Connect with us

Kerala

പ്ലസ് വണ്‍ പ്രവേശനം: ആദ്യ ദിവസങ്ങളില്‍ 81,888 അപേക്ഷകര്‍

Published

|

Last Updated

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യത്തെ രണ്ട് ദിവസങ്ങളിലായി 81,888 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കി. ഈമാസം 22 വരെ അപേക്ഷ നല്‍കാന്‍ സമയമുണ്ടെങ്കിലും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ പിന്നീട് വലിയ സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് കരുതിയാണ് വിദ്യാര്‍ഥികള്‍ നേരത്തെ അപേക്ഷ നല്‍കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. 9,819 വിദ്യാര്‍ഥികള്‍ ഈ രണ്ട് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 8,907 വിദ്യാര്‍ഥികളും മലപ്പുറത്ത് 7,714 വിദ്യാര്‍ഥികളും തിരുവനന്തപുരത്ത് 7,647 പേരും എറണാകുളത്ത് 7,541 വിദ്യാര്‍ഥികളും അപേക്ഷകള്‍ സമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് വരെ ലഭിച്ച അപേക്ഷകളുടെ കണക്കാണിത്.

എന്നാല്‍, കൃത്യമായ പരിശോധനയില്ലാതെ അപേക്ഷ നല്‍കിയാല്‍ പിശകുകള്‍ സംഭവിക്കാനുള്ള സാധ്യതയേറെയാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പറയുന്നു. തെറ്റുകള്‍ തിരുത്താനുള്ള അവസരം ലഭിക്കുമെങ്കിലും പൂര്‍ണമായി പരിശോധിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുന്നതാണ് നല്ലത്.

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം എല്ലാ ജില്ലകളില്‍ നിന്നും ഡയറക്ടറേറ്റില്‍ ലഭിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഏകജാലക സംവിധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത്തരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാന്‍ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍ നെറ്റ് എന്നിവ സൗകര്യപ്പെടുത്തണം. അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍ സ്‌കൂളിലെ ഹെല്‍പ് ഡസ്‌കിലുള്ളവര്‍ സൂക്ഷമ പരിശോധന നടത്തണം. സ്‌കൂളുകളില്‍ അപേക്ഷയുടെ പ്രിന്റ് നല്‍കുമ്പോഴും എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശനം നേടുന്ന അവസരത്തില്‍ മാത്രമാണ് ഹാജരാക്കേണ്ടത്.

 

Latest