Connect with us

Articles

കന്നുകാലി സമ്പദ്ഘടനയും വധിക്കപ്പെടേണ്ട പാപികളും

Published

|

Last Updated

ക്ഷീരകര്‍ഷകനായ പെഹ്‌ലൂഖാനെ തല്ലിക്കൊന്ന നടപടിയെ ന്യായീകരിച്ചുകൊണ്ട് രാജസ്ഥാനിലെ ബി ജെ പി എം എല്‍ എ ഗ്യാന്‍ദേവ്അഹൂജ നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ജയ്പൂര്‍ കന്നുകാലിമേളയില്‍ നിന്നും പശുക്കളെ വാങ്ങി സ്വദേശമായ ഹരിയാനയിലെ മേവാദിലേക്കുള്ള യാത്രക്കിടയിലാണ് പെഹ്‌ലൂഖാനെ ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്നത്. പശുവിനെ കറന്ന് പാല്‍ വിറ്റ് ഉപജീവനം കഴിക്കുന്ന ഈ പാവപ്പെട്ട ക്ഷീരകര്‍ഷകന്‍ മഹാപാപിയാണെന്നാണ് അഹൂജയുടെ വാദം. അത്തരക്കാര്‍ക്ക് മരണത്തില്‍ കുറഞ്ഞ ശിക്ഷയൊന്നും ഇല്ലത്രേ. ക്ഷീരകര്‍ഷകരും കന്നുകാലി വ്യാപാരികളും ഗോമാംസം കഴിക്കുന്നവരും പാപികളായി മുദ്രകുത്തപ്പെടുന്ന കാലം. ഗുജറാത്തില്‍ പശുവിന്റെ തോലെടുക്കുന്നവരും മഹാപാപികളാണല്ലോ.

പശുകള്ളക്കടത്തുകാര്‍ക്കും പശുവിനെ കൊല്ലുന്നവര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് രാജ്യമെമ്പാടും സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണം. തങ്ങള്‍ക്ക് അനഭിമതരായവരെ പശുഘാതകരാക്കി വേട്ടയാടുന്നത് ഹിന്ദുത്വനിര്‍മിതിക്കുള്ള ഒരു രാഷ്ട്രീയ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ആര്‍ എസ് എസുകാര്‍. ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗിആദിത്യനാഥ് അധികാരത്തിലെത്തിയ ഉടനെ അറവുശാലകള്‍ അടച്ചുപൂട്ടുന്ന നടപടിയിലൂടെ നല്‍കുന്ന സന്ദേശമെന്താണ്? ക്ഷീരകൃഷിയെയും മാംസവ്യാപാരത്തെയും ആശ്രയിച്ചു ജീവിച്ചുപോകുന്ന ജനസമൂഹങ്ങളെ വേട്ടയാടുമെന്നാണ്. പശുവിന്റെ പേരില്‍ ബോധപൂര്‍വം മുസ്‌ലിം വിരോധം വളര്‍ത്തിയെടുത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ബി ജെ പി എന്നാണല്ലോ യു പി ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

നവലിബറല്‍ മൂലധനത്തിന്റെ ഒന്നാം നമ്പര്‍ നടത്തിപ്പുകാരായ ബി ജെ പിയുടെ പശുരാഷ്ട്രീയം ഇന്ത്യന്‍ സമൂഹത്തിലെ ആഭ്യന്തരവൈരുധ്യങ്ങളെ തീക്ഷ്ണമാക്കുന്നതും കര്‍ഷകവര്‍ഗങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നതുമാണ്. ഇത്തരം നീക്കങ്ങള്‍ ഒരുപക്ഷേ മധ്യേന്ത്യയിലും വടക്കേന്ത്യയിലും വര്‍ദ്ധിതമാകുന്ന ഹിന്ദുത്വാഭിമുഖ്യത്തില്‍ നിന്നും സാധാരണ ജനങ്ങളെ വിമുക്തമാക്കാനും സംഘ്പരിവാറിനെതിരെ ചിന്തിക്കാനും സഹായിച്ചേക്കാം. ഇവിടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കന്നുകാലിസമ്പത്തിന് നിര്‍ണായക സ്വാധീനമാണുള്ളത് എന്ന കാര്യം മതാന്ധതയില്‍ പെട്ടുപോയ ബി ജെ പി നേതാക്കള്‍ മനസ്സിലാക്കാതെ പോകുകയാണ്. പാലും മാംസവും അടിസ്ഥാനമായുള്ള വ്യവസായ തൊഴില്‍മേഖല നമ്മുടെ സമ്പദ്ഘടനയുടെ അഭേദ്യഭാഗമാണ്.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കന്നുകാലി സമ്പത്തുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ആഗോള കന്നുകാലി സമ്പത്തില്‍ 56.7 ശതമാനം എരുമകളും 12.5 ശതമാനം പശുക്കളും ഇന്ത്യയിലാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയുടെ ജി ഡി പിയുടെ നാല് ശതമാനവും കാര്‍ഷിക ജി ഡി പിയുടെ 26 ശതമാനവും മൃഗപരിപാലന മേഖലയില്‍ നിന്നാണ്. 1983-2000-ത്തിലെ കണക്കുകള്‍ അനുസരിച്ച് ഒരു കുടുംബത്തിന്റെ ഭക്ഷണചെലവില്‍ മൃഗോത്പന്നങ്ങളുടെ പങ്ക് നഗരങ്ങളില്‍ 21.8 ശതമാനം എന്നത് 25 ശതമാനം ആയി ഉയര്‍ന്നു. അത് ഗ്രാമങ്ങളില്‍ 16.1 ശതമാനം എന്നത് 21.4 ശതമാനം ആയും വര്‍ധിച്ചു. ഈ കണക്കുകള്‍ നല്‍കുന്ന ലളിതമായ സൂചന ഇന്ത്യയില്‍ മാംസാഹാര ശീലം വര്‍ദ്ധിക്കുകയാണെന്നാണ്.

ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ കന്നുകാലികളുമായി ബന്ധപ്പെട്ട ഉപജീവന സാധ്യത കൂടിവരികയാണ്. 48 ശതമാനം വരുന്ന രണ്ടര ഏക്കറില്‍ താഴെ ഭൂമിയുള്ള നാമമാത്ര കര്‍ഷകകുടുംബങ്ങളുടെ കൈവശം കേവലം 25 ശതമാനം മാത്രം ഭൂമിയുള്ളപ്പോള്‍ 50 ശതമാനം കന്നുകാലികളും മൂന്നില്‍ രണ്ട് ചെറിയ മൃഗങ്ങളും ഉണ്ടെന്ന കണക്ക് അതാണ് അടിവരയിടുന്നത്. ഇന്ത്യയില്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഏറ്റവും പ്രധാന വരുമാന മാര്‍ഗമാണ് മൃഗങ്ങളും മൃഗജന്യ ഉത്പന്നങ്ങളും എന്ന കാര്യം ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ മിഥ്യാഭ്രമങ്ങളില്‍പെട്ടുപോയവര്‍ക്ക് മനസ്സിലാവില്ലല്ലോ. ചെറുകിട കര്‍ഷകരുടെ കൃഷിക്കാവശ്യമായ മൂലധനം പലപ്പോഴും സമാഹരിക്കുന്നത് കന്നുകാലി വ്യാപാരത്തിലൂടെയാണ്. കൃഷിയിറക്കേണ്ട സമയമാകുമ്പോഴെല്ലാം വിത്തും വളവും കൂലിച്ചെലവും കണ്ടെത്താന്‍ കര്‍ഷകര്‍ കന്നുകാലികളെ വില്‍ക്കും. കറവവറ്റിയ ഉരുക്കളെയും അറവിന് പ്രായമായ ഉരുക്കളെയും വിറ്റുകിട്ടുന്ന പണം കൃഷിച്ചെലവിനും പുതിയ കന്നുകാലികളെ വാങ്ങാനും കൃഷിക്കാര്‍ ഉപയോഗിക്കുന്നു.
കൃഷിച്ചെലവ് മാത്രമല്ല വിവാഹം, ചികിത്സ, അത്യാഹിതങ്ങള്‍, കടബാധ്യതതീര്‍ക്കല്‍ തുടങ്ങി കുടുംബത്തിന് പണം ആവശ്യം വരുന്ന ഘട്ടങ്ങളില്‍ അതുകണ്ടെത്താനുള്ള മാര്‍ഗം കൂടിയാണ് ഗ്രാമീണ കര്‍ഷകജനതയ്ക്ക് കന്നുകാലി വില്പന. കൃഷിക്കാരുടെ എളുപ്പം വിറ്റുപണം കണ്ടെത്താനുള്ള ഹ്രസ്വകാല നിക്ഷേപമാണ് കന്നുകാലി സമ്പത്ത്. ഇന്ത്യന്‍ ഗ്രാമീണ സമ്പദ്ഘടനയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും കര്‍ഷകരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിലും കന്നുകാലി വ്യാപാരത്തിനും മൃഗസമ്പത്തിനും വലിയ പങ്കാണുള്ളതെന്ന് അടിവരയിട്ടുപറയുന്നു. ബി ജെ പി സര്‍ക്കാര്‍ സംസ്‌കാരശുദ്ധിയുടെ പേരിലും ഗോവധനിരോധനലക്ഷ്യത്തോടെയും കന്നുകാലി വ്യാപാരം നിഷേധിക്കുക വഴി ഗ്രാമീണ കര്‍ഷകസമ്പദ്ഘടനയെയാണ് തകര്‍ക്കുന്നത്.

ഇത്തരം നടപടികള്‍ കര്‍ഷകസമ്പത്തിന്റെ 25 ശതമാനം വരുന്ന മൃഗങ്ങളുടെ വിലയിടിക്കുകയാണ്. മാത്രമല്ല വിലയില്ലാത്ത മൃഗങ്ങളെ പരിപാലിക്കേണ്ട അധിക ചെലവുകൂടി കര്‍ഷക കുടുംബം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. നഗ്നമായ കര്‍ഷകദ്രോഹനയമാണ് ബി ജെ പി സര്‍ക്കാറും ഹിന്ദുത്വ സംഘടനകളും കന്നുകാലി വ്യാപാരം തടഞ്ഞും അറവുശാലകള്‍ അടച്ചുപൂട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കര്‍ഷകന്റെ ഹ്രസ്വകാല നിക്ഷേപമായ കന്നുകാലികള്‍ക്ക് മൂല്യമില്ലാതാക്കുകയാണ് ഹിന്ദുത്വവാദികളുടെ പശു രാഷ്ട്രീയം.
മുതലാളിത്ത വികസനവും ആധുനിക വാഹന സൗകര്യങ്ങളും വ്യാപകമായതോടെ മൃഗങ്ങളെ വണ്ടിക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നത് നാമമാത്രമായിക്കഴിഞ്ഞു. യന്ത്രവത്കരണത്തോടെ കാര്‍ഷിക മേഖലയില്‍ ഉഴവടക്കമുള്ള പണികള്‍ക്ക് പോത്തും കാളയുമൊന്നും ആവശ്യമില്ലാതായി. കൃത്രിമ ബീജസങ്കലനം വ്യാപകമായതോടെ ആണ്‍മൃഗങ്ങളുടെ ആവശ്യം പരിമിതപ്പെടുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് നമ്മുടെ രാജ്യത്ത് പോത്തും കാളയും എല്ലാമടങ്ങുന്ന ആണ്‍മൃഗങ്ങളെ വലിയതോതില്‍ മാംസാവശ്യത്തിനായി വില്‍ക്കുന്ന പ്രവണത കൂടിവന്നിരിക്കുന്നുവെന്നതാണ്.
മുതലാളിത്ത വികസനം നമ്മുടെ നാട്ടില്‍ മാംസവ്യാപാരവും കയറ്റുമതിയും അഭൂതപൂര്‍വമായ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ബ്രസീലിനെ പുറംതള്ളിയാണ് ഇന്ത്യ 2015-ഓടെ ഈ നേട്ടം കൈവരിച്ചത്. ആ വര്‍ഷം 20.82 ലക്ഷം മെട്രിക് ടണ്‍ മാംസമാണ് ഇന്ത്യ കയറ്റിയയച്ചത്. ബ്രസീലിന്റേത് 19.09 ലക്ഷം മെട്രിക് ടണ്ണും. 2015-ല്‍ മാത്രം മാംസകയറ്റുമതി വഴി ഇന്ത്യക്ക് 41,000 കോടിരൂപയുടെ വിദേശ വരുമാനമാണുണ്ടായത്. ഒരുഭാഗത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുകയും മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ബി ജെ പി ഭരിക്കുന്ന ഇന്ത്യ ബീഫ് കയറ്റുമതിയില്‍ റിക്കാര്‍ഡ് നേട്ടമുണ്ടാക്കുന്നത്! ഇന്ത്യ കയറ്റുമതി ചെയ്യുന്ന 20.82 ലക്ഷം മെട്രിക്ടണ്‍ ബീഫില്‍ 5.66 ലക്ഷം മെട്രിക്ടണ്‍ ബീഫും കയറ്റുമതി ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ നിന്നാണ്. യു.പിയില്‍ അറവുശാലകളിലും അനുബന്ധ വ്യവസായങ്ങളിലുമായി 25 ലക്ഷംപേരാണ് ജോലി ചെയ്യുന്നത്. ഒരു കണക്കനുസരിച്ച് ബീഫ് കയറ്റുമതി ഇല്ലാതായാല്‍ 11,350 കോടി രൂപയുടെ വരുമാന നഷ്ടമാണ് യു പിക്ക് പ്രതിവര്‍ഷം നേരിടേണ്ടിവരിക.

സംഘ്പരിവാറിന്റെ പശുരാഷ്ട്രീയം നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയും സാമൂഹ്യയാഥാര്‍ഥ്യങ്ങളെയും കണക്കിലെടുക്കാതെയുള്ള വര്‍ഗീയ അജന്‍ഡയാണ്. അതെല്ലാം നിരാകരിക്കുന്ന പ്രത്യയശാസ്ത്രമാണല്ലോ അവരെ നയിക്കുന്നത്. ഇന്ത്യയിലെ 72 ശതമാനം ജനങ്ങളും മാംസഭക്ഷണം കഴിക്കുന്നവരാണ്. ഉത്തര്‍പ്രദേശില്‍ 52 ശതമാനം മാംസഭക്ഷണ ശീലമുള്ളവരാണ്. തെലുങ്കാന, ബംഗാള്‍, ആന്ധ്ര സംസ്ഥാനങ്ങളിലെ 98 ശതമാനം ജനങ്ങളും മാംസ ഭക്ഷണം ശീലമായുള്ളവരാണ്. തമിഴ്‌നാട്, കേരളം, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 97 ശതമാനം ജനങ്ങളും മാംസഭുക്കുകളാണ്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് സസ്യാഹാര സംസ്‌കാരത്തിന് മേല്‍ക്കൈ ഉള്ളത്.
വ്യത്യസ്ത ഭക്ഷണ ശീലങ്ങളിലും വിശ്വാസ സംസ്‌കാരങ്ങളിലും കഴിയുന്നവരെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബലംപ്രയോഗിച്ച് ഉദ്ഗ്രഥിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ബഹുസംസ്‌കൃതിയെ അംഗീകരിക്കാത്തവര്‍ നാടിന്റെ ഐക്യത്തെ അസ്ഥിരീകരിക്കുകയാണ്. കന്നുകാലിവ്യാപാരികളെയും അറവുശാലകള്‍ നടത്തുന്നവരെയും പാപികളും മ്ലേച്ഛരുമായി കണ്ട് വേട്ടയാടുന്ന സംഘ്പരിവാര്‍ ശക്തികള്‍ കുരിശുയുദ്ധ സമാനമായ ഉന്മാദം സൃഷ്ടിച്ച് രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിക്കുകയും കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുകയുമാണ്.

 

---- facebook comment plugin here -----

Latest