സൗമ്യവധം: തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി; ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

Posted on: April 28, 2017 4:31 pm | Last updated: April 29, 2017 at 10:23 am

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ആറംഗ വിശാല ബഞ്ചാണ് ഹരജി പരിഗണിച്ചത്. ജഡ്ജിമായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമേ നേരത്തെ കേസ് പരിഗണിച്ച രഞ്ജന്‍ ഗൊഗോയ്, പി സി പന്ത്, യു യു ലളിത് എന്നിവരും ബഞ്ചിലുണ്ടായിരുന്നു. തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് തിരുത്തല്‍ ഹര്‍ജി തയാറാക്കിയത്. വധശിക്ഷ നല്‍കിയ തൃശൂര്‍ അതിവേഗ കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയത്. സൗമ്യയെ ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത്. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ബലാത്സംഗത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. 397ാം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേല്‍പ്പിക്കല്‍, 447ാം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ വകുപ്പുകളായിരുന്നു ഗോവിന്ദച്ചാമിക്ക് മേല്‍ കോടതി ചുമത്തിയിരുന്നത്. നേരത്തെ, ഹൈക്കോടതിയും ഗോവിന്ദച്ചാമി വധശിക്ഷ ശരിവെച്ചിരുന്നു.