Connect with us

National

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

Published

|

Last Updated

കൊല്‍ക്കത്ത: വിചിത്രമായ ഉത്തരവുമായി വീണ്ടും കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുകൊണ്ടാണ് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന സന്ദേശം ജസ്റ്റിസ് കര്‍ണന്‍ നല്‍കിയിരിക്കുന്നത്. കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന കര്‍ണനെ ഭരണഘടനാപരമായ അധികാരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അടക്കമുളള ഏഴ് സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയാണ് അദ്ദേഹം വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കര്‍ണന് ബുദ്ധിപരമായ തകരാറുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്ന് ജസ്റ്റിസ് ഖെഹാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നല്‍കിയ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നും ഉത്തരവ് ഉടന്‍ തന്നെ ജഡ്ജിമാര്‍ക്ക് നല്‍കണമെന്നും കര്‍ണന്‍ വ്യക്തമാക്കുന്നു. ഏഴ് ജഡ്ജിമാരും ഉടന്‍ തന്നെ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും വിവാദ ഉത്തരവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് തള്ളിയ കര്‍ണന്‍ വൈദ്യ പരിശോധനക്ക് വിധേയനാകാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ലന്ന് വ്യക്തമാക്കി. തനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രീം കോടതി ആരാണെന്നും തന്റെ അനുവാദമില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഡി ജി പിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സുപ്രീം കോടതി വാറന്റ് പുറപ്പെടുവിക്കുന്നത്.

Latest