Connect with us

National

കാശ്മീര്‍ ജനതയെ രക്ഷിക്കാന്‍ മോഡിക്ക് മാത്രമേ കഴിയൂ: മെഹബൂബ മുഫ്തി

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീര്‍ ജനതയെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂവെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിലെ ജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുന്ന എന്ത് തീരുമാനവും രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജമ്മുവില്‍ ഒരു പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത് പോലും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് മോഡി. അദ്ദേഹത്തിന്റെ ശക്തിയുടെ തെളിവാണ് ഇത്. അതുകൊണ്ട് തന്നെ കാശ്മീര്‍ ജനതയെ രക്ഷിക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിനുള്ള ധൈര്യമില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണക്കാര്‍ മുന്‍ യുപിഎ സര്‍ക്കാറുകളാണെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. തന്റെ പിതാവ് മുഫ്തി മുഹമ്മദ് സഈദിന്റെ കാലത്ത് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ കാശ്മീര്‍ ജനതക്കായി നടപ്പാക്കിയ നയങ്ങള്‍ തുടരാന്‍ യുപിഎക്ക് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.