Connect with us

Kannur

രാമന്തളി മലിന്യ പ്രശ്‌നം: എസ് വൈ എസ് കലക്ടറേറ്റ് ധര്‍ണ നടത്തി

Published

|

Last Updated

രാമന്തളി മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്വീഫ് സഅദി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് പ്രശ്‌നം രമ്യമായി പരിഹരിക്കാനാവശ്യപ്പെട്ട് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാമന്തളി നിവാസികള്‍ നടത്തുന്ന സമരം രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത തുടരുകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും രാജ്യതാത്പര്യത്തിന് ദാനം നല്‍കിയ രാമന്തളി നിവാസികളുടെ ജീവല്‍ പ്രശ്‌നത്തില്‍ അധികാരികള്‍ എത്രയും വേഗം ഇടപെടണമെന്നും സമരം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ എം അബ്ദുല്ലക്കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്വീഫ് സഅദി ധര്‍ണ ഉദ്ഘാടനം ചെയ്തു.

ഇരു സര്‍ക്കാറുകളും ജനങ്ങളുടെ സമരത്തോട് തുല്യവിമുഖതയാണ് കാണിക്കുന്നതെന്നും കണ്ണില്‍പൊടിയിടുന്ന തീരുമാനവുമായി സമരസമിതിയെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ എസ് വൈ എസ് സമരം സംസ്ഥാന തലത്തില്‍വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനആരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ സ്വാഗതവും നിസാര്‍ അതിരകം നന്ദിയും പറഞ്ഞു. കലക്ടറേറ്റ് മാര്‍ച്ചിന് എന്‍ സക്കരിയ്യ മാസ്റ്റര്‍, അബ്ദുറസാഖ് മാണിയൂര്‍, അബ്ദുസമദ് അമാനി, സിദ്ദീഖ് സഖാഫി വായാട്, യൂസുഫ് ഹാജി നൂഞ്ഞേരി നേതൃത്വം നല്‍കി.

Latest