മൂന്നാര്‍: പെമ്പിളൈ ഒരുമൈയും നീലകണ്ഠനും നിരാഹാരത്തില്‍

Posted on: April 26, 2017 9:18 am | Last updated: April 26, 2017 at 9:18 am
മൂന്നാറിലെ സമരപ്പന്തലില്‍ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി ആര്‍ നീലകണ്ഠനും നിരാഹാര സമരത്തില്‍

തൊടുപുഴ: മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഇന്നലെ നിരാഹാര സമരം തുടങ്ങി. ഇന്ന് മുതല്‍ രാജേശ്വരിയും നിരാഹാരമിരിക്കും. ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി ആര്‍ നീലകണ്ഠനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരത്തില്‍ ചേര്‍ന്നു. തോട്ടം തൊഴിലാളികള്‍ വിട്ടു നില്‍ക്കുന്നത് സമരത്തിന്റെ ആവേശം കെടുത്തുന്നു.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പ്രാദേശിക നേതാക്കളാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്. സമരപ്പന്തലിനടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ ഒ ബി വാന്‍ പാര്‍ക്ക് ചെയ്തത് സി ഐ ടിയു തൊഴിലാളികള്‍ ഇടപെട്ട് നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
മൂന്നാര്‍ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സി പി എമ്മിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസത്തെ പോലീസ് അതിക്രമത്തിനിടെ പരിക്കേറ്റ രാജേശ്വരിയുടെ മൊഴിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ മൂന്നാര്‍ എസ് ഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൊഴിയെടുത്തിട്ടില്ല. ഇന്ന് ഉമ്മന്‍ ചാണ്ടി മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി കൈയേറ്റ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തും. മൂന്നാറില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.