Eranakulam
മാണിയെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ജനയുഗവും വീക്ഷണവും
 
		
      																					
              
              
            കൊച്ചി: കെ.എം മാണിക്കെതിരെയും സിപിഐഎമ്മിന്റെ നടപടിക്കെതിരെയും രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും സിപിഐ മുഖപത്രമായ ജനയുഗവും.
ഇന്നത്തെ മുഖപ്രസംഗങ്ങളിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ്. മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് അടുക്കള വാതില്‍ വഴി ജാരനെ പോലെയാണ്. ദേവദാസികളെ പോലെ ആരുടെ മുന്നിലും ആടാനും പാടാനുമുളള രാഷ്ട്രീയ അശ്ലീലത ലജ്ജാകരമാണ്. യുഡിഎഫ്, എല്‍ഡിഎഫ് അതുമല്ലെങ്കില്‍ ബിജെപി എന്ന നിലപാടാണ് കെ.എം മാണിക്ക്. കൂടാതെ കനാലിലേക്കുളള യാത്രയോ നരകയാത്രയോ ഇതെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
ജനയുഗത്തിന്റെ മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാം…
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ അട്ടിമറി ഏറ്റവും മിതമായ ഭാഷയില്‍ ജനാധിപത്യ കേരളം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിച്ച മാണി കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സിപിഐ(എം) അംഗങ്ങള്‍ നല്‍കിയ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവു. യുഡിഎഫ് സര്‍ക്കാരിന്റെ അധാര്‍മികവും അഴിമതി നിറഞ്ഞതുമായ ഭരണവൈകൃതത്തില്‍ മനം മടുത്ത ജനങ്ങളാണ് അവരെ അധികാരത്തില്‍ നിന്നും പുറത്താക്കിയത്. ആ അഴിമതി ഭരണത്തിന്റെ പ്രതീകവും മുഖമുദ്രയുമായിരുന്നു കേരള കോണ്‍ഗ്രസും അതിന്റെ നേതാവ് കെ എം മാണിയും. യുഡിഎഫ് ഭരണത്തിന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭയ്ക്കകത്തും പുറത്തും ഏറ്റവും കഠിനമായി എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവും പാര്‍ട്ടിയും കെ എം മാണിയെപ്പോലെയും കേരള കോണ്‍ഗ്രസിനെപ്പോലെയും മറ്റൊന്നില്ല. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം കേരള ജനതയുടെ മനസില്‍ മായാചിത്രമായി ഇന്നും സജീവമായി നിലനില്‍ക്കുന്നു. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദവുമായെ കാണാനാവു. പ്രാദേശികമായ താല്‍ക്കാലിക നേട്ടങ്ങളാണ് അതിനു പിന്നിലെ ചേതോവികാരമെന്നുള്ള ന്യായീകരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്.
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രാദേശികമായോ സംസ്ഥാനതലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്കോ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം എന്ത് സംഭാവനയാണ് നല്‍കുക എന്നത് വിശദീകരിക്കാന്‍ അട്ടിമറിക്ക് ഒത്താശചെയ്ത സിപിഐ(എം) നേതാക്കള്‍ ബാധ്യസ്ഥരാണ്. ഈ അവസരവാദ നിലപാട് പൊതുജനസാമാന്യത്തിനു മുന്നില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉതകു. അത് അഴിമതിക്കെതിരായ കേരളജനതയുടെ പോരാട്ടവീര്യത്തിനുമേല്‍ വെള്ളമൊഴിച്ചു കെടുത്തുന്ന നടപടിയാണ്. അത് സംസ്ഥാനത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയുടെ രാഷ്ട്രീയത്തിനാവും കരുത്തുപകരുക. കേരള കോണ്‍ഗ്രസില്‍ പല കാരണങ്ങളാലും എത്തിപ്പെടുകയും അതില്‍ തുടരാന്‍ നിര്‍ബന്ധിതവുമായ ജനാധിപത്യ ശക്തികളുടെ ശിഥിലീകരണത്തിനായിരിക്കും ഈ നടപടി വഴി തെളിക്കുക. കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണത്തെക്കുറിച്ചും അത്തരമൊരു പാര്‍ട്ടിയെ ഇടതുപക്ഷത്തേക്ക് ആനയിക്കണമെന്നും മനപ്പായസമുണ്ണുന്നവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നുവേണം കരുതാന്‍. അവരുടെ മനോനില ചീട്ടുകളി കണ്ടുനില്‍ക്കുന്ന കാണികളുടേതാണ്. കാണികള്‍ക്ക് അവന്റെ മനോധര്‍മം അനുസരിച്ച് ഹോണേഴ്‌സ് വിളിക്കാം. ചീട്ടുകളിക്കുന്നവനേ കളിയുടെ കാഠിന്യം അറിയൂ. അത്തരം കാണികളുടെ വികലോപദേശമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍ അവലംബിക്കാന്‍ മുതിരുന്നതെങ്കില്‍ അത്തരക്കാര്‍ക്ക് ഹാ കഷ്ടമെന്ന് വിലപിക്കുകയെ നിവൃത്തിയുള്ളു.
കേരളവും ഇന്ത്യയും കനത്ത വെല്ലുവിളികള്‍ നിറഞ്ഞ രാഷ്ട്രീയ പാതയിലാണ് സഞ്ചരിക്കുന്നത്. കേന്ദ്രത്തിലും അരഡസനിലേറെ സംസ്ഥാനങ്ങളിലും അധികാരം കയ്യാളുന്ന ബിജെപിയുടെ വര്‍ഗീയ അജന്‍ഡ ഭരണത്തിന്റെ എല്ലാ തലങ്ങളെയും തങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ അമര്‍ത്തുകയാണ്. ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെയാണ് നേരിടുന്നത്. അവര്‍ ഇടതുപക്ഷത്തെയും മതേതര ജനാധിപത്യ ശക്തികളെയും അവരുടെ ശക്തിദുര്‍ഗങ്ങളില്‍പോലും തകര്‍ക്കാനുള്ള പുറപ്പാടിലാണ്. പശ്ചിമ ബംഗാളടക്കം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്ന വാര്‍ത്തകളും സൂചനകളും ഒട്ടും പ്രോത്സാഹജനകമോ ശുഭകരമോ അല്ല. ഈ മഹാവിപത്തിനെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതേതര ചെറുത്തുനില്‍പാണ് വളര്‍ന്നുവരേണ്ടത്. അതിന്റെ ആണിക്കല്ല് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ ദൃഢതയാണ്. ആ ഐക്യമാകട്ടെ ആശയങ്ങളുടെയും ആദര്‍ശത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെയും നിലപാടുകളുടെയും കരുത്തില്‍ അധിഷ്ഠിതമാണ്. അതില്‍നിന്നുളള ഏത് വ്യതിചലനവും ജനങ്ങള്‍ തിരസ്‌കരിക്കുകതന്നെ ചെയ്യും. ആ തിരിച്ചറിവായിരിക്കണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും അതിന്റെ ഘടകകക്ഷികളുടെയും മാര്‍ഗദര്‍ശി. അതുകൈവിട്ടുള്ള ഏത് കളിയും വിനാശകരമായിരിക്കുമെന്ന് എല്ലാവരും തിരിച്ചറിയുന്നത് അവരവരുടേയും രാജ്യത്തിന്റെ തന്നെയും നിലനില്‍പിന് അനുപേക്ഷണീയമാണ്. കോട്ടയംപോലുള്ള അവസരവാദ പരീക്ഷണങ്ങള്‍ ഒരു ദേശീയ ബദലിനു വേണ്ടിയുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ യത്‌നങ്ങള്‍ക്ക് വിലങ്ങുതടിയായിക്കൂട.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

