ശ്രീ ശ്രീ രവിശങ്കറിന് കോടതിയലക്ഷ്യ നോട്ടീസ്‌

ദേശീയ ഹരിത ട്രൈബ്യൂണലാണ് നോട്ടീസയച്ചത്‌
Posted on: April 27, 2017 7:32 pm | Last updated: April 27, 2017 at 7:33 pm

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണല്‍
കോടതിയലക്ഷ്യ നോട്ടീസയച്ചു. യമുനാ നദീതീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തിയ മൂന്ന് ദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാറും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് ഉത്തരവാദികളെന്ന പ്രസ്താവനയുടെ പേരിലാണ് നടപടി. കേസില്‍ അടുത്ത വാദം നടക്കുന്ന മെയ് ഒമ്പതിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്വതന്തര്‍ കുമാറാണ് നോട്ടീസ് നല്‍കിയത്. രവിശങ്കറിനെതിരെ നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ മനോജ് മിശ്ര നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രവിശങ്കറിന് നോട്ടീസ് അയച്ചത്. ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന നീതിനിര്‍വഹണത്തിലുളള വ്യക്തമായ ഇടപെടലാണെന്നും ട്രൈബ്യൂണലിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും ട്രൈബ്യുണല്‍ വിമര്‍ശിച്ചു.