ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്ക് ‘ആധാര്‍’

Posted on: April 25, 2017 3:42 pm | Last updated: April 25, 2017 at 6:02 pm

റാഞ്ചി: പശുക്കള്‍ക്ക് ആധാറിന് സമാനമായ രീതിയില്‍ പന്ത്രണ്ടംഗ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന പദ്ധതിക്ക് ഝാര്‍ഖണ്ഡില്‍ തുടക്കം. ഇതിന്റെ ഭാഗമായി പന്ത്രണ്ടായിരം പശുക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ ഘടിപ്പിച്ചു. അനധികൃതമായ പശുക്കടത്ത് തടയുക, പശുക്കളുടെ ആരോഗ്യം നിരീക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ കൊണ്ടുവരുമെന്ന് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന കന്നുകാലിക്കടത്ത് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പശുവിന്റെ പ്രായം, പാലുത്പാദനം, ഉയരം, നിറം, ഉടമയുടെ പേര് തുടങ്ങിയ കാര്യങ്ങള്‍ ഏകീകൃത നമ്പറിലൂടെ മനസ്സിലാകും. ഝാര്‍ഖണ്ഡിലെ റാഞ്ചി, ഹസാരിബാഗ്, ധന്‍ബാദ്, ബൊകാറോ, ജംഷഡ്പൂര്‍, ദിയോഗഢ്, ഗിരിദിഹ്, ലൊഹാര്‍ദാഗ എന്നീ എട്ട് ജില്ലകളിലാണ് പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. മൃഗങ്ങളുടെ വിവരശേഖരണം നടത്തുന്ന കേന്ദ്ര ഏജന്‍സിയായ ഐ എന്‍ എ പി എച്ചിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പന്ത്രണ്ടംഗ നമ്പര്‍ അടങ്ങിയ ടാഗ് പശുവിന്റെ ചെവിയില്‍ വെക്കും. പശുവിന്റെ എല്ലാ വിവരങ്ങളും ഈ നമ്പര്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഝാര്‍ഖണ്ഡില്‍ 42 ലക്ഷം കന്നുകാലികളാണുള്ളത്. ഇതില്‍ എഴുപത് ശതമാനവും പശുക്കളാണ്.