നിയമ വിരുദ്ധമായി ആളുകളെ കയറ്റിയ മത്സ്യ ബന്ധന ബോട്ട് പിടികൂടി

Posted on: May 10, 2017 10:55 am | Last updated: May 10, 2017 at 10:54 am

ബേപ്പൂര്‍: നിയമം ലംഘിച്ച് ആളുകളെ കയറ്റിയ മത്സ്യബന്ധന ബോട്ട് പിടികൂടി. കോസ്റ്റ് ഗാര്‍ഡിന്റെ കടല്‍ പരിശോധനക്കിടെ ഉള്‍ക്കടലില്‍നിന്നാണ് നിയമ വിരുദ്ധമായി ആളുകളെ കയറ്റിയ മത്സ്യ ബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് പിടികൂടിയത്. ബേപ്പൂര്‍ സ്വദേശി കൂട്ടക്കല്‍ ജംഷീറിന്റെ ഉടമസ്ഥതയിലുള്ള സീ ഹന്‍ഡര്‍ എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരില്‍ നിന്ന് 15 ഫാദം അകലെ കടല്‍ പരിശോധനക്കിടയില്‍ പിടികൂടിയത്. രഞ്ജിനി പി, അസിസ്റ്റന് ഡയറക്ടര്‍ ഓഫ് ഫിഷറീസ് ബേപ്പൂര്‍, എസ് എസ് സുജിത്ത്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ കടല്‍ പട്രോളിംഗിനിടെയാണ് ബോട്ട് പിടികൂടിയത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകളുമായി കടല്‍യാത്ര നടത്തുകയായിരുന്ന ബോട്ടാണ് പിടികൂടിയത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം മത്സ്യ ബന്ധന യാനങ്ങള്‍ വേറെ അവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 30 ഓളം ആളുകളെ കയറ്റി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഒന്നും തന്നെയില്ലാതെ അപകടകരമായ വിധത്തില്‍ കടല്‍യാത്ര നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ നടപടികള്‍ക്കായി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍ എം ടി രതീഷ് ബാബു, റെസ്‌ക്യൂ ഗാര്‍ഡ് മാരായ ടി രജേഷ് ഷൈജു എന്നിവരും പെട്രോളിംഗ് ടീമിലുണ്ടായിരുന്നു.