രം 3,000 ദിര്‍ഹം വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ 23ന് രാത്രി ദുബൈ-മുംബൈ വഴി മംഗലാപുരത്തേക്ക് വണ്‍വേ ടിക്കറ്റിന് 1,500 ദിര്‍ഹമാണ് നിരക്ക്. അന്ന് രാവിലെ മംഗലാപുരത്തേക്ക് നേരിട്ടുള്ള യാത്രക്ക് 2,400 ദിര്‍ഹമാണ് കാണുന്നത്. ഇതേ ദിവസം സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവക്കെല്ലാം 2000 ദിര്‍ഹമിന് മുകളിലാണ് വണ്‍വേ നിരക്ക്. ഇതേ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കോഴിക്കോട്ടേക്കുള്ള നിരക്ക് 1,700ലധികമാണ്. സമയങ്ങളിലെ മാറ്റം നിരക്കിലും വ്യതിയാനം ഉണ്ടാക്കും. 22ന് രാത്രി മംഗലാപുരത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സീറ്റ്ഫുള്‍ എന്നാണ് പറയുന്നത്. സര്‍വീസ് നടത്തുന്ന ഇതര വിമാനക്കമ്പനികളുടെ നിരക്ക് സാധാരണ പ്രവാസിക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ്. 23ന് എയര്‍ അറേബ്യക്ക് ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക് 3,000 ദിര്‍ഹമില്‍ ഏറെ വരും.
കഴിഞ്ഞ വര്‍ഷം വരെ റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചതിനേക്കാളുമധികം നിരക്കാണ് ഇത്തവണ വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 2,000 ദിര്‍ഹമില്‍ താഴെ നിരക്കില്‍ മംഗലാപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള മടക്കയാത്ര ടിക്കറ്റ് ലഭിച്ചിരുന്നത് ഇത്തവണ വണ്‍വേ ടിക്കറ്റിന് മാത്രം പ്രസ്തുത തുകയില്‍ അധികം നല്‍കേണ്ട സ്ഥിതിയാണ്.

കേരളത്തിലേക്ക് മാത്രമല്ല, ഇന്ത്യയിലെ മറ്റിടങ്ങളിലേക്കും ഈ വേനലവധിക്കാലത്ത് നിരക്ക് കുത്തനെ ഉയര്‍ന്നത് യാത്രക്കാരില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ മുന്‍വര്‍ഷങ്ങളില്‍ മുംബൈ, ഗോവ, ബെംഗളൂരു, കോയമ്പത്തൂര്‍, പൂനെ എന്നിവിടങ്ങളിലേക്കെല്ലാം കുറഞ്ഞ നിരക്കില്‍ വണ്‍വേ, റിട്ടേണ്‍ ടിക്കറ്റ് ലഭിക്കുമായിരുന്നു. അതിനാല്‍ ചുരുങ്ങിയ വരുമാനക്കാരായ പ്രവാസി മലയാളി യാത്രക്കാര്‍ ഇവിടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആയിരം ദിര്‍ഹമിന് താഴെയുള്ള നിരക്കില്‍ മുംബൈ, ബെംഗളൂരു, ഗോവ മടക്ക ടിക്കറ്റ് വരെ ലഭിക്കുമായിരുന്നു. ഇവിടങ്ങളില്‍ നിന്ന് തീവണ്ടി, ബസ് മാര്‍ഗമാണ് സ്വദേശങ്ങളിലെത്തിയിരുന്നത്. അതിനാല്‍ യാത്രാചെലവ് വന്‍തോതില്‍ കുറയുമായിരുന്നു. എന്നാല്‍ ഇത്തവണ വണ്‍വേ ടിക്കറ്റിന് മാത്രം ആയിരം ദിര്‍ഹമിന് മുകളിലാണ് നിരക്ക്. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ പോകാമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.
തുച്ഛവരുമാനക്കാരായ പ്രവാസികളെയാണ് നിരക്ക് ശരിക്കും വിഷമത്തിലാക്കിയത്. ചുരുങ്ങിയത് രണ്ടും മൂന്നും മാസത്തെ ശമ്പളം ഉണ്ടായാലേ മടക്കയാത്ര ടിക്കറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ നാടെന്ന മോഹവും അത്തരക്കാര്‍ക്ക് സ്വപ്‌നമാവുകയാണ്. ഇപ്പോഴത്തെ നിലയില്‍ ഒരു നാലംഗ കുടുംബത്തിന് കേരളത്തിലെത്തണമെങ്കില്‍ ലക്ഷങ്ങളാണ് വേണ്ടിവരിക.
കഴിഞ്ഞ ആഗസ്റ്റില്‍ ഇന്‍ഡിഗോക്ക് ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ജൂണ്‍ 25ന് 400ഓളം ദിര്‍ഹമിന് വണ്‍വേ ടിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലേക്കാകട്ടെ റിട്ടേണ്‍ ടിക്കറ്റ് ആയിരം ദിര്‍ഹമില്‍ താഴെക്കും യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നു. ആ സ്ഥാനത്താണ് ആ തുകയുടെ നാലിരട്ടിയായി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വേനലവധിക്കാലത്തേക്ക് നേരത്തെ ബുക് ചെയ്തവര്‍ക്കാണ് പ്രസ്തുത തുകക്ക് ടിക്കറ്റുകള്‍ ലഭിച്ചത്.
ഇത്രയും ഭീമമായ നിരക്ക് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് പതിറ്റാണ്ടുകളായി പ്രവാസികളായി കഴിയുന്നവര്‍ പറയുന്നു. പ്രത്യേക കാരണങ്ങളും വര്‍ധനവിന് അവര്‍ കാണുന്നില്ല. വിദ്യാലയങ്ങള്‍ അടക്കാറാകുമ്പോള്‍ ടിക്കറ്റെടുക്കാമെന്ന് കരുതിയവരാണ് നിരക്ക് വര്‍ധനമൂലം തീര്‍ത്തും വെള്ളം കുടിച്ചത്.