Connect with us

Articles

സ്വകാര്യവത്കരണത്തിലേക്ക് കൂകിപ്പായുന്ന റെയില്‍വേ

Published

|

Last Updated

ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച തൊണ്ണൂറുകളിലാരംഭിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ മോദി സര്‍ക്കാര്‍ ശീഘ്രഗതിയിലാക്കിയിരിക്കുകയാണ്. റാവു മുതല്‍ മോദി വരെയുള്ളവര്‍ നിയോഗിച്ച കമ്മീഷനുകളുടെ ശിപാര്‍ശകളും പരിഷ്‌കാരങ്ങളും പതുക്കെ പതുക്കെ റെയില്‍വെയുടെ വ്യത്യസ്ത മേഖലകളെ സ്വകാര്യവത്കരിക്കുന്നതിലേക്ക് നയിച്ചു. 1991-ലെ രാകേഷ് മോഹന്‍ കമ്മിറ്റി ശിപാര്‍ശ മുതല്‍ 2015-16ലെ ബജറ്റ് നിര്‍ദേശങ്ങള്‍വരെ ഒരു പൊതുമേഖലാഗതാഗത സംവിധാനമെന്ന നിലയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അന്ത്യം ലക്ഷ്യം വെച്ചുള്ളതായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. പ്രതിദിനം രണ്ടര ലക്ഷം പേര്‍ ആശ്രയിക്കുന്ന യാത്രാസംവിധാനമാണിത്. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നീണ്ടുകിടക്കുന്ന പാതകളിലൂടെ ദിവസേന 30 ലക്ഷം ടണ്‍ ചരക്കുകളുടെ നീക്കമാണ് നടക്കുന്നത്. പതിമൂന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേയില്‍ പണിയെടുക്കുന്നത്. ഈ ജനോപകാരപ്രദമായ പൊതുമേഖലാ സംവിധാനത്തെ തകര്‍ക്കാനും അതിന്റെ ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യസംവിധാനങ്ങളും സ്വകാര്യ മൂലധനശക്തികള്‍ക്ക് കൈമാറാനുമുള്ള ത്വരിതഗതിയിലുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ രാജ്യത്തെ എ കാറ്റഗറിയിലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ നവീകരണത്തിന്റെ പേരില്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളാരംഭിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളുടെ അനുബന്ധമായുള്ള ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള ടെന്‍ഡര്‍ വിജ്ഞാപനം പുറത്തുവന്നുകഴിഞ്ഞു. ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള കോഴിക്കോട് ചെന്നൈ സ്റ്റേഷനുകളടക്കം 23 സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഭൂമി പാട്ടത്തിന് നല്‍കുന്നതിനുള്ള ടെന്‍ഡറാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട 4.39 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതിന്റെ രണ്ടാം ഘട്ടത്തില്‍ എ കാറ്റഗറിയിലുള്ള 408 സ്റ്റേഷനുകളുടെ ഭൂമി കൂടി കോര്‍പറേറ്റുകള്‍ക്ക് നല്‍കും. ഇതില്‍ 50 എണ്ണം ദക്ഷിണ റെയില്‍വേക്ക് കീഴിലാണ്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ക്കുകീഴിലുള്ള 25 സ്റ്റേഷനുകള്‍ ഇതില്‍പ്പെടും. മംഗലാപുരം ജംഗ്ഷന്‍, മംഗലാപുരം സെന്റര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളുടെ ഭൂമി അടുത്ത ഘട്ടത്തില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കും. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവും വികസനവും എന്ന പേരിലാണ് ഈ സ്വകാര്യവത്കരണ നടപടികള്‍. റെയില്‍വേ സ്റ്റേഷനുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനെന്ന വ്യാജേന റെയില്‍വേയുടെ കൈവശമുള്ള കണ്ണായ ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എ വണ്‍ കാറ്റഗറിയിലുള്ള സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നവീകരണമെന്ന വ്യാജേന സ്വകാര്യവത്കരണം നടപ്പാക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിന് കൊടുക്കാനുള്ള ടെന്‍ഡറാണ് റെയില്‍വേ ക്ഷണിച്ചിരിക്കുന്നത്. ചതുരശ്ര മീറ്ററിന് ഒരു രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കാനാണ് നീക്കം. റെയില്‍വേ പ്രസിദ്ധീകരിച്ച “എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റി”ല്‍ ഇതെല്ലാം വ്യക്തമാക്കുന്നു. റെയില്‍വെ സ്റ്റേഷനുകളില്‍ എന്തെല്ലാം സൗകര്യങ്ങളാണ് വേണ്ടതെന്ന് ടെന്‍ഡറിനൊപ്പം പ്രസിദ്ധീകരിച്ച ചാര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വിജ്ഞാപനമനുസരിച്ച് സ്റ്റേഷനുകള്‍ക്കു ചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും ഭൂമിക്ക് മീതെയുള്ള എയര്‍സ്‌പേസും പാട്ടത്തിന് എടുക്കുന്ന സ്വകാര്യ കമ്പനിക്ക് യഥേഷ്ടം ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖങ്ങളായ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യഘട്ടത്തില്‍ തന്നെ സ്വകാര്യവത്കരണം നടപ്പാക്കും. അലഹാബാദ്, മുംബൈ സെന്‍ട്രല്‍, ബാദ്ര ടെര്‍മിനല്‍സ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, യശ്വന്ത്പൂര്‍, ഫരീദാബാദ്, സെക്കന്തരാബാദ്, പൂണെ ജംഗ്ഷന്‍, താണെ ജംഗ്ഷന്‍, ഉദയ്പൂര്‍, റാഞ്ചി, വിജയവാഡ, ലോകമാന്യതിലക്, കാമാഖ്യ, കാണ്‍പൂര്‍, ഹൗറ, ഇന്‍ഡോര്‍, ജമ്മുതാവി, ബോറിവലി, വിശാഖപട്ടണം തുടങ്ങിയ സ്റ്റേഷനുകളെല്ലാം ഇതില്‍പെടുന്നു. സ്റ്റേഷനുകളുടെ നവീകരണവും ത്വരിതവളര്‍ച്ചയും ലക്ഷ്യമാക്കി ഹെലിപ്പാഡ്, ബിസിനസ്‌സെന്റര്‍, ഫുഡ്‌കോര്‍ട്ടുകള്‍, പോളിക്ലിനിക്കുകള്‍, സ്‌കില്‍ഡവലപ്പ്‌മെന്റ്‌സെന്റര്‍, വിശാലപാര്‍ക്കിംഗ് സൗകര്യം തുടങ്ങി പതിനഞ്ചിന വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ അതിന്റെ ചാര്‍ട്ടില്‍ പറയുന്നത്. റെയില്‍വെ സ്റ്റേഷനുകളെ വാണിജ്യവത്കരിക്കാനും സ്വകാര്യവത്കരിക്കാനും കോര്‍പറേറ്റ്‌വത്കരിക്കാനുമുള്ള നീക്കമാണിത്.

കേരളത്തിന്റെ റെയില്‍വേ ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് 1861-ലാണ് ബേപ്പൂര്‍-തിരൂര്‍ പാതയില്‍ ആദ്യത്തെ തീവണ്ടി ഓടുന്നത്. തുടര്‍ന്നത് കോഴിക്കോട് പാതയായി വികസിക്കുകയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്റ്റേഷനുകളിലൊന്നായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വളരുകയും ചെയ്തു. ഇന്ന് പ്രതിദിനം പതിനായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. മലബാറിന്റെ വ്യാവസായിക വാണിജ്യ വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായകമായ പങ്കാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനുള്ളത്.
2015-16 വര്‍ഷത്തെ റെയില്‍വേ ബജറ്റിന്റെ ചുവടുപിടിച്ചാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെയും സ്വകാര്യവത്കരണ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വേയുടെ ഭൂമിയും ആസ്തിയും സ്വകാര്യ മൂലധന ശക്തികള്‍ക്ക് കൈമാറുന്ന പാട്ടക്കരാറുകളെയും നവീകരണ നടപടികളെയും വികസനമായി കാണാനാവില്ല. കോഴിക്കോട് എം പി, എം കെ രാഘവന്‍ തന്റെ വികസന നേട്ടമായി ഈ സ്വകാര്യവത്കരണ നടപടിയെ കെട്ടിയെഴുന്നള്ളിക്കുന്നത് അജ്ഞത കൊണ്ടല്ല. മറിച്ച് സ്റ്റേഷന്റെ സൗകര്യം വര്‍ധിപ്പിക്കാനുള്ള വികസനമാണിതെന്ന് തെറ്റിദ്ധരിപ്പിച്ച് റെയില്‍വേയുടെ ഭൂമിയും സമ്പത്തും സ്വകാര്യ കുത്തകകള്‍ക്ക് തട്ടിയെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് അദ്ദേഹം. പൗരബോധവും ദേശാഭിമാനവുമുള്ള മുഴുവനാളുകളും ഈ തട്ടിപ്പ് തിരിച്ചറിയണം.
പൊതുമേഖലയോട് കടുത്ത ശത്രുതയാണ് നവലിബറല്‍ പരിഷ്‌കാരങ്ങളുടെ വക്താക്കളായ റാവു മുതല്‍ മോദി വരെയുള്ള എല്ലാ ഭരണാധികാരികളും പുലര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി യാതൊരു മടിയുമില്ലാതെ പറഞ്ഞത് പൊതുമേഖല നശിക്കാനുള്ളതാണെന്നാണല്ലോ (Public sector Born to Die)! തിതി ആയോഗ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് പൊതുമേഖലക്ക് ശവമഞ്ചമൊരുക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. റെയില്‍വേ ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ക്ക് വേഗത കൂട്ടിക്കൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ റെയില്‍വേ ബജറ്റ് തന്നെ നിര്‍ത്തലാക്കിയത്. 92 വര്‍ഷമായി അവതരിപ്പിച്ചുപോരുന്ന റെയില്‍ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിമാറ്റിയത് ജനോപകാരപ്രദമായ ഈ സേവനമേഖലയുടെ പ്രാധാന്യത്തെ നിരാകരിക്കുന്ന നയസമീപനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ.

റെയില്‍വേ സുരക്ഷാമേഖല ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. യാത്രാനിരക്കുകള്‍ നിരന്തരം വര്‍ധിപ്പിക്കുകയുമാണ്. മാത്രമല്ല നിശ്ചിത യാത്രാനിരക്ക് എന്നതുമാറ്റി ഫഌക്‌സി നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്. 2017-18 പൊതുബജറ്റില്‍ പാതകളുടെ ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ വിഹിതംപോലും നീക്കിവെച്ചിട്ടില്ല. 1,31,000 കോടി രൂപ റെയില്‍വേക്കായ് വകയിരുത്തിയതില്‍ കേവലം 55,000 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വിഹിതം. 3500 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും ഇതിനായി തുക വകയിരുത്തിയിട്ടില്ല. റെയില്‍വേ സുരക്ഷക്ക് ഒരു ലക്ഷം കോടി വിനിയോഗിക്കുമെന്ന് ബജറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷാരംഗം ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ബജറ്റ് രേഖകളില്‍ ഒന്നും പറയുന്നില്ല.

ഇതെല്ലാം കാണിക്കുന്നത് പൊതു സ്വകാര്യ പങ്കാളിത്തമാണ് (പി പി പി) റെയില്‍വേയുടെ വികസനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയമെന്നാണ്. കടുത്ത സ്വകാര്യവത്കരണമാണ് ലക്ഷ്യമെന്ന് ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 1990-കള്‍ക്കു ശേഷം റെയില്‍വേയുടെ കാറ്ററിംഗും മെയിന്റനന്‍സും തുടങ്ങി ഓരോ മേഖലയും ക്രമാനുഗതമായി സ്വകാര്യവത്കരിക്കപ്പെടുകയാണുണ്ടായത്. 2015-16 ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍വെ പാതകളുടെയും തീവണ്ടിയോട്ടത്തിന്റെയും മേഖലകളെ സ്വകാര്യവത്കരണം ലക്ഷ്യമിടുന്നതാണ്. റെയില്‍വേയുടെ ഭൂമിയും പശ്ചാത്തല സൗകര്യങ്ങളും ലാഭക്കൊതിയന്മാരായ കോര്‍പറേറ്റുകള്‍ക്ക് കൈമാറുക വഴി ജനോപകാരപ്രദമായ ഒരു സേവനമേഖലയുടെ മരണമായിരിക്കും സംഭവിക്കുക.

Latest