Connect with us

Kannur

മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ നിയമം ഉടന്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് വിപണനം നടത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാന്‍ പുതിയ ബില്‍ വരുന്നു. ഉപഭോക്താക്കള്‍ക്ക് നല്ല മത്സ്യം ലഭിക്കുന്നതിനും മത്സ്യത്തൊഴിലാൡകള്‍ക്ക് ഗുണകരമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനുമുള്‍പ്പടെയുള്ള പദ്ധതികളടങ്ങുന്ന പുതിയ ബില്‍ നടപ്പു നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതിനായി മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോഴിക്കോട്, എറണാകുളം മേഖലകളിലായി നടത്തിയ വിവരശേഖരണ ശില്‍പ്പശാലകള്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം 28ന് നടക്കുന്ന സംസ്ഥാന ശില്‍പ്പശാല പൂര്‍ത്തിയാകുന്നതോടെ ബില്ലിന്റെ കരടിന് രൂപമാകും. സംസ്ഥാനത്തെ പ്രധാന ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും നല്ല മത്സ്യം വിപണനം ചെയ്യാനും സംവിധാനം വേണമെന്നുള്ള ആവശ്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു. സംസ്ഥാനത്ത് വില്‍ക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ഇപ്പോള്‍ വീണ്ടും ശക്തമായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കൊങ്കണ്‍, രത്‌നഗിരി, തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും തീരപ്രദേശങ്ങള്‍, തൂത്തുക്കുടി തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ മത്സ്യമെത്തുന്നത്. ഏതുകാലാവസ്ഥയിലും ഇത്തരം മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാന്‍ വ്യാപകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സറുള്‍പ്പെടെ മാരക രോഗങ്ങള്‍ പിടിപെടാന്‍ കാരണമായേക്കുന്ന രാസലായനികള്‍ മത്സ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. തിളങ്ങുന്ന പുതിയ മത്സ്യമെന്നു തോന്നിക്കാന്‍ ഐസിനോടൊപ്പം സോഡിയം ബെന്‍സോയിഡുള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായും അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും പിടിച്ചെടുക്കാന്‍ ഇപ്പോഴും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ സംവിധാനമില്ല. ഇത്തരം മത്സ്യങ്ങളെ കണ്ടെത്താന്‍ ചെക്ക് പോസ്റ്റുകളില്‍ തന്നെ പരിശോധന ഉള്‍പ്പടെയുളളവ നടപ്പാക്കുന്നതിനാണ് ഫിഷറീസ് വകുപ്പ് തയ്യാറെടുക്കുന്നത്. മത്സ്യ മാര്‍ക്കറ്റുകളിലെ ശുചീകരണം ഉറപ്പുവരുത്തുന്നതിനും കര്‍ശന നടപടി വേണമെന്ന് ബില്ലിനു മുന്നോടിയായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

 

Latest