പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

Posted on: April 26, 2017 4:52 pm | Last updated: April 26, 2017 at 5:58 pm

ഭോപ്പാല്‍: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. പൈലറ്റ് രഞ്ജന്‍ ഗുപ്ത, വിദ്യാര്‍ഥിയായ ശിവാനി എന്നിവരാണ് മരിച്ചത്. രാജീവ് ഗാന്ധി നാഷണല്‍ ഫ്‌ളൈയിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്.
മഹാരാഷ്ട്രയിലെ ഗോണ്ടിയക്കടുത്ത വൈന്‍ഗംഗ നദിയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. 9.05നാണ് വിമാനം പുറപ്പെട്ടത്. പിന്നീട് മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് സുരക്ഷിതമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് കരുതുന്നു. സംഭവത്തില്‍ ഖൈര്‍ലംഗി പോലീസ് അന്വേഷണം തുടങ്ങി. 2013ലും ഇതേ സ്ഥാപനത്തില്‍ നിന്ന് പുറപ്പെട്ട വിമാനം മധ്യപ്രദേശിലെ ചിന്ദ് വാരയില്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചിരുന്നു.