തിരഞ്ഞെടുപ്പ് ചൂടില്‍ ഫ്രാന്‍സ്‌

Posted on: May 5, 2017 11:22 am | Last updated: May 5, 2017 at 11:22 am

പാരീസ്: ഫ്രാന്‍സില്‍ രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ സ്ഥാനാര്‍ഥികള്‍ ചൂടേറിയ സംവാദങ്ങളില്‍. ടെലിവിഷന്‍ ഡിബേറ്റുകളില്‍ മധ്യവലതുപക്ഷ സംയുക്ത സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി മാരിനെ ലി പെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സാമ്പത്തിക നയം, രാജ്യ സുരക്ഷ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് തീപാറും സംവാദം. ആദ്യ ഘട്ട വോട്ടെടുപ്പില്‍ മൂന്നും നാലും സ്ഥാനത്തെത്തിയ പാര്‍ട്ടികള്‍ മാക്രോണിന് പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് തന്നെ അഭിപ്രായ സര്‍വേകളില്‍ 20 ശതമാനം പോയിന്റുകളുടെ മുന്‍ തൂക്കം അദ്ദേഹത്തിനുണ്ട്. വൈകാരികമായ കൂടുതല്‍ വിഷയങ്ങള്‍ എടുത്തിട്ട് ഈ വിടവ് നികത്താനാണ് മാരിനെ ലി പെന്നിന്റെ നീക്കം.

സമ്പദ്യവ്യവസ്ഥയില്‍ പിന്നോട്ടടി വ്യക്തമാണെന്ന് ഇരു സ്ഥാനാര്‍ഥികളും സമ്മതിക്കുന്നു. എന്നാല്‍ അത് പരിഹരിക്കുന്ന കാര്യത്തില്‍ ഇരുവരും രണ്ടു ധ്രുവങ്ങളിലാണ് ഉള്ളത്. ലിബറല്‍ പരിഷ്‌കരണങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ ഊര്‍ജസ്വലമാക്കണമെന്നാണ് മാക്രോണിന്റെ പക്ഷം. എന്നാല്‍ കുടിയേറ്റമാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് ലീ പെന്‍ പറയുന്നു. തൊഴില്‍ നഷ്ടം തടയാന്‍ അതിര്‍ത്തികള്‍ അടക്കുക തന്നെ വേണം. വ്യാപാരത്തില്‍ കൂടുതല്‍ സംരക്ഷണ നയം തുടങ്ങണമെന്നും അവര്‍ വാദിക്കുന്നു. യൂറോ കറന്‍സിയില്‍ നിന്ന് പുറത്ത് കടക്കണമെന്നും അവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ പരിഹാരമല്ല, പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമേ തന്റെ എതിരാളിയുടെ കൈയിലുള്ളൂ എന്ന് മാക്രോണ്‍ തിരിച്ചടിക്കുന്നു. ലീ പെന്‍ പ്രചരിപ്പിക്കുന്നത് മുഴുവന്‍ കളവാണെന്നും അവരെ രാജ്യത്തിന് വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മാക്രോണ്‍ തുറന്നടിച്ചു.

രാജ്യ സുരക്ഷയിലാണ് ഇരുവരും ഏറ്റവും രൂക്ഷമായി കൊമ്പു കോര്‍ത്തത്. തീവ്രവാദികള്‍ അഴിഞ്ഞാടുന്ന നാടായി ഫ്രാന്‍സ് മാറിയിരിക്കുന്നുവെന്ന് ലി പെന്‍ പറഞ്ഞു. 2015 മുതല്‍ 230 ഫ്രഞ്ച് പൗരന്‍മാരാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ മാക്രോണിന് എന്ത് പറയാനുണ്ട്. തീവ്രവാദികളുടെ തോഴനായി അദ്ദേഹം മാറിയിരിക്കുന്നുവെന്ന് മാരിനെ ലി പെന്‍ ആരോപിച്ചു. എന്നാല്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ പരിഗണന തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനായിരിക്കുമെന്നും വൈകാരികതയല്ല പരിഹാരമെന്നും മാക്രോണ്‍ മറുപടി നല്‍കി. ആഭ്യന്തര കലഹമാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നത്. അതുണ്ടാക്കാനാണ് ലി പെന്നും സംഘവും ശ്രമിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. എന്നാല്‍ തീവ്രവാദ വിരുദ്ധ നിലപാട് രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചു വിട്ട് ധ്രുവീകരണം ഉണ്ടാക്കാനാണ് ലി പെന്‍ ശ്രമിക്കുന്നത്.