കണ്ണമംഗലത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ലീഗും സമവായത്തില്‍

Posted on: April 27, 2017 2:34 pm | Last updated: April 27, 2017 at 2:34 pm

വേങ്ങര: ഉപ തിരഞ്ഞെടുപ്പ് ഭരണ പക്ഷത്തിന് ഭീഷണി ഉയര്‍ത്തിയ കണ്ണമംഗലത്ത് ഭരണം നിലനിര്‍ത്താനുള്ള മുസ്‌ലിം ലീഗ് തന്ത്രം ഫലം കാണുന്നു. ലീഗും കോണ്‍ഗ്രസും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കാന്‍ ധാരണ. കഴിഞ്ഞ തദ്ദേശ തിരഞെടുപ്പില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ജനതാദള്‍ (യു)വും ഉള്‍പ്പെടുന്ന യു ഡി എഫും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍കൊള്ളുന്ന ജനകീയ മുന്നണിയും തമ്മിലാണ് മത്സരിച്ചിരുന്നത്.

ഇരുപതംഗ പഞ്ചായത്തില്‍ ഭരണ പക്ഷത്തിന് പതിനൊന്നും ജനകീയ മുന്നണിക്ക് ഒന്‍പത് അംഗങ്ങളുമാണ് വിജയിച്ചത്. പീഡന സംഭവവുമായി ബന്ധപ്പട്ട് ലീഗിലെ ഒരു വനിതാ അംഗം രാജിവെച്ചതിനെ തുടര്‍ന്ന് ഒന്നാം വാര്‍ഡില്‍ അടുത്ത പതിനേഴിന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വാര്‍ഡില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥി വിജയിച്ചാല്‍ അംഗ ബലം തുല്ല്യമാവും. ഇതോടെ മുസ്‌ലിം ലീഗിന് ഭരണം നഷ്ടപ്പെടാനും ഇടയാവുമെന്നതോടെയാണ് ലീഗും കോണ്‍ഗ്രസും തമ്മില്‍ മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നത്. ജനകീയ മുന്നണിക്കുള്ള ഒന്‍പത് അംഗങ്ങളില്‍ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധികളാണ്. ലീഗും കോണ്‍ഗ്രസും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ ഭരണം സുരക്ഷിതമാക്കിയിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പഞ്ചായത്ത് ഭരണം നഷ്ട്ടപ്പെടുകയും ചെയ്താല്‍ പീഡന വിഷയത്തില്‍ ഭരണ മാറ്റം സംഭവിച്ചെന്ന വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാനുള്ള അവസരം കൂടെ തടയാന്‍ ഐക്യ ശ്രമം കൊണ്ട് ലീഗ് നേതൃത്വത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
കെ പി സി സി നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ മുന്നണി ബന്ധം പുന:സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. പഞ്ചായത്ത് ഭരണ സമിതിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനും ധാരണയായതായാണ് വിവരം. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പി കെ സിദ്ദീഖ് , സി ബാലന്‍ മാസ്റ്റര്‍, കെ മജീദ് മാസ്റ്റര്‍ എന്നിവരും മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് ടി കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ചാക്കീരി അബ്ദുല്‍ ഹഖ്, പുള്ളാട്ട് കുഞ്ഞാലസ്സന്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേ സമയം ഉപ തിരഞ്ഞെടുപ്പോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയില്‍ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് യോജിക്കുന്ന സംവരണ വിഭാഗത്തെയാണ് മത്സരത്തിന് രംഗത്തിറക്കിയിരിക്കുന്നത്.