Connect with us

Kerala

ചാനലുകളിലെ വൈകുന്നേരത്തെ ചര്‍ച്ചകള്‍ക്കെതിരെ മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയെന്നും ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. എന്നാല്‍ , സമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി തുടര്‍ന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…….

വികസനകാര്യങ്ങളില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്ക് എത്രയാണ്? മാധ്യമം എന്നത് ഒരു വിവാദാധിഷ്ഠിതവ്യവസായം മാത്രമായാല്‍ മതിയോ?
കഴിഞ്ഞ ദിവസം മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തപ്പോള്‍ ഈ സന്ദേഹം ഉയര്‍ത്തിയിരുന്നു.
ഈ വിഷയത്തില്‍ സജീവമായ ചര്‍ച്ച പൊതു സമൂഹത്തില്‍ ഉയരേണ്ടതുണ്ട്. മാധ്യമ രംഗത്തുണ്ടായ അനാരോഗ്യകരമായ മത്സരമാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
വൈകുന്നേരങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയം ഉണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ട്. ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നാണു സങ്കല്‍പം. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല എന്നതാണ് ഇന്നത്തെ സ്ഥിതി. എന്നാല്‍ , സമൂഹം ഇത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കണം.
സമൂഹത്തിന് എന്തെങ്കിലും വിവരമോ വിജ്ഞാനമോ ആശയവ്യക്തതയോ പ്രദാനം ചെയ്യാത്ത ചര്‍ച്ചകള്‍ കാണാന്‍ എന്തിനു നേരം പാഴാക്കണം എന്ന ചിന്ത പലരും പങ്കുവയ്ക്കുന്നുണ്ട്. ഈ തിരിച്ചറിവ് വ്യാപകമാകുന്നതോടെ ഈ ചര്‍ച്ചകള്‍ കാണാന്‍ ആളില്ലാത്ത സ്ഥിതിയാണുണ്ടാവുക. ആ പ്രവണതയ്ക്ക് ഇതിനകംതന്നെ തുടക്കമായിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും.
സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ആ വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ പാനലുകള്‍ കണ്ടെത്തി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ ഗുണപരമായ മെച്ചമുണ്ടാകും. ചാനലുകള്‍ ആ വഴിക്കു കൂടി ചിന്തിക്കേണ്ടതുണ്ട് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
അധികാര സ്ഥാനത്തുള്ളവരെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ, മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ കൈവിടാത്ത രീതിയാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ നിന്ന് അതിനു നേര്‍വിപരീതമായ അനുഭവമാണുണ്ടായത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാലിക്കേണ്ട അതിരുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടവര്‍ സ്വയം അതിരു വിടുന്നുണ്ടോ എന്ന ആത്മപരിശോധനയില്‍ നിന്ന് വിട്ടു നില്‍ക്കരുത്.

Latest