മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷിക്കില്ലെന്ന് പാക്കിസ്ഥാന്‍

Posted on: April 27, 2017 8:33 pm | Last updated: April 28, 2017 at 9:46 am

ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പുനരന്വേഷിക്കണമെന്നും ആക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തെ ഉദഅ്‌വ നേതാവ് ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയിരുന്ന സയീദിനെ 2009ല്‍ കോടതി മോചിപ്പിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്നും വിചാരണ പുനരാരംഭിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. 2008 നവംബര്‍ 26 നുണ്ടായ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രണത്തിനിടെ പിടിയിലായ അജ്മല്‍ കസബിനെ ഇന്ത്യ പിന്നീട് തൂക്കിലേറ്റി.