നിരാഹാര തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം: ഫലസ്തീനില്‍ പ്രക്ഷോഭം ശക്തം

Posted on: April 28, 2017 9:59 am | Last updated: April 28, 2017 at 9:55 am
പ്രക്ഷോഭം ശക്തമായ വെസ്റ്റ് ബേങ്കില്‍ ഫലസതീന്‍ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുന്ന ഇസ്‌റാഈല്‍ സൈനികര്‍

വെസ്റ്റ്ബാങ്ക്: ഇസ്‌റാഈല്‍ അധികൃതരുടെ അനീതിക്കെതിരെ നിരാഹാര സമരം കിടക്കുന്ന 1,500 ഫലസ്തീന്‍ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. സാധാരണക്കാര്‍ ഏറ്റെടുത്തതോടെ ഫലസ്തീനില്‍ ഇസ്‌റാഈല്‍വിരുദ്ധ സമരം ജനകീയമായി. തടവുകാരുടെ ബന്ധുക്കളും സുഹൃത്തുകളും തുടങ്ങിയ പ്രക്ഷോഭം വിവിധ സംഘടനകളും പാര്‍ട്ടികളും ഏറ്റെടുത്തു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ ശ്രമം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രക്ഷോഭത്തെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലെ പ്രധാന സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്‌കൂളുകളും ബേങ്കുകളും വാണിജ്യ സ്ഥാപനങ്ങളും പ്രക്ഷോഭത്തെ തുടര്‍ന്ന് താത്കാലികമായി അടച്ചുപൂട്ടി. പ്രക്ഷോഭകരും ഇസ്‌റാഈല്‍ പോലീസും സൈന്യവും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ചികിത്സയടക്കം തടവുകാര്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിച്ചതോടെയാണ് നിരാഹാരവുമായി ജയിലിലെ ഫലസ്തീന്‍ പൗരന്മാര്‍ രംഗത്തെത്തിയത്. ഇസ്‌റാഈല്‍ അധികൃതര്‍ അനീതി അവസാനിപ്പിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് സമര നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.