കോടനാട് കൊലക്കേസ്; മുഖ്യപ്രതി കൊല്ലപ്പെട്ടു; രണ്ടാം പ്രതിക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

Posted on: April 29, 2017 12:54 pm | Last updated: April 29, 2017 at 5:07 pm

നീലഗിരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട്‌  ദുരൂഹതയേറുന്നു. കേസിലെ ഒന്നാം പ്രതി കനകരാജ് കഴിഞ്ഞദിവസം ബൈക്ക് അപകടത്തില്‍ മരിച്ചതിന് പിന്നാലെ രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം പാലക്കാട്ട് അപകടത്തില്‍ പെട്ടു. ഇതോടെയാണ് ദുരൂഹത വര്‍ധിച്ചത്. ഇന്ന് രാവിലെ അഞ്ചോടെ പാലക്കാട് കണ്ണാടിയിലാണ് സയന്റെകാര്‍ അപകടത്തില്‍പ്പെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ സയന്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അത്മഹത്യാ ശ്രമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ ബഹദൂര്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കനകരാജിനും സയനും കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി തമിഴ്‌നാട്ടിലും കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഓരേ ദിവസം രണ്ടിടത്ത് പ്രതികളുടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്.