ശ്രീജേഷിന് പരുക്ക്; ഇന്ത്യക്ക് തിരിച്ചടി

Posted on: May 3, 2017 6:14 pm | Last updated: May 3, 2017 at 8:17 pm

ഇപൊ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി മുന്നേറുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ മലയാളി താരം പി ആര്‍ ശ്രീജേഷിന് പരുക്കേറ്റതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. ആസ്‌ത്രേലിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ താരത്തിന്റെ വലത് കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.

28 കാരനായ ശ്രീജേഷിന് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്. സ്‌കാനിംഗില്‍ പരുക്ക് സാരമുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ, അസ്‌ലന്‍ഷാ ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളിലും ലണ്ടനില്‍ ജൂണില്‍ നടക്കുന്ന വേള്‍ഡ് ലീഗ് സെമി ഫൈനല്‍സിലും ശ്രീജേഷിന് കളിക്കാനാകില്ല. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ശ്രീജേഷ് ഇന്ത്യന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ നയിച്ചു.