പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted on: April 25, 2017 1:09 pm | Last updated: April 25, 2017 at 3:40 pm

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം ബാനറുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം മുഴക്കി.

വ്യക്തിപരമായ വിശദീകരണത്തിന് അവസരം നല്‍കിയതോടെയാണ് പ്രതിപക്ഷം ബഹളംവെച്ചത്. സഭയുടെ കീഴ്‌വഴക്കം സ്പീക്കര്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസ്സിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി.

സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയില്‍ കറുത്ത ബാനര്‍ ഉയര്‍ത്തി. ഇത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ, എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ബഹളത്തെ തുടടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. എം എം മണി രാജിവെക്കും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് ചര്‍ച്ചയിലും പ്രതിപക്ഷം അറിയിച്ചത്.