Connect with us

Articles

തമിഴ് രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍

Published

|

Last Updated

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എല്ലാ കാലത്തും ഒരു വേറിട്ട മുഖം പ്രദര്‍ശിപ്പിച്ച് തന്നെയാണ് തമിഴ് രാഷ്ട്രീയം കടന്ന് പോയിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ പാതയില്‍ കോണ്‍ഗ്രസ്സുണ്ടാക്കിയ ജനസമ്മിതിയുടെ പിന്‍ബലത്തില്‍ അവര്‍ക്ക് സ്വാതന്ത്രാനന്തരം ഇരുപത് വര്‍ഷക്കാലം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ തുടരാനായി. എന്നാല്‍ 1967ന് ശേഷം ഇന്നോളം ദ്രാവിഡ രാഷ്ട്രീയത്തെ മറികടന്ന് അധികാരത്തിലേറാന്‍ കോണ്‍ഗ്രസ്സിനായിട്ടില്ല. കോണ്‍ഗ്രസ്സിന് സാധിക്കാതെ പോയത് ബി ജെ പി നേടുമോ എന്ന ചോദ്യം തന്നെയാണ് എല്ലാ ഭാഗത്ത് നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുന്‍ കാലങ്ങളിലെന്ന പോലെ ശക്തമായൊരു നേതൃത്വത്തിന്റെ അഭാവം ദ്രാവിഡ രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എ ഐ എ ഡി എം കെയുടെ അമരത്ത് ഇനി “അമ്മ”യില്ലെന്നതും ഡി എം കെയെ നയിക്കേണ്ടിയിരുന്ന കരുണാനിധി പ്രായാധിക്യത്താല്‍ രാഷ്ട്രീയ വനവാസത്തിലേക്ക് ചേക്കേറിയെന്നതും തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രസക്തിയെ തന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്. അമ്മയുടെ സ്ഥാനത്തേക്ക് തോഴി ശശികലയേയും കരുണാനിധിയുടെ സ്ഥാനത്തേക്ക് മകന്‍ സ്റ്റാലിനേയും മനസ്സില്‍ കണ്ടവര്‍ പോലും നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നേതൃത്വ മാറ്റമുണ്ടാവുമോ എന്ന് സംശയിക്കുന്നു. ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി എം കെയിലുണ്ടായ ആഭ്യന്തര കലഹവും തുടര്‍ന്ന് നടന്ന് വരുന്ന സമവായ ചര്‍ച്ചകളുമൊക്കെ ശശികലയുടെ രാഷ്ട്രീയ ചരമത്തിന് വഴിയൊരുക്കുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് പളനി സ്വാമി മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീര്‍ശെല്‍വം പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജയലളിതയുടെ വിടവില്‍ “അമ്മ” സ്ഥാനം സ്വപ്‌നം കണ്ട തോഴി ശശികലക്ക് കിട്ടുന്ന കനത്ത തിരിച്ചടി തന്നെയായിരിക്കും പനീര്‍ശെല്‍വത്തിന്റെ തിരിച്ചുവരവ്.
ഇനി ഡി എം കെയുടെ സാഹചര്യം വിലയിരുത്താം. അണ്ണാദുരൈയുടെ മരണത്തോടെ ഡി എം കെയെ ഇന്നോളം നയിച്ച കരുണാനിധി തൊണ്ണൂറുകള്‍ കടന്ന തന്റെ പ്രായാധിക്യ തിരിച്ചറിവില്‍ രാഷ്ട്രീയ വനവാസത്തിനൊരുങ്ങുകയാണ്. മകന്‍ സ്റ്റാലിനെ മുന്നില്‍ നിര്‍ത്തി തന്റെ പാര്‍ട്ടിയെ നയിക്കാനുള്ള തത്രപ്പാടിലാണ് കരുണാനിധി. കനിമൊഴിയും രാജയുമടങ്ങുന്ന ഡി എം കെയുടെ നേതൃത്വ നിര ഇന്ത്യ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും വലിയ കുംഭകോണമായ 2ജി സ്‌പെക്ട്രം അഴിമതിയില്‍ കുടുങ്ങിയതോടെയാണ് തമിഴ്‌നാട്ടില്‍ ഡി എം കെയുടെ സ്വാധീനത്തിന് മങ്ങലേല്‍ക്കുന്നത്. അതോടെ അന്ന് വരെ തുടര്‍ന്ന ദ്വിപാര്‍ട്ടി മേധാവിത്വം പോലും ഡി എം കെക്ക് അടിയറവ് വെക്കേണ്ടി വന്നു. 2011ല്‍ ഡി എം കെയെ അടിയറവ് പറയിപ്പിച്ച് അധികാരത്തിലേറിയ അമ്മയും സംഘവും അഴിമതി ആരോപണമുണ്ടായിട്ട് പോലും 2016ലും ജയിച്ച് കയറി അധികാരത്തില്‍ തുടര്‍ന്നത് കരുണാനിധിയുടെ പാര്‍ട്ടിക്ക് വലിയ ക്ഷീണം തന്നെയായിരുന്നു. സ്വത്ത് സമ്പാദന കേസില്‍ കോടതി വിധിയെ തുടര്‍ന്ന് അഴിക്കുള്ളിലായ ജയലളിത മോചന ശേഷവും ജയിച്ച് അധികാരത്തിലേറിയത് തമിഴര്‍ അമ്മയോടൊപ്പമെന്ന വിശ്വാസത്തെ ബലപ്പെടുത്തി. ഈ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ നിലവിലെ അമ്മയുടെ വിടവില്‍ സ്റ്റാലിന്റെ നേതൃത്തിനായാല്‍ ഡി എം കെയുടെ തിരിച്ചുവരവിന് തന്നെ അത് വഴിയൊരുക്കും. എന്നാല്‍ അമ്മയുടെ വിരഹം സമ്മാനിച്ച സഹതാപ തരംഗം പനീര്‍ശെല്‍വവും സംഘവും ആയുധമാക്കിയാല്‍ സ്റ്റാലിനും സംഘത്തിനും അത് വലിയ ഭീഷണി ഉയര്‍ത്തും. ദേശീയ രാഷ്ട്രീയത്തില്‍ വെല്ലുവിളി നേരിടുന്ന കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധവും ഡി എം കെയുടെ ഭാവി നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയേക്കാം.

അമ്പത് വര്‍ഷക്കാലമായി തുടരുന്ന ഈ ദ്വി പാര്‍ട്ടി മേധാവിത്വത്തിന് തുരങ്കം വെക്കാന്‍ മോദി നേതൃത്വം നല്‍കുന്ന സംഘ പരിവാര രാഷ്ട്രീയത്തിനാവുമോ എന്നതാണ് ഏവരും ആശങ്കയോടെ ഉറ്റ് നോക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യതിരിക്തമായ രാഷ്ട്രീയ ചരിത്രമുള്ള തമിഴ്‌നാട്ടില്‍ മോദിയും സംഘവും ഏത് രീതിയിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. പിന്‍വാതിലിലൂടെയുള്ള മുന്നണി രാഷ്ട്രീയമാണോ അതോ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള നിരീക്ഷണ രാഷ്ട്രീയമാണോ ബി ജെ പി തമിഴ്‌നാട്ടില്‍ പ്രയോഗിക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല.
രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ അധികാരത്തിലേറാനുള്ള ശ്രമങ്ങളും ബി ജെ പിയുടെ ഭാഗത്ത് നിന്ന് ഇതിനോടകം ഉണ്ടായെന്ന ശ്രുതികളും ഉയര്‍ന്ന് കേട്ടിരുന്നു. ജന സ്വാധീനമുള്ള ഒരു നേതാവിനെ തമിഴ്‌നാട്ടില്‍ ഉയര്‍ത്തി കാണിക്കാന്‍ ബി ജെ പിക്ക് ഇതുവരെ സാധിക്കാത്ത സ്ഥിതിക്ക് മോദി പ്രഭാവം മാത്രം പ്രചാരണായുധമാക്കി നേരിട്ടൊരു പടപ്പുറപ്പാടിന് അമിത്ഷായുടെ പാളയത്തില്‍ നിന്ന് ഗ്രീന്‍ സിഗ്‌നലുണ്ടാകില്ല. ഹിന്ദി ഭാഷയോടുള്ള എതിര്‍പ്പും ഉത്തരേന്ത്യന്‍ മേധാവിത്വത്തോടുള്ള വൈമനസ്യവും കെട്ടടങ്ങാത്ത തമിഴര്‍ക്കിടയിലേക്ക് ഇതിന്റെ പര്യായ ഭാവമുള്ള ബി ജെ പിക്ക് നേരിട്ടൊരു അരങ്ങേറ്റം ഒട്ടും എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും യു പി പോലുള്ള പ്രാദേശിക രാഷ്ട്രീയത്തിന്റെ മണ്ണില്‍ ബി ജെ പി നേടുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ വിജയം തമിഴ്‌നാട്ടിലെ പ്രദേശിക പാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണും നട്ടാണ് അമിത് ഷാ തമിഴ്‌നാട്ടില്‍ കരുക്കള്‍ നീക്കുന്നത്. ഇതിന്റെ ഭാഗമായാണ് മോദി നിരന്തരം തമിഴ് ജനതയോട് സംവദിക്കുന്നത്. സുപ്രീം കോടതിയുടെ വിലക്ക് ഭീഷണിയില്‍ നിന്ന് ജെല്ലിക്കെട്ടിനെ രക്ഷിക്കാന്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതും ഇതേ ലാക്കോടെ തന്നെ.
അത്‌കൊണ്ട് തമിഴ് രാഷ്ട്രീയം ഇനി എങ്ങോട്ടെന്ന ചോദ്യത്തിന് ഭൂരിപക്ഷ വര്‍ഗീയതയും പ്രാദേശിക തീവ്രതയും തമ്മില്‍ നടക്കുന്ന സംഘട്ടനത്തില്‍ അന്തിമ വിജയം നേടുന്നവര്‍ക്കൊപ്പമെന്ന ഉത്തരമാകും ലഭിക്കുക. പനീര്‍ശെല്‍വത്തിന് ഇത്ര വിലപേശല്‍ ശക്തി എവിടെ നിന്ന് കിട്ടുന്നുവെന്ന ചോദ്യം കൂടി ചോദിക്കണം. പനീര്‍ശെല്‍വത്തിലൂടെ ബി ജെ പിയാണ് കളിക്കുന്നത്രേ. അങ്ങനെയെങ്കില്‍ അത് അപകടകരമായ നിലയിലേക്കാവും നീങ്ങുക.

 

---- facebook comment plugin here -----

Latest