എസ് എസ് എല്‍ സി മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: എസ് എസ് എല്‍ സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാകും. ആകെ 54 ക്യാമ്പുകളില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക് വിവരങ്ങളുടെ സൂക്ഷ്മ പരിശോധന 29ന് അവസാനിക്കും. തുടര്‍ന്ന് തീയറി മാര്‍ക്കിനൊപ്പം ഐടി, നിരന്തരമൂല്യനിര്‍ണയം, ഗ്രേസ് എന്നീ വിഭാഗങ്ങളിലുള്ള മാര്‍ക്കുകൂടി ചേര്‍ക്കും. ഫലപ്രഖ്യാപനം മെയ് നാലിന് പരീക്ഷാബോര്‍ഡ് തീരുമാനിക്കുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. ലാല്‍ അറിയിച്ചു. പൂര്‍ത്തിയായതിനെ തുടര്‍ന്ന് 24 ക്യാമ്പുകള്‍ ഇന്നലെ അടച്ചു. ഹര്‍ത്താലും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയും കൊണ്ട് കാലതാമസം നേരിട്ട ബാക്കി ക്യാമ്പുകളാണ് ഇന്ന് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നുതന്നെ പരീക്ഷാ ഭവന്റെ സെര്‍വറിലേക്ക് മാര്‍ക്കുകള്‍ അപ് ലോഡ് ചെയ്യുകയാണ്. ഓരോ മാര്‍ക്കും രണ്ട് തവണ അപ്‌ലോഡ് ചെയ്യും. ആദ്യ എന്‍ട്രിയും രണ്ടാമത്തെ എന്‍ട്രിയിലെയും മാര്‍ക്കുകളില്‍ വ്യത്യാസം കണ്ടാല്‍ കമ്പ്യൂട്ടര്‍ തന്നെ അപാകത കാണിക്കും. മാര്‍ക്ക് ഷീറ്റുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് പരീക്ഷ ഭവനില്‍ എത്തിച്ച് പരിശോധിക്കും. ശേഷം പരീക്ഷ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് മോഡറേഷന്‍ ആവശ്യെമങ്കില്‍ തീരുമാനമെടുക്കുകയും അന്തിമഫലത്തിന് അംഗീകാരം നല്‍കുകയും ചെയ്യണം. തുടര്‍ന്നായിരിക്കും ഫലപ്രഖ്യാപനം. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം അവസാന ഘട്ടത്തിലാണ്. പ്ലസ് ടുവിന്റേത് 90 ശതമാനവും പൂര്‍ത്തിയായി. എന്‍ജിനീയറിംഗ് എന്‍ട്രന്‍സിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത് സ്് എന്നീ വിഷയങ്ങള്‍ക്കുള്ള ഇരട്ടമൂല്യനിര്‍ണയം മാത്രമാണ് അവശേഷിക്കുന്നത്. 15 മൂല്യനിര്‍ണയ ക്യാമ്പുകളിലായി ഇത് അവസാനഘട്ടത്തിലാണ്. പ്ലസ് വണ്‍ മൂല്യനിര്‍ണയമാണ് ഇനിയും ഏറെ പൂര്‍ത്തിയാകാനുള്ളത്. മെയ് 15നകം ഫലപ്രഖ്യാപനം നടക്കും.
Posted on: April 27, 2017 6:34 am | Last updated: April 27, 2017 at 10:56 am